കണ്ണൂര്‍: സ്‌കൂളിനു ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ എം ഷാജിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ വിജിലന്‍സ് ഡി വൈഎസ്പി മധുസൂധനനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. തലശ്ശേരി വിജിലന്‍സ് കോടതിയിലാണ് കേസ് നടക്കുക. സംഭവത്തില്‍ അന്വേഷണത്തിന് കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
2013-14 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി. ഹൈസ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്‌കൂളിന് അനുമതി ലഭിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. മാനേജ്‌മെന്റ് ലീഗ് നേതാക്കള്‍ക്ക് ഓഫിസ് നിര്‍മാണത്തിനു 25 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ പണം നല്‍കിയെന്ന് അറിയിച്ചെങ്കിലും പാര്‍ട്ടിയുടെ പൂതപ്പാറ ശാഖയ്ക്ക് ലഭിച്ചില്ലെന്നതിനാല്‍ പ്രാദേശിക നേതാവായ നൗഷാദ് പൂതപ്പാറ പാര്‍ട്ടി മേല്‍ഘടകത്തിനു പരാതി നല്‍കി. ഇതു ശരിവച്ച് അഴീക്കോട് മണ്ഡലം കമ്മിറ്റി നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിക്ക് കത്തയച്ചു. എന്നാല്‍, സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നു പറഞ്ഞെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിനിടെയാണ് പരാതി പുറത്തായതും വിവാദമായതും.
സ്‌കൂള്‍ അധികൃതര്‍ 25 ലക്ഷം രൂപ കെ എം ഷാജിക്ക് നല്‍കിയെന്ന ആരോപണത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് വിജിലന്‍സിനെ സമീപിച്ചത്. തുടര്‍നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ മാര്‍ച്ച് 13നാണ് കേസെടുക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സ്പീക്കറുടെ അനുമതി സംബന്ധിച്ച അന്തിമതീരുമാനമായത്. എന്നാല്‍, മൂന്നുദിവസം മുമ്പ് മുഖ്യമന്ത്രിക്കെതിരേ പരസ്യമായി പ്രതികരിച്ചതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് കെ എം ഷാജിയുടെ പ്രതികരണം. ഷാജിക്ക് പിന്തുണയുമായി മുസ് ലിം ലീഗും യുഡിഎഫും രംഗത്തുണ്ട്. സ്‌കൂള്‍ മാനേജരാവട്ടെ കോഴ നല്‍കിയില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍, മുസ് ലിം ലീഗിന്റെ അധ്യാപക സംഘടനയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന നൗഷാദ് പൂതപ്പാറ തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.