അസമിലെ നെല്ലി കൂട്ടക്കൊലയ്ക്ക് 36 വയസ്സ്; ആറു മണിക്കൂര്‍ കൊണ്ട് കൊന്നുതള്ളിയത് 1800 മുസ്‌ലിംകളെ...!
Assam Nellie messacre 36 years
ഗുവാഹത്തി: സ്വതന്ത്ര ഇന്ത്യയിലെ പ്രമാദമായ, വെറും ആറു മണിക്കൂര്‍ കൊണ്ട് 1800 പേരെ മുസ് ലിംകളെ കൊന്നുതള്ളിയ അസമിലെ നെല്ലി കൂട്ടക്കൊലയുടെ ഓര്‍മകള്‍ക്ക് ഫെബ്രുവരി 18ന് 36 വയസ്സ് പിന്നിട്ടു. അന്ന് ബംഗ്ലാദേശില്‍നിന്നു അനധികൃതമായി കുടിയേറിയവരെന്നും വിദേശികളെന്നും പറഞ്ഞ് രക്തപ്പുഴ ഒഴുക്കിയവര്‍ ഇന്ന് ഇതേ വാദം ഉന്നയിച്ച് ലക്ഷക്കണക്കിന് പേരെയാണ് ദേശീയ പൗരത്വ പട്ടികയുടെ പേരില്‍ പുറംതള്ളാനൊരുങ്ങുന്നത്. ഫാഷിസം തങ്ങളുടെ പതിവുശൈലിയില്‍ നെല്ലി കൂട്ടക്കൊലയെയും മറവിയിലേക്ക് തള്ളാനൊരുങ്ങുമ്പോള്‍ കലാപത്തിലെ ഇരകള്‍ക്ക് ഇന്നും അതൊരു ഭീതിയുയര്‍ത്തുന്ന ദിനങ്ങളാണ്.
അസമിലെ മോറിഗോണ്‍ ജില്ലയിലെ ബോര്‍ബോറി വില്ലേജിലെ ഖൈറുദ്ദീന്‍ 1983 ഫെബ്രുവരി 18നു നടന്ന സംഭവത്തെ ഭീതിയോടെ ഓര്‍ത്തെടുക്കുകയാണ്. ''ഞാനന്ന് രാവിലെ ഏഴു മണിക്ക് ഏഴുന്നേല്‍ക്കുമ്പോള്‍ ചുറ്റും ഒന്നും കാണാനായില്ല. കുടുംബക്കാരൊന്നും വീട്ടിലില്ല. എന്റെ കുട്ടികളെ പോലും കാണുന്നില്ല. ഞാനാകെ ഭയപ്പാടിലായി. അവര്‍ എവിടെയാണ് പോയതെന്ന് ഞാന്‍ ആലോചിച്ചു. സമീപമുള്ള എന്റെ സഹോദരിയുടെ വീട്ടില്‍ പോയിക്കാണുമെന്ന് ധരിച്ചു. പക്ഷേ അവിടെയും ആരും ഉണ്ടായിരുന്നില്ല. എട്ടു മണിയായിക്കാണും. ഒരുകൂട്ടം ആളുകള്‍ വരുന്നത് കണ്ടു. അവര്‍ക്കൊപ്പമൊന്നും എന്റെ കുട്ടികളില്ല. പക്ഷേ, കുടുംബത്തെ കുറfച്ച് ഒരു സൂചനയുമില്ല. ഗ്രാമത്തിലുടനീളം ഒരു ഭ്രാന്തനെ പോലെ ഞാന്‍ തിരഞ്ഞുനടന്നു. ഒടുവില്‍ ആറു വയസ്സുള്ള തന്റെ മകനെ കണ്ടെത്തി-ഇന്നലെയെന്ന പോലെ ഖൈറുദ്ദീന്‍ സംഭവം വിശദീകരിച്ചു. ജനക്കൂട്ടം തന്റെ വീടിന് തീയിട്ടു. തന്റെ മകനെയും കൂട്ടി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ജീവനില്ലാത്ത മകളുടെ ശരീരവുമായി ഓടി. തന്റെ മറ്റു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു നിമിഷം പോലും നില്‍ക്കാനായില്ല. തലയ്ക്ക് ശക്തമായ അടിയേറ്റു. മൂത്തമകനെ കലാപകാരികള്‍ തൂക്കിക്കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇളയ മകന്‍ കോപിലി പുഴയില്‍ മുങ്ങിമരിച്ചു. കേന്ദ്ര റിസര്‍വ് പോലിസ് സേന(സിആര്‍പിഎഫ്) തന്നെയും ഭാര്യയെയും രക്ഷിച്ചു. എന്നാല്‍, പരിക്കേറ്റ ഭാര്യ ജഗ്ഗി റോഡ് പോലിസ് സ്‌റ്റേഷനില്‍ വച്ച് മരിച്ചു. കൃത്യ സമയത്ത് ആവശ്യമായ ചികില്‍സ കിട്ടാത്തതിനാലാണ് അവള്‍ മരിച്ചത്. ഒറ്റ ദിവസം കൊണ്ട് രണ്ട് ആണ്‍ മക്കളെയും ഒരു മകളെയും ഭാര്യയെയും മാതാപിതാക്കളെയും നാലു സഹോദരങ്ങളെയാണ് ഖൈറുദ്ദീനു നഷ്ടമായത്. ഞാന്‍ ഇപ്പോള്‍ എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേല്‍ക്കും. പിന്നെ ഉറങ്ങാനാവുന്നില്ല. ഉറങ്ങാന്‍ വേണ്ടി കണ്ണുകള്‍ അടയ്ക്കുമ്പോള്‍ എന്റെ മക്കളുടെ മുഖമാണ് തെളിഞ്ഞുവരുന്നതെന്ന് ഖൈറുദ്ദീന്‍ പറയുന്നു.
മൂന്നര പതിറ്റാണ്ട് പിന്നിട്ടെങ്കിലും നെല്ലി കൂട്ടക്കൊലയുടെ ഭീഭല്‍സ മുഖം നാം മറന്നുപോവരുത്. രാവിലെ എട്ടു മണിക്ക് തുടങ്ങി വൈകീട്ട് മൂന്നു മണിക്ക് അവസാനിച്ച കൂട്ടക്കൊലയില്‍ ഔദ്യോഗിക കണക്കനുസരിച്ച് 1800 പേരാണ് കൊല്ലപ്പെട്ടത്. 3000 മുതല്‍ 5000 വരെ കവിയുമെന്നാണ് അനൗദ്യോഗിക കണക്ക്. നാടന്‍ തോക്കുകളും തീയിടാനുള്ള സാമഗ്രികളുമെല്ലാം കൊണ്ട് പാഞ്ഞടുത്ത കലാപകാരികള്‍ക്കു മുന്നില്‍ മുസ്‌ലിംകള്‍ ഗ്രാമങ്ങള്‍ വിട്ട് പലായനം ചെയ്യുകയായിരുന്നു. പാടങ്ങളെല്ലാം നശിപ്പിച്ചു. വീടുകളും ഉപകരണങ്ങളും തകര്‍ത്തു. ഓടി രക്ഷപ്പെടാനാവാതെ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചുവീണു. പക്ഷേ, നെല്ലി കൂട്ടക്കൊല പൊതുമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഖൈറുദ്ദീനെ പോലുള്ള ചിലരുടെ മനസ്സുകളില്‍ മാത്രമാണ് അതിനെ ഓര്‍മിക്കുന്നത്. കാരണം അവരെ പോലെയുള്ളവര്‍ക്ക് നഷ്ടപ്പെട്ടത് എല്ലാമെല്ലാമായിരുന്നുവല്ലോ.
പല കാരണങ്ങള്‍ പറഞ്ഞാണ് കൂട്ടക്കൊല നടത്തിയത്. അസം ഗണ പരിഷത് എന്ന ഹിന്ദുത്വ സംഘടനയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍(എഎഎസ്‌യു) വിദേശ പൗരന്‍മാരെന്നു പറഞ്ഞ് 1979 മുതല്‍ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. വിദേശത്തു നിന്നുള്ള കുടിയേറ്റം തടയുക, അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യം. 1983 ജനുവരിയില്‍ എഎഎസ്‌യു നേതാക്കളായ പ്രഫുല്ല കുമാര്‍ മഹന്ത ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഫെബ്രുവരി 14, 17, 20 തിയ്യതികളില്‍ അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എഎഎസ്‌യു പോലുള്ള സംഘടനകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. പ്രധാനപ്പെട്ട രണ്ടു പത്രങ്ങളായ അസം ട്രിബ്യൂണും ദൈനിക് അസമും ഇവരെ പിന്തുണച്ചു. തങ്ങളുടെ വാദത്തിന് അനുകൂലമായ വാര്‍ത്തകള്‍ ഇവര്‍ നല്‍കി. വിദേശികളെന്ന പ്രചാരണത്തോടെ അവര്‍ പ്രധാനമായും ലക്ഷ്യമിട്ടത് ബംഗാളി മുസ്‌ലിംകളെയായിരുന്നു. ഇത് മനസ്സിലാക്കിയ മുസ്‌ലികള്‍ ബഹിഷ്‌കരണം തള്ളുകയും ഫെബ്രുവരി 14നു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ചെയ്തു. വോട്ട് ചെയ്തതോടെ തങ്ങളുടെ ഇന്ത്യന്‍ പൗരത്വം കൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു. ഇതാണ് മനുഷ്യത്വരഹിതമായ നെല്ലി കൂട്ടക്കൊലയ്ക്കുണ്ടായ പെട്ടെന്നുണ്ടായ കാരണം.
1983ലെ കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് വിഹാതയായ ജോഹ്‌റ ഖാത്തൂന്‍. കൂട്ടക്കൊലയില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ടു.
നെല്ലി കൂട്ടക്കൊല അലിസിങ, ഖുലപതാര്‍, ബസുന്ധരി, ബദ്ഗുദ ബീല്‍, ബദ്ഗുദ ഹബി, ബൊര്‍ജോല, ബുട്ടുണി, ഇന്ദുര്‍മാരി, മാടി പാര്‍ബത്, മാടി പാര്‍ബത് നമ്പര്‍ 8, മുളധരി, സില്‍ഫേറ്റ, ബൊര്‍ബോറി, നെല്ലി തുടങ്ങിയ 14 ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. ഈ ഗ്രാമങ്ങളിലെല്ലാം ഇപ്പോഴും കൂട്ടക്കൊലയുടെ അവശിഷ്ടങ്ങള്‍ കാണാം. സമീപ ഗ്രാമമായ ടിവ ട്രൈബിലും ബംഗാളി മുസ്‌ലിംകളെ ആക്രമിച്ചിരുന്നു. കലാപകാരികള്‍ ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി വളയുകയായിരുന്നു. ഇതുകാരണം ഓടിരക്ഷപ്പെടാന്‍ പോലും കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുടുംബത്തിലെ 47 പേരെ നഷ്ടപ്പെട്ട ഹാജി സിറാജുദ്ദീന്‍ പറയുന്നു, ഒരു മകള്‍ മാത്രമാണ് എനിക്കു ബാക്കിയായത്. നെല്‍പാടങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. രക്തം ഒഴുകിയതു കാരണം എല്ലായിടത്തും ചുവന്നിരുന്നു. മനുഷ്യത്വമുള്ള ആര്‍ക്കും ചെയ്യാനാവാത്ത കാഴ്ചയായിരുന്നു അത്. സമീപത്തെ കോപിലി പുഴയില്‍ ചാടിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. പുഴയിലും ഒരുപാട് മൃതദേഹങ്ങള്‍ ഒഴുകുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം ഇന്നും ഓര്‍മിക്കുന്നു. കൂട്ടക്കൊലയ്ക്കു ശേഷം രണ്ടാഴ്ച നെല്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലുള്ള അഭയാര്‍ഥി ക്യാംപിലായിരുന്നു താമസിച്ചത്. പിന്നീട് പല സ്ഥലങ്ങളിലേക്കായി മാറ്റി. ആഴ്ചകള്‍ക്കുള്ളില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി സെയില്‍സിങും അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ചു. നഷ്ടപരിഹാരം നല്‍കുമെന്നും അക്രമത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഉറപ്പുനല്‍കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 5000 രൂപ നല്‍കി. പരിക്കേറ്റവര്‍ക്ക് 3000, വീട് പുനര്‍നിര്‍മാണത്തിനായി രണ്ടു കെട്ട് ടിന്‍ ഷീറ്റും നല്‍കി. കൂട്ടക്കൊലയ്ക്ക് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് നഷ്ടപരിഹാരമായി ഇവയെല്ലാം നല്‍കിയത്.
ഇന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും നീതിപീഠവുമെല്ലാം ഒരുപോലെ മറന്നുപോയ നെല്ലി കൂട്ടക്കൊലയില്‍ ആകെ 299 കേസുകളിലായി 688 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുറ്റവാളികള്‍ ആരും തന്നെ വിചാരണ ചെയ്യപ്പെട്ടില്ല. കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയ എഎഎസ്‌യുവിന്റെ രാഷ്ട്രീയ രൂപമായ അസം ഗണ പരിഷത്ത് നേതാവും പിന്നീട് അസം മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മഹന്തയും 1985ലെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും ചേര്‍ന്ന് അസം കൂട്ടക്കൊലയിലെ പ്രതികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തമായ തീരുമാനമായിരുന്നു അത്. 1983ല്‍ തിവാരി കമ്മീഷന്‍ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച് 1984 മെയില്‍ സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. 1983 ജനുവരി മുതല്‍ മാര്‍ച്ച് വരെ 545 പാലങ്ങളും റോഡുകളുമാണ് ആക്രമിക്കപ്പെട്ടത്. നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോയെന്നും കണ്ടത്തി. 290 പോലിസ് വെടിവയ്പും ലാത്തിച്ചാര്‍ജും നടത്തി. പക്ഷേ, റിപോര്‍ട്ട് മേശപ്പുറത്ത് വച്ചില്ല. 600 പേജുള്ള റിപോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പൗരാവകാശ സംഘടനകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ സംഘടിച്ച് 2017ല്‍ ഗുവാഹത്തി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും നഷ്ടപരിഹാരം തേടിയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഹരജി ഫയല്‍ ചെയ്തു. അതിലൊരു പരാതിക്കാരനാണ് ഖൈറുദ്ദീന്‍. പക്ഷേ, എല്ലാ കേസുകളും തള്ളിക്കളഞ്ഞു.