ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ മാപ്പിന് നേപ്പാള്‍ ഉപരിസഭയുടേയും അംഗീകാരം

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ ഭൂപടമാണ് പാസാക്കിയത്.

Update: 2020-06-18 10:05 GMT

കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണ ഭൂപടം പുതുക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അംഗീകാരം നല്‍കി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ ഭൂപടമാണ് പാസാക്കിയത്.

57 അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. ബില്ലിന് അധോസഭ ശനിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത 258 എംപിമാരും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ ഇനി പ്രസിഡന്റിനെ അംഗീകാരം മാത്രമേ ഇതിന് ലഭിക്കേണ്ടതുള്ളൂ.

കൃത്രിമമായി സൃഷ്ടിച്ച ഈ അവകാശവാദങ്ങള്‍ക്ക്, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലെന്നും, അതിനാല്‍ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മേയ് എട്ടിന് ഉത്തരഖണ്ഡിലെ ലിപുലേഖ് ചുരത്തേയും ധാര്‍ചുലയേയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഉദ്ഘാടനം ചെയ്തശേഷം ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്. തങ്ങളുടെ ഭൂപ്രദേശത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നതെന്ന് ആരോപിച്ച് നേപ്പാള്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഈ വാദം ഇന്ത്യ തള്ളിയിരുന്നു.


Tags:    

Similar News