നടിയെ ആക്രമിച്ച കേസ്:ദിലീപിന് നോട്ടീസ്;ചോദ്യം ചെയ്യലിന് മറ്റന്നാള്‍ ഹാജരാകണം

ഹാജരാകാന്‍ ദിലീപ് സാവകാശം തേടിയതായാണ് സൂചന.24 ന് ഹാജരാകുന്നതിന് ചില അസൗകര്യമുള്ളതായി ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം

Update: 2022-03-22 13:44 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിനായി 24 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ദിലീപിന് നോട്ടീസ് നല്‍കി.അതേ സമയം ഹാജരാകാന്‍ ദിലീപ് സാവകാശം തേടിയതായാണ് സൂചന.24 ന് ഹാജരാകുന്നതിന് ചില അസൗകര്യമുള്ളതായി ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം.കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം തയ്യാറെടുക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.തുടര്‍ന്ന് കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു.അടുത്ത മാസം 14 നുള്ളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരിക്കുന്ന തെളിവുകള്‍ നിരത്തിയായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക.നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങല്‍ ദിലീപ് കണ്ടു,കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

തുടര്‍ന്ന് ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു,സുഹൃത്ത് ബൈജു എന്നിവരടക്കം ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസില്‍ ദിലീപിന് ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ദിലീപിനെ തുടരന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.സാക്ഷികളെ സ്വാധീനിക്കാന്‍ സാമ്പത്തിക ഇടപാടുകള്‍ അടക്കം നടത്തിയെന്നാണ് ആരോപണം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദിലിപിനോട് അന്വേഷണ സംഘം ചോദിച്ചറിയും.അടുത്ത മാസം 18 ന് വിചാരണക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിനു മുമ്പായി തുടരന്വേഷണ റിപോര്‍ട്ട് കോടതിയിര്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

Tags:    

Similar News