നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു,തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘത്തിനു വേണ്ടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി.ദിലീപിന് ജാമ്യത്തില്‍ തുടരാം.വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു,തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘത്തിനു വേണ്ടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലടക്കം അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്റെ നടപടി.
തുടര്‍ന്ന് പ്രോസിക്യൂഷന്റെ ഹരജിയില്‍ ഇരു വിഭാഗത്തിന്റെയും വാദ പ്രതിവാദവും കോടതിയില്‍ നടന്നിരുന്നു.ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.പ്രോസിക്യൂഷന്റെ വാദത്തെ ദിലീപിന്റെ അഭിഭാഷകന്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു.ദിലീപിനെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം,ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി പ്രോസിക്യൂഷന്റെ ആവശ്യം തള്ളുകയായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്റിലായിരുന്ന ദിലീപിന് 2017 ഒക്ടോബറിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.