മുസ് ലിം സ്ത്രീകളുടെ ജീവനാംശം: സുപ്രിംകോടതി വിധി നിയമ വിരുദ്ധം-അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്

Update: 2024-07-18 05:45 GMT

ന്യൂഡല്‍ഹി: വിവാഹമോചിതരായ മുസ് ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച സുപ്രിം കോടതി വിധി നിലവിലുള്ള നിയമത്തിനു വിരുദ്ധമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. മുസ്ലീം സ്ത്രീകള്‍ (വിവാഹമോചിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം 1986 മുസ് ലിം സ്ത്രീകളുടെ നീതി ഉറപ്പാക്കുന്നതിന് പര്യാപ്തമാണ്. സിആര്‍പിസി സെക്ഷന്‍ 125 മുസ് ലിം സ്ത്രീകള്‍ക്ക് ബാധകമാക്കി കഴിഞ്ഞ ദിവസം സുപ്രിംകോടതി വിധിച്ചിരുന്നു. രാജ്യത്തിന്റെ പൊതുനിയമത്തിലെ വ്യവസ്ഥകള്‍ക്ക് മേല്‍ പ്രത്യേക നിയമത്തിന്റെ വ്യവസ്ഥകള്‍ നിലനില്‍ക്കുമെന്നിരിക്കെ സുപ്രിം കോടതി വിധി നിയമവിരുദ്ധമാണ്. 1986ലെ മുസ് ലിം സ്ത്രീ(വിവാഹമോചിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം, വിവാഹമോചിതയായ മുസ്ലിം സ്ത്രീയുടെ ജീവനാംശം സംബന്ധിച്ച അവകാശങ്ങളെക്കുറിച്ച് വ്യക്തവും സ്പഷ്ടവുമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. വിവാഹമോചിതയെ പരിപാലിക്കുന്നതിനുള്ള എല്ലാ നിര്‍ദേശങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. മുന്‍ ഭര്‍ത്താവ് ഇദ്ദയുടെ കാലയളവില്‍ ന്യായമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കണമെന്നും അതിനുശേഷം അവള്‍ക്ക് സ്വയം പരിപാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവള്‍ക്ക് അവളുടെ ബന്ധുക്കളില്‍ നിന്ന് ജീവനാംശം അവകാശപ്പെടാമെന്നും നിയമം പറയുന്നു. തുടര്‍ന്ന് ഉപജീവനം സാധ്യമാക്കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവള്‍ക്ക് സെക്ഷന്‍ 4(2) പ്രകാരം വഖ്ഫ് ബോര്‍ഡില്‍ നിന്ന് അവകാശപ്പെടാമെന്നും നിയമം അനുശാസിക്കുന്നുണ്ട്. അതിനാല്‍, ഇപ്പോഴത്തെ വിധി ഇസ് ലാമിക കര്‍മശാസ്ത്രത്തിന് വിരുദ്ധവും വിവാഹമോചിതരായ മുസ് ലിം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കാനുള്ള അവകാശം സംബന്ധിച്ച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. സംസ്ഥാനത്തെ കോടതികളും മറ്റ് ഏജന്‍സികളും പ്രത്യേക നിയമങ്ങളെ മാനിക്കണമെന്നും രാജ്യത്തെ വലിയ ഒരു ജനവിഭാഗത്തില്‍ അശാന്തിയും അതൃപ്തിയും ഉണ്ടാക്കുന്ന വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് ആവശ്യപ്പെട്ടു.

Tags:    

Similar News