80:20; സമവായ ആവണക്കെണ്ണയിലെ ചതിയുടെ തനിയാവര്‍ത്തനം
സര്‍വകക്ഷിയോഗം പിരിഞ്ഞ ശേഷമാണ് പ്രമുഖ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ പോലും വിദഗ്ധ സമിതിയെക്കുറിച്ച് അറിഞ്ഞത്. സിപിഎമ്മും സര്‍ക്കാരും കാലേക്കൂട്ടി പണിത സര്‍വകക്ഷിയോഗം എന്ന സമവായ കെണിയില്‍ മുസ്‌ലിം സംഘടനകളെല്ലാം അകപ്പെടുകയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം
മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷത്തോടുള്ള അധീശ വർഗത്തിന്റെ അനീതിയും അതിക്രമവും അനുസ്യൂതം തുടരുമ്പോൾ ചരിത്രത്തിൽ പിറവിയെടുക്കുന്നത് വഞ്ചനയുടെയും അവകാശനിഷേധത്തിന്റെയും പുതിയ ചതിക്കുഴികളാണ്. ബാബരി മസ്ജിദിന്റെ ധ്വംസനവും കോടതി വിധിയിലൂടെയുള്ള അന്യാധീനവും പൗരത്വ നിഷേധവും ആൾക്കൂട്ടക്കൊലകളും ദേശീയ തലത്തിൽ മുസ്‌ലിം ജീവിതത്തിനുമേൽ പ്രതിസന്ധികൾ തീർക്കുമ്പോൾ കേരളത്തിൽ അധികാര പ്രാതിനിധ്യത്തിലും വിഭവ പങ്കാളിത്തത്തിലും സംവരണാനുകൂല്യങ്ങളിലും അന്യായമായ മാറ്റി നിർത്തലിലൂടെ അവരെ കൂടുതൽ അരികുവൽക്കരിക്കുകയാണ്.
സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തില്‍ വിഎസ് സര്ക്കാരിന്റെയും പാലോളി സമിതിയുടെയും ആദ്യ അട്ടിമറി മുസ്‌ലിംകള്‍ക്കു മാത്രമായുള്ള സച്ചാര്‍ പദ്ധതികളില്‍ 'മതേതരത്വം' പരിരക്ഷിക്കാനെന്നു മേനി പറഞ്ഞാണ് 20 ശതമാനം മുസ്‌ലിമേതര ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി വിഎസ് സര്‍ക്കാരും പാലോളി സമിതിയും പദ്ധതിയുടെ അന്തസ്സത്തയ്ക്ക് ആദ്യമേ തുരങ്കം വച്ചത്.
മുസ്‌ലിംകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു പിന്നിലെ ഭരണ കൂട, രാഷ്ട്രീയ കാപട്യങ്ങള്‍ അനാവരണം ചെയ്യുന്ന അന്വേഷണ പരമ്പര ഇന്നു മുതല്‍.
80:20; സമവായ ആവണക്കെണ്ണയിലെ ചതിയുടെ തനിയാവര്‍ത്തനം
പിസി അബ്ദുല്ല
കോഴിക്കോട്: സച്ചാര്‍ സമിതി നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് നിലവില്‍ വന്ന മുസ്‌ലിം ക്ഷേമ പദ്ധതികള്‍ ഹൈക്കോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ സംശയ നിഴലില്‍. പ്രശ്‌നത്തില്‍, ഇരയുടെ പക്ഷമായ മുസ്‌ലിം സംഘടനകളുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ വിരുദ്ധ പക്ഷത്തെ പ്രീണിപ്പിക്കുന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന ആക്ഷേപമാണ് ശക്തമാവുന്നത്. മുസ്‌ലിം ക്ഷേമ പദ്ധതികള്‍ക്കായി പാലോളി സമിതി നിലവില്‍ വന്നതു മുതല്‍ അരങ്ങേറിയ ചതിയും അട്ടിമറികളും തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളിലും മറനീങ്ങുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍വകക്ഷിയോഗത്തില്‍ ഇങ്ങനെ തീരുമാനിച്ചു എന്നാണ് മുഖ്യ മന്ത്രിയടക്കം വിശദീകരിച്ചത്.
എന്നാല്‍, സര്‍വകക്ഷിയോഗത്തില്‍ വിദഗ്ധ സമിതിയെ നിയമിക്കാന്‍ ധാരണയുണ്ടായില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളില്‍ ചിലര്‍ പറയുന്നത്. ക്രൈസ്തവ സംഘടനകളെ പിണക്കാതിരിക്കാനും കോടതി വിധിക്കെതിരേ സത്വര നടപടിയുണ്ടാവാതിരിക്കാനും സര്‍വകക്ഷിയോഗത്തിനു മുന്‍പു തന്നെ സിപിഎം കൈക്കൊണ്ട അടവു നയത്തിന്റെ ഉല്‍പ്പന്നമാണ് വിദഗ്ധ സമിതി എന്ന വിവരമാണ് പുറത്തു വരുന്നത്. മതസൗഹാര്‍ദ്ദത്തിനു കോട്ടം തട്ടാത്ത തരത്തില്‍ പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന നിലപാടു സ്വീകരിച്ച മുസ്‌ലിം സംഘടനകളെ സര്‍വകക്ഷി യോഗത്തിന്റെ മറവില്‍ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നു. സര്‍വകക്ഷിയോഗം പിരിഞ്ഞ ശേഷമാണ് പ്രമുഖ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ പോലും വിദഗ്ധ സമിതിയെക്കുറിച്ച് അറിഞ്ഞത്. സിപിഎമ്മും സര്‍ക്കാരും കാലേക്കൂട്ടി പണിത സര്‍വകക്ഷിയോഗം എന്ന സമവായ കെണിയില്‍ മുസ്‌ലിം സംഘടനകളെല്ലാം അകപ്പെടുകയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
മുസ്‌ലിം ക്ഷേമ പദ്ധതികള്‍ കോടതി റദ്ദാക്കിയ വിഷയത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതോടൊപ്പം വിദഗ്ധ സമിതി പഠനം നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സര്‍ക്കാരിന്റെ ഈ നിലപാടില്‍ തന്നെ ഇരട്ടത്താപ്പ് വ്യക്തമാണ്.
സച്ചാര്‍, പാലോളി കമ്മിറ്റികളുടെ നിര്‍ദേശ പ്രകാരമുള്ള ക്ഷേമ പദ്ധതികള്‍ മുസ്‌ലിംകള്‍ക്കു മാത്രമായി ആവിഷ്‌കരിക്കപ്പെട്ടതാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ, അത് ജന സംഖ്യാനുപാതികമായി വീതം വയ്ക്കാനുള്ളതല്ലെന്ന് കോടതിയെയും പരാതിക്കാരെയും ബോധ്യപ്പെടുത്തുകയും മുസ്‌ലിം ക്ഷേമ പദ്ധതികള്‍ ആ സമുദായത്തിന് പുനസ്ഥാപിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കോടതി വിധി മറികടക്കാന്‍ നിയമപരവും വസ്തുതാപരവുമായ സാധ്യതകളായി സച്ചാര്‍, പാലോളി കമ്മിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്‍ബലമായുള്ളപ്പോള്‍ അതിനുള്ള ആര്‍ജവവും ആത്മാര്‍ഥതയുമാണ് സര്‍ക്കാര്‍ കാട്ടേണ്ടത്. എന്നാല്‍, സമവായ നീക്കങ്ങളിലൂടെ മുസ്‌ലിംകള്‍ക്കു ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങളെ തര്‍ക്ക വിഷയമായംഗീകരിച്ച് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ചരിത്ര യാഥാര്‍ഥ്യങ്ങളും ഉടമസ്ഥാവകാശ രേഖകളും പൈതൃകവും അവഗണിച്ച് ബാബരി മസ്ജിദ് 'തര്‍ക്ക മന്ദിര'മാക്കുകയും ഭരണകൂടങ്ങളും കോടതികളും മുസ്‌ലിംകള്‍ക്ക് അത് അന്യാധീനമാക്കുകയും ചെയ്തതു പോലുള്ള ഗൂഡാലോചനയും അവകാശ ധിഷേധവുമാണ് വാസ്തവത്തില്‍ കേരള മുസ്‌ലിംകളുടെ പിന്നാക്ക ക്ഷേമ പദ്ധതികള്‍ ഇല്ലാതാക്കുന്നതിലും അരങ്ങേറുന്നത്. രാവിന്റെ മറപറ്റി ബാബരിയുടെ മിഹ്‌റാബിനുള്ളില്‍ ഹിന്ദുത്വര്‍ രാമ വിഗ്രഹങ്ങള്‍ 'സ്വയംഭൂ'വാക്കിയ ഒന്നാമത്തെ അതിക്രമത്തിന്റെ തുടര്‍ച്ചയായാണ് പള്ളി തകര്‍ക്കുന്നതും സുപ്രിംകോടതി വിധിയിലൂടെ പള്ളി നിന്നിരുന്ന സ്ഥലം കൈയേറ്റക്കാര്‍ക്ക് നല്‍കുന്നതും. സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തില്‍ വിഎസ് സര്ക്കാരിന്റെയും പാലോളി സമിതിയുടെയും ആദ്യ അട്ടിമറി മുസ്‌ലിംകള്‍ക്കു മാത്രമായുള്ള സച്ചാര്‍ പദ്ധതികളില്‍ 'മതേതരത്വം' പരിരക്ഷിക്കാനെന്നു മേനി പറഞ്ഞാണ് 20 ശതമാനം മുസ്‌ലിമേതര ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി വിഎസ് സര്‍ക്കാരും പാലോളി സമിതിയും പദ്ധതിയുടെ അന്തസ്സത്തയ്ക്ക് ആദ്യമേ തുരങ്കം വച്ചത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മതേതരത്വം തുളുമ്പിയ കെ ടി ജലീലെന്ന വകുപ്പു മന്ത്രി, പദ്ധതികളുടെ പേരിലെ 'മുസ്‌ലിം ' മാറ്റി ന്യൂനപക്ഷ പദ്ധതികളെന്നാക്കുക കൂടി ചെയ്തതോടെ ഈ തുരങ്കം വയ്പിനു കൂടുതല്‍ ബലമേറി. ക്രൈസ്തവരിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കാണല്ലോ ഈ ആനുകൂല്യം എന്ന സമാശ്വാസത്തോടെയും വിശാല മനസ്‌കതയോടെയും 80:20 നു വഴങ്ങിയ മുസ്‌ലിംകളുടെ ഉദാരമനസ്‌കതയും വിട്ടുവീഴ്ചയും വിലമതിക്കാതെ പോയി. ഇസ്ലാമോഫോബിയക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. 'മതേതര' വിശാല താല്‍പ്പര്യം പറഞ്ഞ് സച്ചാര്‍ പദ്ധതികളുടെ അവകാശികളല്ലാത്ത 20 ശതമാനം പേര്‍ക്ക് അതില്‍ ഇടം കൊടുത്തവര്‍ ആ 20 ശതമാനം 80 ശതമാനത്തെ വിഴുങ്ങിയപ്പോഴും സമവായത്തിന്റെ പൊതുതാല്‍പ്പര്യം പ്രസംഗിക്കുന്നു എന്നതാണ് വിരോധാഭാസം.
തുടരും