അഫ്ഗാനെ ഭീകരരുടെ താവളമാക്കാന്‍ അനുവദിക്കരുത്; യുഎന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കി

Update: 2021-09-01 07:45 GMT

ജനീവ: അഫ്ഗാനെ ഭീകരരുടെ താവളമാക്കാന്‍ അനുവദിക്കരുതെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്നും അന്താരാഷ്ട്ര ബാധ്യതകള്‍ താലിബാന്‍ നിറവേറ്റുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് യുഎന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കി. ഇന്ത്യയാണ് രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തുള്ളത്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി നാടുവിടുന്നതിനുളള അവസരമൊരുക്കണമെന്നും പ്രമേയം താലിബാനോട് ആവശ്യപ്പെട്ടു.

ഫ്രാന്‍സ്, യുകെ, യുഎസ് അടക്കം 13 അംഗരാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. റഷ്യയും ചൈനയും വീറ്റൊ ചെയ്തില്ലെങ്കിലും വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നു. തിങ്കളാഴ്ചയാണ് പ്രമേയം പാസ്സായത്. 

കാബൂളില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമാണ് ഇത്തരമൊരു പ്രമേയം യുഎന്‍ രക്ഷാസമിതി പാസ്സാക്കുന്നത്. സുരക്ഷാ സമിതിയില്‍ 15 രാജ്യങ്ങള്‍ അംഗങ്ങളാണ്. ആഗസ്തില്‍ ഇന്ത്യക്കാണ് പ്രസിഡന്റ് സ്ഥാനം. ഇന്ത്യ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നതിനു തൊട്ടു മുമ്പത്തെ ദിവസമാണ് പ്രമേയം പാസ്സായത്. ഓരോ മാസവും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിനായിരിക്കും പ്രസിഡന്റ് സ്ഥാനം.

ആഗസ്ത് 26ാം തിയ്യതി കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച ഇസ് ലാമിക് സ്റ്റേറ്റ് ഖൊറാസാന്റെ നടപടി രക്ഷാസമിതി അപലപിച്ചു. അഫ്ഗാന്റെ ഐക്യവും സ്വാതന്ത്ര്യവും അഖണ്ഡതയും പരമാധികാരവും നിലനിര്‍ത്തുന്നതില്‍ ഐക്യരാഷ്ട്രസഭ പ്രതിജ്ഞാബന്ധമാണെന്നും പ്രമേയത്തില്‍ പറയുന്നു.

ആക്രമണത്തെ അപലപിച്ച താലിബാന്റെ നടപടി പ്രമേയത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ഭീകരര്‍ക്ക് താവളമാക്കാനോ, പരിശീലനം നടത്താനോ മറ്റ് രാജ്യങ്ങളെ ആക്രമിക്കാനോ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്നും അത്തരം ഗ്രൂപ്പുകളെയും വ്യക്തികളെയും യുഎന്‍ തീരുമാനങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

Tags:    

Similar News