യുഎസില്‍ കൂട്ടക്കൊല; കാലഫോര്‍ണിയ റെയില്‍ യാര്‍ഡ് ജീവനക്കാരന്‍ എട്ടു പേരെ വെടിവച്ച് കൊന്നു
സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് തൊട്ട് തെക്ക് സാന്‍ ജോസിലെ പബ്ലിക് ട്രാന്‍സിറ്റ് മെയിന്റനന്‍സ് യാര്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സാന്‍ ഫ്രാന്‍സിസ്‌കോ: കാലഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ ഒരു ജീവനക്കാരന്‍ എട്ട് പേരെ വെടിവച്ചു കൊന്നതായി പോലിസ് അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് തൊട്ട് തെക്ക് സാന്‍ ജോസിലെ പബ്ലിക് ട്രാന്‍സിറ്റ് മെയിന്റനന്‍സ് യാര്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വളപ്പില്‍ കോമ്പൗണ്ടിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് യാര്‍ഡില്‍ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുക്കുമൂലകള്‍ പരിശോധിച്ച് വരികയാണെന്ന് സാന്താ ക്ലാര കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി റസ്സല്‍ ഡേവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുവരെ അക്രമി ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഡേവിസ് പറഞ്ഞു.
വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി (വിടിഎ) ജീവനക്കാരനാണ് കൊല്ലപ്പെട്ട അക്രമിയെന്ന് സംശയിക്കുന്നതായും പോലിസ് അറിയിച്ചു. അക്രമി എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം വ്യക്തമല്ല.