ലോക്ക്ഡൗണ്‍ ലംഘിച്ച് സന്യാസിയുടെ സംസ്‌കാരച്ചടങ്ങ്; യുപിയില്‍ 4,100 പേര്‍ക്കെതിരേ കേസ്

Update: 2020-05-15 10:15 GMT

കാണ്‍പൂര്‍: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് സന്യാസിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതിനു ഉത്തര്‍പ്രദേശില്‍ 4,100 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ബുധനാഴ്ച അന്തരിച്ച 'ഗോള്‍ഡ് ഡിഗ്ഗര്‍' എന്നറിയപ്പെടുന്ന സന്യാസി ശോഭന്‍ സര്‍ക്കാറിന്റെ ഭക്തര്‍ക്കെതിരേയാണ് കേസെടുത്തത്. ഇദ്ദേഹത്തിനു ആദരാഞ്ജലി അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് വ്യാഴാഴ്ച ചൗബേപൂര്‍ പ്രദേശത്തെ സണ്‍ഹൗറ ആശ്രമത്തിലെത്തിയത്. 'ഞങ്ങള്‍ ജനക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ ആശ്രമത്തില്‍ എത്തുന്നത് തടയാന്‍ കഴിഞ്ഞില്ലെന്നും ശവസംസ്‌കാരത്തിനു 20 പേരെ മാത്രമേ അനുവദിക്കൂവെന്ന് ഞങ്ങള്‍ പരസ്യമായി അറിയിച്ചിരുന്നെങ്കിലും ആരും മുഖവിലയ്‌ക്കെടുത്തില്ലെന്നും മൂന്ന് എഫ് ഐആറുകളിലായി 4,100 പേര്‍ക്കെതിരേയാണ് കേസെടുത്തതെന്നും വീഡിയോ ഫൂട്ടേജുകളിലൂടെ ഇവരെ തിരിച്ചറിയുമെന്നും ചൗബേപൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്എച്ച്ഒ) വിനയ് തിവാരി പറഞ്ഞു. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും ശോഭന്‍ സര്‍ക്കാറിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു. സുനോദ ഘട്ടില്‍ ആദ്യ എഫ് ഐആറില്‍ 2,000 പേര്‍ക്കും ബന്ദി മാതയില്‍ രണ്ടാമത്തെ എഫ് ഐആറില്‍ 1,200 പേര്‍ക്കും ബേല റോഡില്‍ 900 പേര്‍ക്കുമെതിരേയാണ് കേസെടുത്തത്.

    കാണ്‍പൂരിലെ ശിവാലി പ്രദേശത്തെ ശോഭന്‍ ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ് ശോഭന്‍ സര്‍ക്കാര്‍. 19ാം നൂറ്റാണ്ടില്‍ ഉന്നാവോ ഖേരയിലെ റാവു റാം ബക്ഷ് സിങ്ങിന്റെ കൊട്ടാരത്തിനടിയില്‍ 1,000 ടണ്‍ സ്വര്‍ണ ശേഖരം കുഴിച്ചിട്ടിട്ടുണ്ടെന്ന് താന്‍ സ്വപ്നം കണ്ടതായി അവകാശപ്പെട്ടതിനെ തുടര്‍ന്ന് 2013 ഒക്ടോബറില്‍ ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്ഥലത്ത് ഖനനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ) സംഘം ദിവസങ്ങളോളം ഖനനം നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനാവാത്തതിനാല്‍ നിര്‍ത്തിവച്ചു.




Tags:    

Similar News