ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം: പോളിങ് ബൂത്തുകള്‍ തകര്‍ത്തു; വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു
ഗുണ്ടൂരില്‍ വോട്ടിങ്ങിനിടെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോളിങ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ സംഘര്‍ഷമെത്തി. വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഹൈദരാബാദ്: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ആന്ധ്രയില്‍ വ്യാപകസംഘര്‍ഷം. ഗുണ്ടൂരില്‍ വോട്ടിങ്ങിനിടെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോളിങ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ സംഘര്‍ഷമെത്തി. വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നരസാരോപട്ട് നിയമസഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാര്‍ഥി അരവിന്ദ് ബാബുവാണ് ആക്രമണം നടത്തിയതെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം. ഇരുകൂട്ടരെയും പിരിച്ചുവിടാന്‍ പോലിസ് ലാത്തിവീശി. വൈഎസ്ആര്‍- ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ടിഡിപി മന്ത്രി അഖിലാ പ്രിയാ ഭൂമ, ഭര്‍ത്താവ് ഭാര്‍ഗാബ് സഹോദരി മൗണിക എന്നിവര്‍ക്ക് പരിക്കേറ്റു.
വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തതിന്റെ പേരില്‍ പ്രകാശം ജില്ലയിലെ വേമാവരം ഗ്രാമത്തില്‍ രണ്ട് പോളിങ് ഏജന്റുമാരെ പോലിസ് കസ്റ്റഡിയിലെടുത്തു.
കടാപ്പാ ജില്ലയിലെ 126ാം ബൂത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിങ് യന്ത്രം തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് ബൂത്ത് താല്‍ക്കാലികമായി അടയ്ക്കുകയും വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ആന്ധ്രയില്‍ നൂറോളം സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഇതെത്തുടര്‍ന്ന് പലരും വോട്ടുചെയ്യാതെ മടങ്ങി.
തകരാര്‍ കണ്ടെത്തിയ യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശ് പഞ്ചായത്ത് രാജ് മന്ത്രിയുടെ മണ്ഡലമായ നര്‍സിപട്ടണത്തിലും വോട്ടെടുപ്പ് മന്ദഗതിയിലാണ് നടക്കുന്നത്. പലയിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ പോലിസ് ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ അനന്ദ്പൂര്‍ ജില്ലയിലെ ഗുണ്ടകല്‍ നിയമസഭാ മണ്ഡലത്തിലെ ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്ത വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, 30 ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും റീ പോളിങ് നടത്തണമെന്നും ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കി.