ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്‌ലിംകളും സുരക്ഷിതര്‍; തെളിവുകള്‍ കണ്ടെത്തുന്ന മുറയ്ക്ക് ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കും; വീണ്ടും വിദ്വഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തതിനുശേഷം നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ ദൈവം അംഗീകരിക്കുന്നില്ലെന്നു ഇസ് ലാം പറയുന്നുവെന്നും പിന്നെ എന്തിനാണ് അവ നിര്‍മ്മിച്ചതെന്നും ചോദിച്ച് യോഗി ആദിത്യനാഥ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്ന മുറയ്ക്ക് സര്‍ക്കാര്‍ ക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് തുടരുമെന്നും യോഗി പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ശാസ്ത്രീയ തെളിവുകള്‍ നിലവിലുണ്ടെന്നും അതു കൊണ്ടുതന്നെ അതെല്ലാം തങ്ങള്‍ പരിഹരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്‌ലിംകളും സുരക്ഷിതരാണെന്നും യോഗി പറഞ്ഞു. താന്‍ ഒരു യോഗി ആണെന്നും എല്ലാവരുടെയും സന്തോഷം ആശംസിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദുക്കളുടെ മതപരമായ സഹിഷ്ണുതയെ എടുത്തുകാണിച്ചുകൊണ്ട് 100 ഹിന്ദു കുടുംബങ്ങളില്‍ ഏറ്റവും സുരക്ഷിതമായത് ഒരു മുസ്‌ലിം കുടുംബമാണ് എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
'ഞാനൊരു സാധാരണ പൗരനാണ്, ഉത്തര്‍പ്രദേശിലെ ഒരു പൗരനാണ്. എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് ഞാന്‍. എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും ഞാന്‍ വിശ്വസിക്കുന്നു,' യോഗി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മ്മം എന്നും, ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതിന് ലോക ചരിത്രത്തില്‍ ഉദാഹരണങ്ങളൊന്നുമില്ലെന്നും യോഗി പറഞ്ഞു.
'സനാതന ധര്‍മ്മം ലോകത്തിലെ ഏറ്റവും പുരാതനമായ മതവും സംസ്‌കാരവുമാണ്. അതിന്റെ പേരില്‍ നിന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. സനാതന ധര്‍മ്മ അനുയായികള്‍ മറ്റുള്ളവരെ അവരുടെ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ക്ക് പകരമായി എന്താണ് ലഭിച്ചത്? പകരമായി അവര്‍ എന്താണ് നേടിയത്? ലോകത്ത് എവിടെയും ഹിന്ദു ഭരണാധികാരികള്‍ തങ്ങളുടെ ശക്തി ഉപയോഗിച്ച് മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതിന് ഉദാഹരണമില്ല. അത്തരം സംഭവങ്ങള്‍ നിലവിലില്ല,' ആദിത്യനാഥ് പറഞ്ഞു.
2017 ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ഒരു വര്‍ഗീയ കലാപവും ഉണ്ടായില്ലെന്നും 2017 ന് മുമ്പ് യുപിയില്‍ കലാപങ്ങളുണ്ടായിരുന്നെങ്കില്‍, ഹിന്ദു കടകള്‍ കത്തിച്ചിരുന്നെങ്കില്‍, മുസ്‌ലിം കടകളും കത്തുമായിരുന്നു. ഹിന്ദു വീടുകള്‍ കത്തുന്നുണ്ടെങ്കില്‍, മുസ്‌ലിം വീടുകളും കത്തിയിരുന്നു. 2017 ന് ശേഷം കലാപങ്ങള്‍ നിലച്ചുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു.