പ്രളയക്കെടുതിയില്‍ അസം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍; 31 മരണം, ദുരിതത്തിലായി ലക്ഷക്കണക്കിനാളുകള്‍
ഹൊജായ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് മുങ്ങി മൂൂന്ന് കുട്ടികളെ കാണാതായി. 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഗുവാഹത്തി: കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് അസം, മേഘാലയ സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 31 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അസമില്‍ 12 പേരും മേഘാലയയില്‍ 19 പേരുമാണ് മരിച്ചത്. അസമിലെ 28 സംസ്ഥാനങ്ങളിലായി 19 ലക്ഷം ആളുകളാണ് പ്രളയക്കെടുതിയിലായത്. സംസ്ഥാനത്ത് മൂന്നൂറോളം ഗ്രാമങ്ങള്‍ പ്രളയദുരിതത്തിലാണ്. ഒരുലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടിയത്. ഹൊജായ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് മുങ്ങി മൂൂന്ന് കുട്ടികളെ കാണാതായി. 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
അടിയന്തരസാഹചര്യം പരിഗണിച്ച് ഗുവാഹത്തിക്കും സില്‍ച്ചാറിനുമിടയില്‍ വിമാന സര്‍വീസും അസം സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മേഘാലയയിലെ ചിറാപ്പുഞ്ചിയില്‍ ഒറ്റ ദിവസം പെയ്തിറങ്ങിയത് 972 മില്ലീമീറ്റര്‍ മഴയാണ്. 122 വര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ ഉയര്‍ന്ന മഴപ്പെയ്ത്താണിത്. കഴിഞ്ഞ ദിവസം രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിലാണു ചിറാപ്പുഞ്ചിയില്‍ പെരുമഴയുണ്ടായത്. 1995നുശേഷമുള്ള റിക്കാര്‍ഡ് മഴയാണിതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലും വന്‍ പ്രളയമുണ്ടായി. 145 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 6 മണിക്കൂറിനുള്ളില്‍ അഗര്‍ത്തലയിലുണ്ടായത്.
ത്രിപുര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തെയും ഇത് ബാധിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ അഗര്‍ത്തലയില്‍ പെയ്ത ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ മഴയാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മേഘാലയയിലെ മൗസിന്റാമിലും ചിറാപുഞ്ചിയിലും 1940 റെക്കോര്‍ഡ് മഴ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രളയസാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ്ല്ലാം അടച്ചിട്ടിരിക്കുകയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ അറിയിച്ചു. അസമില്‍ മൂവായിരത്തോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 43,000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി കരകളും കലുങ്കുകളും റോഡുകളും തകര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ വിളിച്ച് പ്രളയക്കെടുതിയെക്കുറിച്ച് ചോദിക്കുകയും കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ജലവൈദ്യുത പദ്ധതിക്കായി നിര്‍മാണത്തിലിരുന്ന അണക്കെട്ട് സുബന്‍സിരി നദിയില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ മുങ്ങിപ്പോയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ ആളുകളെ രക്ഷപ്പെടുത്തുന്നതിനായി ഗുവാഹത്തിക്കും സില്‍ച്ചാറിനും ഇടയില്‍ അസം സര്‍ക്കാര്‍ പ്രത്യേക വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.