അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ്: സോണിയ ഗാന്ധിക്കെതിരേ കുരുക്കൊരുങ്ങുന്നു
കേസില്‍ അറസ്റ്റിലായിരുന്ന ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടിരുന്നതായി അദ്ദേഹത്തെ ചോദ്യം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ്(ഇഡി) ഉദ്യോഗസ്ഥര്‍ ഡല്‍ഹി പട്യാല കോടതിയെ അറിയിച്ചു.
ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ യുപിഎ മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിക്കെതിരേ കുരുക്കൊരുങ്ങുന്നു. കേസില്‍ അറസ്റ്റിലായിരുന്ന ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടിരുന്നതായി അദ്ദേഹത്തെ ചോദ്യം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ്(ഇഡി) ഉദ്യോഗസ്ഥര്‍ ഡല്‍ഹി പട്യാല കോടതിയെ അറിയിച്ചു. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ വളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. ഇതിനുപുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരും മിഷേല്‍ പരാമര്‍ശിച്ചെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, സോണിയ ഗാന്ധിയുടെ പേര് പറഞ്ഞ സാഹചര്യം വ്യക്തമാക്കിയിട്ടില്ല. 'മിസ് ഗാന്ധി'യും 'ഇറ്റലിക്കാരിയുടെ മകനും' എന്ന വിധത്തിലാണ് അഭിഭാഷകനോട് മിഷേല്‍ പറഞ്ഞതെന്നാണു ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഒരു കുടുംബത്തിന്റെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റിനു മേല്‍ ബിജെപി സമ്മര്‍ദം ചെലുത്തുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ തിരക്കഥ അനുസരിച്ചാണ് മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആര്‍പി സിങ് പറഞ്ഞു. നേരത്തേ, എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിക്കൂട്ടിലാക്കിയിരുന്ന റഫേല്‍ വിമാന ഇടപാട് കേസ് സുപ്രിംകോടതിയില്‍ എത്തിയപ്പോഴാണ് ക്രിസ്റ്റിയന്‍ മിഷേലിനെ അറസ്റ്റ് ചെയ്തിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിക്കും മാതാവ് സോണിയാഗാന്ധിക്കുമെതിരേ കേന്ദ്രസര്‍ക്കാര്‍ ചരടുവലികള്‍ നടത്തുന്നതായി ആക്ഷേപമുയരുന്നതിനിടെയാണ് മിഷേലിന്റെ വരവും ചോദ്യംചെയ്യലിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.