ആഴ്സനലിനായി കൈയടി നേടി ഓസില്‍

Update: 2018-10-23 15:38 GMT

ലണ്ടന്‍: നായകന്‍ മെസൂദ് ഓസില്‍ നിറഞ്ഞാടിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ലെസ്റ്ററിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ 10ാം ജയവുമായി ആഴ്‌സനല്‍. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം എതിര്‍ പോസ്റ്റിലേക്ക് മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റിയാണ് ആഴ്‌സനല്‍ വിജയനൃത്തമാടിയത്. ഇന്നലെ പകരക്കാരനായിറങ്ങിയ ഗബോണ്‍ താരം പിയറി എമെറിക് ഓബമെയാങ് ഇരട്ടഗോളുമായി തകര്‍ത്ത് കളിച്ചെങ്കിലും നായകന്‍ മെസൂദ് ഓസിലായിരുന്നു എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ റിയല്‍ ഹീറോ. ഒരു ഗോള്‍ അടിക്കുകയും രണ്ട് ഗോളുകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തതോടെയാണ് ഇന്നലെ ഗ്യാലറിയിലിരുന്ന ആഴ്‌സനല്‍ ആരാധകരില്‍ നിന്നും ഓസില്‍ അഭിനന്ദനം അര്‍ഹിച്ചത്.
പന്തടക്കത്തിലും ഗോളുതിര്‍ക്കുന്നതിലും ആധിപത്യം പുലര്‍ത്തിയ ആഴ്‌സനല്‍ ലക്കസാറ്റെയെ മുന്നില്‍ നിര്‍ത്തി 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ 3-4-1-2 എന്ന ഫോര്‍മാറ്റാണ് ലെസ്റ്റര്‍ സിറ്റി സ്വീകരിച്ചത്.
എങ്കിലും കളിയില്‍ ലെസ്റ്റര്‍സിറ്റി ആയിരുന്നു മികച്ച രീതിയില്‍ തുടങ്ങിയത്. ഒടുവില്‍ 31ാം മിനിറ്റില്‍ ലെസ്റ്ററിന് അതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. ആഴ്‌സനലിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ ഹെക്ടര്‍ ബെല്ലെറിന്റെ സെല്‍ഫ് ഗോളില്‍ ആഴ്‌സനലിനെ ഞെട്ടിച്ച് ലെസ്റ്റര്‍ മുന്നിട്ടു നിന്നു. ഒരു ഗോളിന് പിറകില്‍ ആയപ്പോള്‍ ആഴ്‌സനല്‍ ഉണര്‍ന്നു കളിക്കുന്നതാണ് കണ്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് അതി സുന്ദരമായ നീക്കത്തിലൂടെ ഓസില്‍ ആഴ്‌സനലിനെ മുന്നിലെത്തിച്ചു. അതോടെ മല്‍സരം 1-1 സമനിലയില്‍. സമനിലയോടെ തുടങ്ങിയ രണ്ടാം പകുതിയിലെ 61ാം മിനിറ്റില്‍ കോച്ച് ഉനായ് എമെറി ആഴ്‌സനലില്‍ നിര്‍ണായക മാറ്റം വരുത്തി. ലാക്ക്‌സ്റ്റെയ്‌നറിന് പകരം ഗബോണ്‍ താരം ഓബ്‌മെയാങിനെ ഇറക്കി ആഴ്‌സനല്‍ കോച്ച് പരീക്ഷിച്ചു. ഇതിന് ഫലമായി രണ്ട് മിനിറ്റിനകം ഓബ്‌മെയാങ് തന്റെ ആദ്യ ഗോളും ടീമിന്റെ ലീഡ് ഗോളും നേടി. ബെല്ലറിന്റെ പാസില്‍ നിന്നായിരുന്നു ഓബമയങ്ങിനെ ഗോള്‍. പക്ഷെ ആ ഗോളിലും തിളങ്ങിയത് ഓസില്‍ ആയിരുന്നു. ബെല്ലറിന് ഓസില്‍ നല്‍കിയ പാസ് എതിരാളികള്‍ പോലും കയ്യടിച്ചു പോകുന്ന തരത്തിലുള്ള ഒന്നായിരുന്നു.
മൂന്ന് മിനിറ്റ്് കഴിഞ്ഞ് വീണ്ടും ഒരു ഓസില്‍ അത്ഭുതം കണ്ടു. ഇത്തവണ ഓബ്മയങ്ങിന്റെ രണ്ടാം ഗോളിന് അസിസ്റ്റ് ഒരുക്കിയായിരുന്നു ഓസില്‍ മിന്നിയത്. ഇന്നത്തെ ജയത്തോടെ ആഴ്‌സണല്‍ തുടര്‍ച്ചയായ പത്താം ജയം പൂര്‍ത്തിയാക്കി. ഇതോടെ ആഴ്‌സനല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒമ്പത് കളികളില്‍ ഏഴ് ജയമുളള ആഴ്‌സനലിന് 21 പോയിന്റാമുളളത്.
Tags:    

Similar News