രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ മൂന്നര ലക്ഷത്തിലേക്ക്; മരണം 700 കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി 17.94 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നര ലക്ഷത്തിനടുത്ത് പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. പുതിയ രോഗികള്‍ ഇന്നലെയേക്കാള്‍ 29,722 കൂടുതലാണ്. ഇന്നലെ ഇത് 3.17 ലക്ഷം ആയിരുന്നു. കഴിഞ്ഞ എട്ടുമാസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന പോസിറ്റീവ് നിരക്ക് 17.94 ശതമാനമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. അമേരിക്കയാണ് മുന്നില്‍.
ഇന്ന് രാജ്യത്ത് 703 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനത്തില്‍നിന്നാണ് 17.94 ശതമാനമായി ഉയര്‍ന്നത്. സര്‍ക്കാര്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56 ശതമാനമാണ്. രാജ്യത്ത് സജീവ കേസുകള്‍ 20,18,825 ആയി ഉയര്‍ന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം കേസുകളുടെ 5.23 ശതമാനം സജീവകേസുകളാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,51,777 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,60,58,806 ആയി. നിലവില്‍ 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ആകെ 9,692 പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച മുതല്‍ അതിന്റെ കേസുകളില്‍ 4.36 ശതമാനം വര്‍ധനയുണ്ട്. 29 സംസ്ഥാനങ്ങളിലും കൊവിഡിന്റെ പുതിയ വകഭേദം റിപോര്‍ട്ട് ചെയ്തു. സുപ്രിംകോടതിയിലെ 12 ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,35,912 പരിശോധനകള്‍ നടത്തി. 2020ല്‍ പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷം 71.15 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.