കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ ഫാഷിസം: യൂത്ത് ലീഗ്
വിമര്‍ശിക്കുന്നവരെ കേസില്‍പെടുത്തുകയെന്ന നരേന്ദ്ര മോദിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയനും തുടരുന്നത്.
കോഴിക്കോട്: പിണറായി വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ കെ.എം ഷാജിക്കെതിരെ കള്ളപരാതി നല്‍കി വിജിലന്‍സിനെ കൊണ്ട് കേസെടുപ്പിച്ച നടപടി രാഷ്ട്രീയ ഫാഷിസമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ആറ് വര്‍ഷം മുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഇപ്പോള്‍ കേസെടുക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. വിമര്‍ശിക്കുന്നവരെ കേസില്‍പെടുത്തുകയെന്ന നരേന്ദ്ര മോദിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയനും തുടരുന്നത്. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് പൊടി തട്ടിയെടുത്താണ് സഞ്ജീവ് ഭട്ടിനെ കേസില്‍ പെടുത്തിയത്. അത്തരം ശൈലി കേരളത്തില്‍ കൊണ്ട് വരാന്‍ ജനാധിപത്യ കേരളം അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഇടത്പക്ഷ മന്ത്രി സഭയിലെ മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷ നേതാവും യൂത്ത് ലീഗും തെളിവുകള്‍ സഹിതം വിജിലന്‍സിന് പരാതി നല്‍കിയിട്ടും നാളിത് വരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇടത്പക്ഷ മന്ത്രിമാര്‍ക്ക് അന്വേഷണത്തെ ഭയമാണെങ്കില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം പ്രഖ്യാപിച്ചാലോ കേസില്‍പെടുത്തിയത് കൊണ്ടോ പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാന്‍ ആവില്ലെന്നും നേതാക്കള്‍ പറഞ്ഞു.