ജഡ്ജസ് മീറ്റ് രഹസ്യയോഗം; ചിത്രം പുറത്തുവിട്ടത് അബദ്ധത്തിലെന്ന് വിഎച്ച്പി
ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ജഡ്ജസ് മീറ്റ് രഹസ്യയോഗമായിരുന്നുവെന്നും ചിത്രങ്ങള്‍ പുറത്തുവിട്ടത് നിയമ മന്ത്രാലയത്തിന്റെ അബദ്ധമാണെന്നും വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍. മുപ്പതിലേറെ വിരമിച്ച സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ പങ്കെടുത്തത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. കര്‍ണാടകയില്‍ ഹിജാബ് വിലക്കിയ ബിജെപി സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി നിലപാടിനെ സുപ്രിംകോടതിയില്‍ അനുകൂലിച്ച ജഡ്ജി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. വാരണാസി ഗ്യാന്‍വ്യാപി മസ്ജിദ്, മധുര ഷാഹി ഈദ് ഗാഹ് മസ്ജിദ്, വിവാദമായ വഖ്ഫ് ഭേദഗതി ബില്‍, മതപരിവര്‍ത്തന നിയമം തുടങ്ങിയവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നത്. വിഎച്ച്പിയുടെ നിയമവിഭാഗമായ വിധി പ്രകോഷ്താ ഡല്‍ഹരിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലാണ് പരിപാടി നടത്തിയത്. കേന്ദ്ര നിയമനീതി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഉള്‍പ്പെടെ പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.
എന്നാല്‍, ചിത്രങ്ങള്‍ പുറത്തുവിട്ടത് നിയമ മന്ത്രാലയത്തിന് സംഭവിച്ച അബദ്ധമാണെന്നും നടന്നത് രഹസ്യയോഗമാണെന്നുമാണ് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ പറയുന്നത്. 'മുന്‍ ജഡ്ജിമാര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടച്ചിട്ട മുറിയില്‍ നടന്ന രഹസ്യ പരിപാടിയാണിത്. നിയമമന്ത്രാലയം ഫോട്ടോ പരസ്യമാക്കിയത് അബദ്ധമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ എട്ടിന് നടന്ന യോഗത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍വിസിലുള്ള രണ്ട് ജഡ്ജിമാരും പങ്കെടുത്തതായി വിഎച്ച്പി ഭാരവാഹി പറഞ്ഞതായി 'ബാര്‍ ആന്റ് ബെഞ്ച്' റിപോര്‍ട്ട് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിഎച്ച്പി അധ്യക്ഷന്‍ അലോക് കുമാര്‍ ഇക്കാര്യം നിഷേധിച്ചു.
വിരമിച്ച ശേഷം ഈയിടെ ബിജെപിയില്‍ ചേര്‍ന്ന മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രോഹിത് ആര്യ, വിരമിച്ച സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. നിലവില്‍ ന്യൂ ഡല്‍ഹി ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ചെയര്‍പേഴ്‌സനായ റിട്ട. ജസ്റ്റിസ് ഹേമന്ത് ഗുപ്തയാണ് 2022 ഒക്ടോബറില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് നിരോധിച്ചുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച വിവാദ വിധി പ്രസ്താവിച്ചത്.