നേപ്പാളില്‍ ശക്തിയേറിയ ഭൂചലനം, ആറ് മരണം; ഡല്‍ഹിയില്‍ ഉള്‍പ്പെടെ തുടര്‍ചലനങ്ങള്‍
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ ശക്തിയേറിയ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 1.57നുണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് റിപോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോത്തി ജില്ലയില്‍ വീട് തകര്‍ന്ന് ആറുപേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ടു ചെയ്തു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിച്ച ഇവരില്‍ പല രും ഗുരുതരാവസ്ഥയിലാണ്.
മരണനില ഇനിയും ഉയര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി ദോതിയിലെ ചീഫ് ഡിസ്ട്രിക്ട് ഓഫിസര്‍ കല്‍പ്പന ശ്രേഷ്ഠ അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അധികൃതരുടെ സംശയം. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായെത്തിയിട്ടുണ്ട്. മേഖലയില്‍ 24 മണിക്കൂറിനിടെ രണ്ട് ഭൂകമ്പവും ഒരു തുടര്‍ ചലനവും ഉണ്ടായതായി സീസ്‌മോളജി വകുപ്പ് അറിയിച്ചിരുന്നു.
നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാര്‍, ലഖ്‌നോ, ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുടര്‍ചലനങ്ങളുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഭൂമി കുലുങ്ങിയത്. ഏകദേശം 10 സെക്കന്‍ഡോളം നീണ്ടുനിന്നതായി നിരവധിപേര്‍ ട്വീറ്റ് ചെയ്തു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു. തലസ്ഥാനമായ കഠ്മണ്ഡുവില്‍നിന്നു 155 കിലോമീറ്റര്‍ വടക്കുകിഴക്കു മാറിയാണ് ചലനമുണ്ടായത്. ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററെന്നാണ് സീസ്‌മോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനാലാണ് ഡല്‍ഹിയിലും പരിസരങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുപിയിലെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്തിരുന്നവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓഫിസില്‍ അലാം മുഴങ്ങിയതോടെ കെട്ടിടത്തില്‍നിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിനുശേഷമാണ് വീണ്ടും ഓഫിസില്‍ പ്രവേശിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.
2015 ല്‍ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങി. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകര്‍ത്തിരുന്നു.