അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തം; ബിഹാറില്‍ ട്രെയിന് തീയിട്ടു, ബിജെപി ഓഫിസ് തകര്‍ത്തു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായി. ബിഹാറിലാണ് പ്രതിഷേധം കൂടുതല്‍ കടുത്തത്. ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും റെയില്‍, റോഡ് ഗതാഗതം കരസേനാ ഉദ്യോഗാര്‍ഥികള്‍ തടസ്സപ്പെടുത്തി. പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രോഷാകുലരായ യുവാക്കള്‍ ട്രെയിന് തീയിട്ടു. ബസ്സുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഭാഭുവ റോഡ് റെയില്‍വേ സ്‌റ്റേഷനിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്. ഒരു കോച്ചിന് തീയിടുകയും ചെയ്തു.
'ഇന്ത്യന്‍ ആര്‍മി പ്രേമികള്‍' എന്ന ബാനര്‍ പിടിച്ചാണ് പുതിയ റിക്രൂട്ട്‌മെന്റ് സ്‌കീമിനെതിരേ മുദ്രാവാക്യം വിളിച്ചത്. നവാഡയില്‍ കോടതിയിലേക്ക് പോവുകയായിരുന്ന ബിജെപി എംഎല്‍എ അരുണാ ദേവിയുടെ വാഹനത്തിന് നേരേ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. നിയമസഭാംഗമടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നവാഡയിലെ ബിജെപി ഓഫിസും പ്രതിഷേധക്കാര്‍ തകര്‍ത്തു. റെയില്‍, റോഡ് ഗതാഗതമെല്ലാം താറുമാറായിരിക്കുകയാണ്. 22 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുകയും അഞ്ചെണ്ണം ഭാഗികമായി നിര്‍ത്തേണ്ടിവരികയും ചെയ്തതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. ജെഹാനാബാദ്, ബക്‌സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു.
അറായിലെ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കാറില്‍ സ്ഥാപിച്ച പാര്‍ട്ടി പതാക അവര്‍ വലിച്ചുകീറിയതായി എംഎല്‍എ ആരോപിച്ചു. ഡ്രൈവര്‍ക്കും രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും രണ്ട് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും പരിക്കേറ്റു. അക്രമത്തിനെതിരേ എംഎല്‍എ പോലിസില്‍ പരാതി നല്‍കി. അറായിലെ റെയില്‍വേ സ്‌റ്റേഷനില്‍ പോലിസിന് നേരേ കല്ലെറിഞ്ഞ പ്രതിഷേധക്കാരുടെ ഒരു വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു.
आरा स्टेशन पर उग्र छात्रों को हटाने के लिए आश्रु गैस के गोले देखिए अब दागे जा रहे हैं @ndtvindia @Anurag_Dwary pic.twitter.com/s0YP3bq1Tx
— manish (@manishndtv) June 16, 2022
പ്രതിഷേധക്കാര്‍ ഫര്‍ണിച്ചറുകള്‍ ട്രാക്കിലേക്ക് എറിഞ്ഞ് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ തീ അണയ്ക്കാന്‍ റെയില്‍വേ ജീവനക്കാര്‍ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ നിലയുറപ്പിച്ച യുവാക്കളെ പിരിച്ചുവിടാന്‍ ശ്രമിച്ച പോലിസിന് നേരേ കല്ലേറുണ്ടായി. പോലിസും പ്രതിഷേധക്കാരായ വിദ്യാര്‍ഥികളും പരസ്പരം കല്ലെറിയുന്നത് ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ പോലിസുകാര്‍ തോക്ക് ചൂണ്ടിയാണ് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചത്. നവാഡയില്‍ യുവാക്കളുടെ സംഘങ്ങള്‍ ട്രാക്കില്‍ ടയറുകള്‍ കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഹാറിലെ മുസാഫര്‍പൂരിലും ബക്‌സറിലും നാല് വര്‍ഷത്തിന് ശേഷം എന്ത് ചെയ്യുമെന്ന് ചോദിച്ച് പ്രതിഷേധക്കാര്‍ ഇന്നലെ പ്രതിഷേധമുയര്‍ത്തി. കേന്ദ്രം യുവാക്കളെ വിഡ്ഢികളാക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നത്. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമിക്കുമ്പോള്‍ സ്ഥിരജോലിക്കുള്ള അവസരം നഷ്ടമാവുമെന്നാണ് ആരോപണം.വിരമിക്കുമ്പോള്‍ അലവന്‍സോ പെന്‍ഷന്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന ആരോപണങ്ങളും പ്രതിഷേധത്തില്‍ ഉയരുന്നുണ്ട്.