രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫിസ് വിഎച്ച്പി ആക്രമിച്ചു(വീഡിയോ)
അഹമ്മദാബാദ്: ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ബിജെപിയെ ലക്ഷ്യമിട്ട് നടത്തിയ ഹിന്ദു പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്തില്‍ വിഎച്ച്പി-ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ചു. അഹമ്മദാബാദിലെ കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവനും നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസിന് നേരെ കല്ലെറിയുകയും രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ വികൃതമാക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
हिन्दू हिंसक है कहने वाले @RahulGandhi खान के बयान पर Gujarat कोंग्रेस कार्यालय पर कल रात #बजरंगदल गुजरात के कार्यकर्ताओंने प्रदेश कार्यालय राजीव गांधी भवन में जमकर मचाया तांडव, लिख कर ले लो यह बजरंगी है जो हिंदू समाज के विरुद्ध जाएगा उसको छोड़ेंगे नहीं। #HinduVirodhiRahulGandhi pic.twitter.com/irQ7BBqoZp
— Bajrang Dal Gujarat (@Bajrangdal_Guj) July 2, 2024
ഹിന്ദുക്കള്‍ വിദ്വേഷവും നുണയും പറയില്ലെന്നും അത്തരക്കാര്‍ ഹിന്ദുക്കളല്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരേയാണ് ഹിന്ദുത്വര്‍ രംഗത്തെത്തിയത്. രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ സഭാരേഖകളില്‍നിന്ന് നീക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ആക്രമണത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ഗുജറാത്ത് നിയമസഭയിലെ കോണ്‍ഗ്രസ് നേതാവുമായ അമിത് ചാവ്ദ എക്‌സില്‍ കുറിച്ചു. അതേസമയം, ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പരാമര്‍ശത്തെ ബിജെപി വളച്ചൊടിക്കുകയാണെന്ന് എസ് പി നേതാവ് അഖിലേഷ് യാദവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തും രംഗത്തെത്തി. ഹിന്ദുക്കള്‍ക്കും ഹിന്ദു സമൂഹത്തിനുമെതിരേ രാഹുല്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും മോദിയും ബിജെപിയുമല്ല ഹിന്ദുക്കളെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.