കര്‍ണാടകയില്‍ 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി

എന്നാല്‍, സ്പീക്കറുടെ തീരുമാനം നിയമപരമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ബിജെപി നേതാവ് എ എസ് പാട്ടീല്‍ നടഹള്ളി പറഞ്ഞു

Update: 2019-07-28 06:54 GMT

ബെംഗളൂരു: യെദിയൂരപ്പ സര്‍ക്കാരിന്റെ വിശ്വാസവോട്ട് നാളെ നടക്കാനിരിക്കെ 14 വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്നു ജനതാദള്‍(എസ്) എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്. നേരത്തേ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ആകെ എണ്ണം 17 ആയി. ഭൈരതി ബാസവരാജ്, മുനിരത്‌ന, എസ് ടി സോമശേഖര്‍, റോഷന്‍ ബേയ്ഗ്, ആനന്ദ് സിങ്, എം ടി ബി നാഗരാജ്, ബി സി പാട്ടീല്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഡോ. സുധാകര്‍, ശിവരാം ഹെബ്ബാര്‍, ശ്രീമന്ത് പാട്ടീല്‍(കോണ്‍ഗ്രസ്), കെ ഗോപാലയ്യ, നാരായണ ഗൗഡ, എ എച്ച് വിശ്വനാഥ്(ജെഡിഎസ്) എന്നിവരെയാണ് ഇന്ന് രാവിലെ സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിയോടെ നിയമസഭയുടെ അംഗബലം 209 ആയി ചുരുങ്ങി. അയോഗ്യരാക്കപ്പെട്ടതോടെ ഇവര്‍ക്ക് അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്യാനാവില്ല. എന്നാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമായ 104 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്നാണു കരുതുന്നത്.

    നാളെ വിശ്വാസവോട്ട് നേടുമെന്നും ജൂലൈ 31നുള്ളില്‍ പാസാക്കിയില്ലെങ്കില്‍ ഫിനാന്‍സ് ബില്ല് ലാപ്‌സാവുമെന്നും ബി എസ് യെദിയൂരപ്പ തന്നോട് പറഞ്ഞതായി സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കറെന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ നേരിടാന്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതി എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. ഇപ്പോള്‍ ഞാന്‍ തീരുമാനത്തിലെത്തിയെന്നും സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ വികാരാധീനനായി പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് 15ാം നിയമസഭയുടെ കാലാവധി തീരുന്നതു വരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. എന്നാല്‍, സ്പീക്കറുടെ തീരുമാനം നിയമപരമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ബിജെപി നേതാവ് എ എസ് പാട്ടീല്‍ നടഹള്ളി പറഞ്ഞു. എംഎല്‍എമാരുടെ രാജിക്കത്ത് സ്വീകരിക്കുയായിരുന്നു വേണ്ടത്. കര്‍ണാടക രാഷ്ട്രീയത്തിന് ഇന്ന് കറുത്ത ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News