ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ കോടതി അനുമതി

Update: 2024-01-31 10:19 GMT

വാരണസി: ഗ്യാന്‍വാപി മസ്ജിദിലെ സീല്‍ ചെയ്ത സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കി. ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ സീല്‍ ചെയ്ത പ്രദേശമായ 'വ്യാസ് കാ തെഖാന'യില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താമെന്നാണ് കോടതി ഉത്തരവിട്ടത്. ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ ഒരുക്കണമെന്നും ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

    മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകള്‍ക്ക് മുന്നില്‍ പൂജ നടത്താനാണ് വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിധിക്കെതിരേ മസ്ജിദ് കമ്മിറ്റി മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നും നമസ്‌കാരം നടന്ന ഗ്യാന്‍വാപി മസ്ജിദിലാണ് ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ കോടതി വിധി പുറപ്പെടുവിച്ചത്. നേരത്തേ, ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ നാല് സ്ത്രീകള്‍ പൂജ നടത്താന്‍ അനുമതി തേടി വരാണസി കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ജില്ലാ കോടതിയുടെ പുതിയ ഉത്തരവ്.

Tags:    

Similar News