സംവരണ വിഭാഗങ്ങള്‍ക്ക് മെറിറ്റില്‍ പ്രവേശനം: സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2024-08-22 13:08 GMT

തിരുവനന്തപുരം: സംവരണീയ വിഭാഗത്തിലെ യോഗ്യരായവര്‍ക്ക് മെറിറ്റില്‍ തന്നെ പ്രവേശനം നല്‍കണമെന്ന സുപ്രിം കോടതിയുടെ വിധി ഏറെ സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു അനീതി അവസാനിപ്പിക്കാനുള്ള ശക്തമായ ഇടപെടല്‍ കൂടിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടായിട്ടും സംവരണീയ വിഭാഗത്തില്‍ ഉള്‍പ്പെട്ടു എന്ന കാരണത്താല്‍ സംവരണ ക്വാട്ടയിലാണ് പ്രവേശനം നല്‍കിയിരുന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, ഉദ്യോഗ രംഗത്തും നിര്‍ബാധം തുടരുകയായിരുന്നു. ഇതിലൂടെ സംവരണ പട്ടികയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം എത്രമാത്രം കുറയ്ക്കാന്‍ പറ്റുമെന്ന കാര്യമാണ് മേല്‍ജാതി വിഭാഗങ്ങളുടെ സ്വാധീനങ്ങള്‍ക്കു വഴങ്ങി അധികാര കേന്ദ്രങ്ങള്‍ നടപ്പാക്കിക്കൊണ്ടിരുന്നത്. അതായത് പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തില്‍ പൊതുവിഭാഗത്തിന്റെ കട്ട് ഓഫ് മാര്‍ക്കിന് മുകളിലെത്തുന്ന പിന്നാക്കക്കാരെ പൊതു വിഭാഗത്തില്‍ പരിഗണിക്കില്ല. ഇവരെ ഉള്‍പ്പെടുത്തി സംവരണ ക്വാട്ടയിലെ എണ്ണം തികയ്ക്കും. മെറിറ്റില്‍ ഉള്‍പ്പെടേണ്ട വിദ്യാര്‍ഥി സംവരണ ക്വാട്ടയിലേക്ക് മാറ്റപ്പെടുമ്പോള്‍ അതേ വിഭാഗത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയുടെ അര്‍ഹതപ്പെട്ട സംവരണ സീറ്റ് നിഷേധിക്കപ്പെടുകയാണ്. അങ്ങനെ മെറിറ്റ് സീറ്റിന്റെ വലിയൊരു ഭാഗം മുന്നാക്കക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും.

    ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധയില്‍പ്പെടുത്തിയ ഒരു കാര്യം കൂടിയാണിത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. മേല്‍ ജാതി വിഭാഗത്തിന് ഉദ്യോഗ മേഖലയില്‍ ഉള്‍പ്പെടെ അപ്രമാദിത്വം നേടാന്‍ സാധ്യമായതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത്തരം കാര്യങ്ങളാണ്. സംവരണ സമുദായത്തില്‍പ്പെട്ടു എന്നതുകൊണ്ട് മാത്രം യോഗ്യതയെ അവഗണിക്കുന്ന ഒരു ദുഷ്ട മനസ്സ് ഇത്തരം കാര്യങ്ങളില്‍ തുടര്‍ന്നു പോന്നിരുന്നു. ഈ പ്രവണത അവസാനിപ്പിക്കുന്ന വിധിയാണ് പരമോന്നത കോടതിയില്‍ നിന്നുമുണ്ടായിരിക്കുന്നത്. സംവരണത്തിലൂടെ സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന നീതി ബോധമുള്ളവരെല്ലാം കാലാകാലങ്ങളായി ഇതു തന്നെയാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സാമൂഹിക നീതി ഉറപ്പാക്കുന്നതില്‍ സുപ്രധാനമായ ഒരു ചവിട്ടുപടിയായി സുപ്രിംകോടതിയുടെ ഈ വിധി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

Tags:    

Similar News