അമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി; കൊലയാളി പിടിയില്‍

Update: 2022-07-05 01:24 GMT

ചിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിസില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ് നടത്തിയ അക്രമിയെ പോലിസ് പിടികൂടി. 22കാരനായ റോബര്‍ട്ട് ഇ ക്രീമോയാണ് അഞ്ചുമണിക്കൂറിനുശേഷം പിടിയിലായത്. ഹൈലന്റ് പാര്‍ക്കില്‍ സ്വാതന്ത്ര്യദിന പരേഡിനിടെയാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അമേരിക്കയുടെ 246ാമത് സ്വാതന്ത്യദിനത്തില്‍ പരേഡ് കാണാന്‍ തടിച്ചുകൂടിയവര്‍ക്ക് നേരേ റോബര്‍ട്ട് ക്രീമോ വെടിയുതിര്‍ത്തത്. ഒരു കെട്ടിടത്തിന് മുകളില്‍നിന്നാണ് വെടിവയ്പ്പ് നടത്തിയത്.

രണ്ടുവര്‍ഷം മുമ്പ് മേയര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റയാളുടെ മകനാണ് പിടിയിലായത്. എന്നാല്‍, അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായിട്ടുണ്ടെന്ന് സിറ്റി പോലിസ് കമാന്‍ഡര്‍ ക്രിസ് ഒ നീല്‍ പറഞ്ഞു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. പരേഡ് ആരംഭിച്ച് 10 മിനിറ്റിനു ശേഷമാണ് വെടിവയ്പ്പുണ്ടായത്. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആളുകള്‍ ചിതറിയോടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെ ആഘോഷ പരിപാടികള്‍ നിര്‍ത്തിവച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നുതവണയുണ്ടായ വെടിവയ്പ്പില്‍ കുട്ടികളുള്‍പ്പടെ 29 പേരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്.

തോക്കുപയോഗം നിയന്ത്രിക്കാന്‍ നിയമം പാസാക്കിയെങ്കിലും തോക്കുപയോഗം നിയന്ത്രിക്കാന്‍ കഴിയാത്തത് ബൈഡന്‍ സര്‍ക്കാരിന് വലിയ തലവേദനയാവും സൃഷ്ടിക്കുക. കഴിഞ്ഞ വര്‍ഷവും ജൂലൈ ആദ്യവാരം പതിനേഴോളം പേര്‍ ചിക്കാഗോയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്‌സൈറ്റ് പ്രകാരം ആത്മഹത്യകള്‍ ഉള്‍പ്പെടെ അമേരിക്കയില്‍ തോക്കുകള്‍ പ്രതിവര്‍ഷം ഏകദേശം 40,000 മരണങ്ങള്‍ക്ക് കാരണമാവുന്നുവെന്നാണ് റിപോര്‍ട്ട്.

Tags:    

Similar News