അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാട്: ബിജെപിയെ വെട്ടിലാക്കി മിഷേലിന്റെ മൊഴി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മാതാവ് സോണിയ ഗാന്ധിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്ക് കനത്ത തിരിച്ചടിയുമായി പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴി.വിഷയത്തില്‍ മിഷേല്‍ ഇറ്റാലിയന്‍ വനിതയെയും മകനെയും കുറിച്ച് പരാമര്‍ശം നടത്തിയെന്ന വിധത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്്ടറേറ്റിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മാതാവ് സോണിയ ഗാന്ധിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്ക് കനത്ത തിരിച്ചടിയുമായി പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. അഴിമതിയാരോപണം നേരിടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ ഇന്ത്യയില്‍ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ബിജെപിയുടെ പ്രമുഖ നേതാവ് സഹായിച്ചെന്നാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ ഡോദ്യം ചെയ്യുന്നതിനിടെ വ്യക്തമാക്കിയതെന്നാണു വിവരം. നിലവില്‍ രാജ്യസഭാംഗമായ മുന്‍ കേന്ദ്രമന്ത്രിയുമായ ബിജെപിയുടെ ഉന്നത നേതാവിനെതിരേയാണ് ആരോപണം. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ നടപടി മോദി സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തിയായിരുന്നത്. മാസങ്ങള്‍ക്കു ശേഷം തന്നെ കമ്പനി കരിമ്പട്ടികയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
മിഷേല്‍ രേഖാമൂലം നല്‍കിയ മൊഴിയില്‍ തന്റെയും പിതാവിന്റെയും സുഹൃത്തുക്കളായ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലും ഈ ബിജെപി നേതാവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. നേരത്തേ സിബിഐയുടെ ചോദ്യംചെയ്യലിലും പേര് വെളിപ്പെടുത്തിയിരുന്നെങ്കിലും അവര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നാണു മിഷേലിന്റെ പരാതി. അതിനിടെ, ചോദ്യം ചെയ്യലിനായി മിഷേലിനെ കുറച്ചു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം തള്ളിയ പ്രത്യേക സിബിഐ കോടതി അടുത്ത മാസം 26 വരെ റിമാന്‍ഡ് ചെയ്തു. കേസ് അടുത്ത അടുത്ത മാസം 26നു പരിഗണിക്കും. മിഷേലിന്റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി റഫേല്‍ ഇടപാടിലെ കോണ്‍ഗ്രസ് വാദങ്ങളെ ബിജെപി പ്രതിരോധിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായിട്ടുള്ളത്.