നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി; ദിലീപിന്റെ സുഹൃത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കേസില്‍ തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം ദിലീപിനെക്കൂടാതെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരതിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ജയിലില്‍ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം.എന്നാല്‍ കേസില്‍ തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.നേരത്തെയും സുനിയുടെ ജാമാപേക്ഷ കോടതി തള്ളിയിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആലുവ പോലിസ് ക്ലബ്ബില്‍ തുടരുകയാണ്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.ദിലീപിനെക്കൂടാതെ ദിലീപിന്റെ സുഹൃത്ത് ശരതിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്.ഇന്നലെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി ദിലീപിനെ അന്വേഷണ സംഘം വിട്ടയച്ചിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ഓടെ ദിലീപ് വീണ്ടും ഹാജരായി.കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായുള്ള ബന്ധം,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപ് കണ്ടുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി,ദിലീപിന്റെ ഫോണില്‍ നിന്നും രേഖകള്‍ നശിപ്പിച്ച സംഭവം അടക്കമുള്ള വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരതിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ശരതിനെ ചോദ്യം ചെയ്യുന്നത്.നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കം ആറു പേര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായുന്നതിന്റെ ഭാഗമായിട്ടാണ് ശരതിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.