വിവാദ ഭൂപടത്തിന് പിന്നാലെ കാലാപാനിക്കടുത്ത് സൈനിക ബാരക്ക് സ്ഥാപിക്കാനൊരുങ്ങി നേപ്പാള്‍
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കുന്നതാണ് നേപ്പാളിന്റെ പുതിയ നീക്കം.
ന്യൂഡല്‍ഹി: ഇന്ത്യയുടെ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ച് വിവാദ ഭൂപട ബില്ല് പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെ കാലാപാനിക്കടുത്ത് സൈനിക ബാരക്ക് സ്ഥാപിക്കാനൊരുങ്ങി നേപ്പാള്‍. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാക്കുന്നതാണ് നേപ്പാളിന്റെ പുതിയ നീക്കം. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പരിഷ്‌കരിച്ച രാഷ്ട്രീയ-ഭരണ ഭൂപട ബില്ല് കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
കാലാപാനി, ലിപുലേക്ക്, ലിംപിയധുര തുടങ്ങിയ തന്ത്രപ്രധാന ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രാഷ്ട്രീയ-ഭരണ ഭൂപട ബില്ല് നേപ്പാള്‍ പരിഷ്‌ക്കരിച്ചത്. ഇക്കാര്യത്തില്‍ ചൈനീസ് അംബാസിഡര്‍ ഹു യാങ്കി നിര്‍ണായക പങ്കു വഹിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നേപ്പാളിലെ ജനപ്രതിനിധിസഭയിലാണ് ഭൂപടം ആദ്യം പാസാക്കിയത്. അതിനുശേഷം നേപ്പാളിലെ ഉപരിസഭ പുതിയ ബില്‍ ഏകകണ്ഠമായി പാസാക്കി. ബില്ലിന് നേപ്പാള്‍ പ്രസിഡന്റിന്റെ അനുമതിയും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹു യാങ്കി ഈ നീക്കത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും ഈ നീക്കത്തിന് പിന്നിലെ പ്രചോദനാത്മക ഘടകമാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പാകിസ്താനില്‍ മൂന്നു വര്‍ഷത്തോളം ജോലിചെയ്തിരുന്ന ഹു യാങ്കി നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫിസും ഔദ്യോഗിക വസതിയും പതിവായി സന്ദര്‍ശിച്ചിരുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രീയ ഭൂപടം മാറ്റുന്നതിനായി രണ്ടാം ഭരണഘടന ഭേദഗതി ബില്‍ തയ്യാറാക്കുന്നതിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിലെ ഒരു പ്രതിനിധി സംഘം ചൈനീസ് അംബാസഡറുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരാഖണ്ഡിലെ ലിപുലെഖ് ചുരത്തിലേക്കുള്ള ഇന്ത്യയുടെ റോഡിനെതിരെ നേപ്പാള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നില്‍ ബെയ്ജിങ് ആണെന്ന് ഇന്ത്യന്‍ സൈനിക മേധാവി ചൈനയെ നേരിട്ട് പരാമര്‍ശിക്കാതെ സൂചന നല്‍കിയിരുന്നു.