അഫ്ഗാന്‍ ഔദ്യോഗിക ഭരണാധികാരികളായി താലിബാനെ അംഗീകരിച്ചേക്കും; സൂചന നല്‍കി യുഎന്‍ സുരക്ഷാകൗണ്‍സിലിന്റെ പ്രമേയത്തില്‍ തിരുത്ത്

Update: 2021-08-29 05:23 GMT

ന്യൂഡല്‍ഹി: ആഗസ്ത് 15ന് അധികാരം പിടിച്ച താലിബാനെ അഫ്ഗാന്റെ ഔദ്യോഗിക ഭരണാധികാരികളായി അംഗീകരിക്കാന്‍ സാധ്യതയൊരുങ്ങുന്നു. യുഎന്‍ സുരക്ഷാസമിതിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രമേയത്തിലെ തിരുത്താണ് ഈ നിഗമനത്തിനു പിന്നില്‍. മറ്റ് രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് സഹായം നല്‍കരുതെന്ന യുഎന്‍ പ്രമേയത്തിലെ ഒരു വാചകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

സുരക്ഷാസമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി തിരുമൂര്‍ത്തിയാണ് ആഗസ്ത് 17ന് പറത്തുവന്ന ഈ മാസത്തെ സുരക്ഷാസമിതിയുടെ പ്രസ്താവനയില്‍ ഒപ്പുവച്ചിരുന്നത്. മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് സഹായം ചെയ്യരുതെന്ന് താലിബാന്‍ അടക്കമുള്ള അഫ്ഗാന്‍ ഗ്രൂപ്പുകളോടും വ്യക്തികളോടും പ്രസ്താവന ആവശ്യപ്പെട്ടിരുന്നു. അഫ്ഗാന്റെ മണ്ണില്‍നിന്ന് ഭീകരവാദം തുടച്ചുനീക്കുന്നതിന് യുഎന്‍ സുരക്ഷാകൗണ്‍സില്‍ അംഗങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും അഫ്ഗാന്‍ പ്രദേശങ്ങള്‍ മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്നും അതിന് താലിബന്‍ പോലുള്ള ഗ്രൂപ്പുകളോ വ്യക്തികളോ ഭീകരരെ സഹായിക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ കാബൂള്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് പുറത്തുവന്ന ആഗസ്ത് 27ലെ പ്രസ്താവനയില്‍ ഗ്രൂപ്പുകളുടെ പേരില്‍ നിന്ന് താലിബാന്‍ എന്ന വാക്ക് എടുത്തുമാറ്റിയിരിക്കുകയാണ്. ഈ പ്രസ്താവയിലും തിരുമൂര്‍ത്തിയാണ് ഒപ്പുവച്ചിരിക്കുന്നത്.

നയതനന്ത്ര രംഗത്ത് രണ്ട് ആഴ്ച വളരെ പ്രധാനമാണെന്ന് ഇന്ത്യയുടെ മുന്‍ യുഎന്‍ സ്ഥിരം അംഗം സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു. നേരത്തെ തിരുമൂര്‍ത്തിയുടെ അതേ സ്ഥാനം വഹിച്ചിരുന്നയാളാണ് അക്ബറുദ്ദീന്‍. 2016-2020 കാലത്താണ് അക്ബറുദ്ദീന്‍ യുഎന്‍ സ്ഥിരാംഗമായിരുന്നത്. 


കാബൂള്‍ വിമാനത്താവള ആക്രമണം ചെറുക്കുന്നതിനുള്ള നീക്കങ്ങള്‍ യുഎന്‍ താലിബാനുമായി ചേര്‍ന്നുകൊണ്ടാണ് നടപ്പാക്കുന്നത്. യുഎന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഎസ് സൈനിക മേധാവി ഫ്രാങ്ക് മെക്കന്‍സി അഭ്യര്‍ത്ഥിച്ചിരുന്നു. അഫ്ഗാന്‍ വിടുന്ന നാറ്റൊ സഖ്യത്തെ പുറത്തുപോകുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതും താലിബാനാണ്.

ഈ സാഹചര്യത്തിലാണ് യുഎന്‍ ഒരു ഗ്രൂപ്പ് എന്ന നിലയില്‍ നിന്ന് താലിബാനെ ഭരണാധികാരികളായി അംഗീകരിക്കുന്നതിലുള്ള ആദ്യചുവട് വച്ചിരിക്കുന്നത്.

Tags:    

Similar News