കാത്തിരുന്ന് കാണാം...എക്സിറ്റ് പോളിനെ കുറിച്ച് സോണിയ ഗാന്ധി

Update: 2024-06-03 08:23 GMT

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന് ഹാട്രിക് പ്രവചിക്കുന്നതാണ് പ്രധാന എക്‌സിറ്റ് പോളുകളെങ്കിലും പ്രതീക്ഷ കൈവിടാതെ ഇന്‍ഡ്യ സഖ്യം. എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നാണ് ഭൂരിഭാഗം ഇന്‍ഡ്യ സഖ്യം നേതാക്കളും അഭിപ്രായപ്പെട്ടത്. സമാന അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കും. ഞങ്ങള്‍ കാത്തിരിക്കുകയാണ്. നമുക്ക് കാത്തിരുന്ന് കാണാം...എക്‌സിറ്റ് പോളില്‍ നിന്ന് തീര്‍ത്തും വിപരീതമായിരിക്കും എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷ. എന്നായിരുന്നു എക്‌സിറ്റ് പോളിനെ കുറിച്ച് സോണിയയുടെ പ്രതികരണം.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാധിയുടെ 100ാം ജന്‍മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ ഡിഎംകെ ഓഫിസിലെത്തിയതായിരുന്നു സോണിയ ഗാന്ധി. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‌വാദി പാര്‍ട്ടി രാം ഗോപാല്‍ യാദവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുതിര്‍ന്ന ഡിഎംകെ നേതാക്കളായ ടിആര്‍ ബാലു, തിരുച്ചി ശിവ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചടങ്ങിനായി ഡിഎംകെ ഓഫിസിലെത്തിയിരുന്നു.

എക്‌സിറ്റ് പോള്‍ മോദി പോളാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഇന്‍ഡ്യ സഖ്യത്തിന് 295 സീറ്റുകള്‍ ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 543 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്.

Tags:    

Similar News