അസം ജയിലുകളില്‍ മുസ്‌ലിംകളെ കുത്തിനിറയ്ക്കുന്നു; ബിജെപി സര്‍ക്കാരിന്റെ മുസ്‌ലിം വേട്ടയുടെ തെളിവുകള്‍ പുറത്ത്
ദിസ്പൂര്‍: ബിജെപിയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വേട്ടയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. അസമിലെ ജയിലറയ്ക്കുള്ളില്‍ അടച്ചിരിക്കുന്നതില്‍ ഭൂരിഭാഗം പേരും മുസ്‌ലിംകളാണ് എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. അസമിലെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരില്‍ 61 ശതമാനവും വിചാരണ കാത്തുകഴിയുന്ന തടവുകാരില്‍ 49 ശതമാനവും മുസ്‌ലിംകളാണെന്ന് പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട 2021 വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അസമിലെ ജനസംഖ്യയില്‍ 34 ശതമാനമാണ് മുസ്‌ലിംകള്‍ എന്നിരിക്കെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിച്ചുവരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഭരണഘടനാപരമായ പരിരക്ഷകളുണ്ടായിരുന്നിട്ടും സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്കെതിരേ അസഹിഷ്ണുതയും അക്രമവും വ്യാപകമാണെന്നതിന്റെ നേര്‍സ്സാക്ഷ്യം കൂടിയാണ് ഈ കണക്കുകള്‍. മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധി നേടിയതാണ് ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള അസമിലെ ബിജെപി സര്‍ക്കാര്‍.
സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാവട്ടെ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ ഏറെ മുന്നിലുമാണ്. അടുത്തിടെ മദ്‌റസകളെ ലക്ഷ്യമിട്ടും അസം സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് നിരവധി മദ്‌റസകളാണ് ബിജെപി ഭരണകൂടം പൊളിച്ചുനീക്കിയത്. ഹിമന്ത ബിശ്വ ശര്‍മ അധികാരമേറ്റതിനു പിന്നാലെ 2021 മെയില്‍ അസമില്‍ 161 ഇടങ്ങളിലുണ്ടായ പോലിസ് നടപടികള്‍ 51 പേര്‍ കൊല്ലപ്പെടുകയും 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 22 പേര്‍ മുസ് ലിംകളും മറ്റുള്ളവര്‍ ഇതര ന്യൂനപക്ഷങ്ങളുമായിരുന്നു.
അസമില്‍ പല സ്ഥലങ്ങളിലും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ പോലിസ് ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നത്. ഹിന്ദുത്വര്‍ക്ക് പരവതാനി വിരിക്കുകയും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുകയുമാണ് ചെയ്തുവരുന്നത്. ഇതിന് പുറമേയാണ് അസം പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്താക്കപ്പെട്ട് നൂറുകണക്കിന് മുസ്‌ലിംകള്‍ തടവുകേന്ദ്രങ്ങളില്‍ കഴിയുന്നത്.
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 30 ശതമാനത്തിന് മുകളില്‍ മുസ്‌ലിംകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശം തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വിഹിതത്തിന് ആനുപാതികമല്ല മുസ്‌ലിം തടവുകാരുടെ എണ്ണം. 2021ല്‍ ഹരിയാനയിലെ ജയിലുകളില്‍ കഴിയുന്ന 41 ശതമാനം തടവുകാരും മുസ്‌ലിംകളാണ്. പശ്ചിമ ബംഗാളിലെ 78.5 ശതമാനം തടവുകാരും ഉത്തര്‍പ്രദേശില്‍ 56.7% പേരും മുസ്‌ലിം സമുദായത്തില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 14.2 ശതമാനം മാത്രമാണ്. ജയില്‍ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദലിതുകളും ആദിവാസികളും സിഖുകാരുമാണ് അവരുടെ ജനസംഖ്യാനുപാതികത്തിനേക്കാള്‍ കൂടുതല്‍ തടവുകാരായി കഴിയുന്ന മറ്റു വിഭാഗങ്ങള്‍. കോടതികള്‍ ശിക്ഷിച്ചവര്‍, വിചാരണത്തടവുകാര്‍, കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍, ഈ മൂന്ന് ഗണത്തിലും പെടാത്തവര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെട്ടവരാണ് രാജ്യത്തെ തടവുകാരായി കണക്കാക്കുന്നതെന്ന് പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യ റിപോര്‍ട്ട് വ്യക്തമാക്കുന്നു.