''മുസ് ലിംകളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു; മാവോവാദികളെയും കമ്മ്യൂണിസ്റ്റുകളെയും പിന്തുണച്ചു''- സിദ്ദിഖ് കാപ്പന്‍ 'ഉത്തരവാദ'പ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെ പ്രവര്‍ത്തിച്ചില്ലെന്ന് യുപി പോലിസിന്റെ കുറ്റപത്രം

Update: 2021-10-01 07:02 GMT

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെ പ്രവര്‍ത്തിച്ചില്ലെന്നും റിപോര്‍ട്ട് ചെയ്തില്ലെന്നും ആരോപിച്ച് യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കുറ്റപത്രം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിദ്ദിഖ് കാപ്പന്‍ മുസ്‌ലിംകളെ പ്രകോപിപ്പിക്കാനും എരികേറ്റാനും ശ്രമിച്ചു, മാവോവാദികളെയും കമ്മ്യൂണിസ്റ്റുകളെയും പിന്തുണച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയതത്.

2021 ജനുവരി 23ാം തിയ്യതി തയ്യാറാക്കിയതായി സൂചനയുളള 5,000 പേജുള്ള ബ്രഹത്തായ കുറ്റപത്രമാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മലയാളത്തില്‍ കാപ്പന്‍ എഴുതിയ 36 റിപോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപം, സിഎഎ വിരുദ്ധ പ്രക്ഷോഭം, അയോധ്യയിലെ രാമക്ഷേത്രം, നിസാമുദ്ദീന്‍ മര്‍ക്കസിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍, ഷര്‍ജീല്‍ ഇമാമിനെതിരേയുള്ള കുറ്റപത്രം എന്നിവയെക്കുറിച്ച റിപോര്‍ട്ടുകളാണ് കുറ്റപത്രത്തോടൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്നത്.

അലിഗഢിലെ സിഎഎ പ്രക്ഷോഭം എന്ന പേരില്‍ എഴുതിയ ലേഖനത്തിലെ ഒരു ഭാഗവും കുറ്റപത്രത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. മുസ് ലികളെ യുപി പോലിസ് പീഡിപ്പിക്കുകയാണെന്നും അവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നും ഇത്തരം പരാമര്‍ശങ്ങള്‍ മുസ് ലിംകളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കാപ്പന്റെ എഴുത്ത് വലിയ ശതമാനത്തോളം വര്‍ഗീയമാണ്. കലാപത്തിനിടയില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എഴുതി അവരെ എരികേറ്റാന്‍ ശ്രമിച്ചു. അത് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ്. ചില വാര്‍ത്തകള്‍ മാവോവാദികളെയും കമ്മ്യൂണിസ്റ്റുകളെയും പിന്തുണക്കുന്നതാണെന്നും പോലിസ് ആരോപിക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചാം തിയ്യതിയാണ് കാപ്പനെ അതീഖുര്‍ റഹ്മാന്‍, മസൂദ് അഹ്മദ്, അലം എന്നിവര്‍ക്കൊപ്പം അറസ്റ്റ് ചെയ്തതെങ്കിലും ഈ വര്‍ഷം ഏപ്രിലിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നാല് പേര്‍ക്കുമെതിരേ കോടതി യുഎപിഎ ചുമത്തുകയും ചെയ്തു.

ഹാഥ്രസ് പ്രശ്‌നം ഊതിപ്പെരുപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഹാഥ്രസില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം യുപി പോലിസ് തട്ടിക്കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു. ഇതിനെതിരേ രാജ്യത്തും വിദേശങ്ങളിലും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

വാര്‍ത്താകുറിപ്പുകള്‍ കാപ്പന്റെ ലാപ്‌ടോപ്പില്‍ നിന്നാണ് ലഭിച്ചതെന്നും അത് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും പറയുന്നു.

കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സൈദ്ധാന്തികനാണ്. മലയാളത്തില്‍ ഹിന്ദു വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു. അതു വഴി ഡല്‍ഹി കലാപം ഊതിപ്പെരുപ്പിക്കാന്‍ ശ്രമിച്ചു. അന്‍കിത് ശര്‍മയെന്ന ഐ ബി ഉദ്യോഗസ്ഥന്റെയും കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെയും വാര്‍ത്ത കാപ്പന്‍ റിപോര്‍ട്ട് ചെയ്തില്ല. എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ കലാപത്തിലെ പങ്ക് മറച്ചുവച്ചു. സിമിയുടെ ഭീകരപ്രവര്‍ത്തനത്തെ നിഷേധിച്ചു- കുറ്റപത്രത്തില്‍ പറയുന്നു.

പോലിസ് രണ്ട് ദൃക്‌സാക്ഷികളെയും ഹാജരാക്കിയിട്ടുണ്ട്. കാപ്പനും അതിക് റഹ്മാനും ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കണ്ടവരാണത്രെ അവര്‍.

എസ്‌ഐടിയുടെ അന്വേഷണം നടക്കുമ്പോള്‍ ആരെയും ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. താക്കൂറുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ ഒത്തുചേര്‍ന്നിരുന്നു. ജനക്കൂട്ടത്തിലെ രണ്ട് പേര്‍ കൂടിനിന്നവരോട് പ്രസംഗിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു. അതീഖുര്‍ റഹ്മാനും സിദ്ദിഖ് കാപ്പനുമായിരുന്നു അത്. അവര്‍ സ്വന്തം പേര് എന്നോട് പറഞ്ഞു- ഹാഥ്രസിലെ അടുത്ത ഗ്രാമത്തില്‍ നിന്നുള്ള ഒരു ദൃക്‌സാക്ഷി നല്‍കിയ മൊഴി ഇങ്ങനെയാണ്. രണ്ടാമത്തെ സാക്ഷിയും സമാനമായ മൊഴിയാണ് നല്‍കിയത്.

പറയപ്പെടുന്ന സമയത്ത് കാപ്പനോ മറ്റുള്ളവരോ ഈ പ്രദേശത്തുണ്ടായിരുന്നില്ലെന്നും അവരെ രണ്ട് ദിവസത്തിനു ശേഷം ഹാഥ്രസിലേക്ക് പോകും വഴിയാണ് അറസ്റ്റ് ചെയ്തതെന്നും കാപ്പന്റെ അഭിഭാഷകന്‍ മഥുവന്‍ ദത്ത് വാദിച്ചു. മലയാളത്തിലുള്ള നൂറുകണക്കിന് പേജ് ലേഖനങ്ങളും അവയുടെ തര്‍ജമയും പോലിസ് ഹാജരാക്കിയിട്ടുണ്ട്.

മന്ദ് ടോള്‍ പ്ലാസയിലെ ഇന്‍ ചാര്‍ജ് ഗ്യാനേന്ദ്ര സിങ് സോളങ്കിയാണ് മറ്റൊരു സാക്ഷി. ഹൈവെ പരിശോധനക്കിടയിലാണ് കാപ്പനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതെന്നും ഇരക്ക് നീതി വേണമെന്ന് പറഞ്ഞ അവര്‍ കാറ് നിര്‍ത്താന്‍ തയ്യാറായില്ലെന്നും സോളങ്കി മൊഴി നല്‍കി. 1,717 ലഘുലേഖകള്‍ ഇവരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തെന്ന് കുറ്റപത്രത്തില്‍ സൂചനയുണ്ട്. ഡ്രൈവര്‍ അലത്തെ ഈ ആരോപണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പോപുലര്‍ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ടിന്റെയും സജീവ പ്രവര്‍ത്തകരായ പ്രതികള്‍ നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങമാണെന്നും ഹാഥ്രസില്‍ കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്‌തെന്നുമുള്ള ആരോപണങ്ങള്‍ പലയിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്.

Tags:    

Similar News