മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ കേരളത്തില്‍ 500ലേറെ കേസുകള്‍

ഇതില്‍ ചിലയിടങ്ങളില്‍ ആദ്യഘട്ടത്തില്‍ കേസെടുത്തപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി കേസെടുക്കില്ലെന്നു പറഞ്ഞത്. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലഭിച്ച വിവരത്തിലാണ് സംസ്ഥാനത്ത് മാത്രം 500 ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു വ്യക്തമായത്.

Update: 2021-01-11 13:14 GMT
കോഴിക്കോട്: രാജ്യമാകെ പ്രതിഷേധത്തിനു കാരണമായ പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരം അടിച്ചമര്‍ത്താന്‍ കേരളത്തിലും ശ്രമമെന്ന് കണക്കുകള്‍. പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നു വിവിധ ജില്ലകളിലെ പോലിസ് ആസ്ഥാനത്തു നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഫെബ്രുവരി 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരക്കാര്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് ഔദ്യോഗികമായി വിശദീകരിച്ചെങ്കിലും ഇക്കാലയളവില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യത്യസ്ത മത സംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ 500ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണു വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. യുപിയില്‍ യോഗി ആദിത്യനാഥ് പ്രക്ഷോഭകാരികളായ മുസ്്‌ലിംകളെ വെടിവച്ചുകൊല്ലുകയും ജാമ്യത്തിനു ഭീമന്‍ പിഴത്തുക ഏര്‍പ്പെടുത്തുകയും ചെയ്താണെങ്കില്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ കൂട്ടത്തോടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് നേരിട്ടതെന്നാണു പുറത്തുവരുന്നത്. പ്രത്യേകിച്ച്, പൗരത്വ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മുസ് ലിംകളിലെ സംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമെതിരേയാണ് കേസുകള്‍ എന്നതും ശ്രദ്ധേയമാണ്. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) വിവിധ ജില്ലാ പോലിസ് ആസ്ഥാനങ്ങളിലേക്കയച്ച വിവരാവകാശ അപേക്ഷകളില്‍ ലഭിച്ച കണക്കുകളിലാണ് പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുന്നത്.

        2020ന്റെ ആദ്യമാസങ്ങളില്‍ രാജ്യത്തെ സ്തംഭിപ്പിച്ച പ്രക്ഷോഭങ്ങള്‍ മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് നിര്‍ത്തിവച്ചത്. ഇതിനിടെ കേരളത്തിലും നിരവധി സമരങ്ങളാണ് നടന്നത്. മഹല്ല് ജമാഅത്തുകള്‍, മത സമംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ തനിച്ചും സംയുക്തമായും നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ചിലയിടങ്ങളില്‍ ആദ്യഘട്ടത്തില്‍ കേസെടുത്തപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി കേസെടുക്കില്ലെന്നു പറഞ്ഞത്. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലഭിച്ച വിവരത്തിലാണ് സംസ്ഥാനത്ത് മാത്രം 500 ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു വ്യക്തമായത്. എന്തിനേറെ മുഖ്യമന്ത്രി തന്നെ പങ്കെടുത്ത പരിപാടികള്‍ വരെ പൗരത്വ വിഷയത്തില്‍ അരങ്ങേറിയിരുന്നു എന്നിരിക്കെയാണ് പോലിസ് നടപടിയെന്നതും ശ്രദ്ധേയമാണ് മഹല്ല് കമ്മിറ്റികള്‍, മുസ് ലിം സംയുക്ത സമിതി, എസ്‌കെഎസ്എസ്എഫ്, എസ്എസ്എഫ്, മുസ് ലിം സര്‍വീസ് സൊസൈറ്റി, എസ് ഡിപി ഐ, പോപുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ട്, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ് ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, മുസ് ലിം ജമാഅത്ത് കൗണ്‍സില്‍, പിഡിപി, ബിഎസ് പി, കെഎസ് യു, പോരാട്ടം, ഫ്രറ്റേണിറ്റി, എസ് ഐഒ, മുസ് ലിം ലീഗ്, എന്‍ഡബ്ല്യുഎഫ്, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ചിലയിടങ്ങളില്‍ മനപൂര്‍വം ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തതെന്നാണ് പോലിസ് വിശദീകരണം. അതേസമയം, പൗരത്വ വിരുദ്ധ സമരം സംസ്ഥാനത്ത് ഒരിടത്തും ക്രമസമാധാനം തകര്‍ത്തിട്ടില്ലെന്നിരിയിക്കെയാണ് പോലിസിന്റെ വിചിത്ര വിശദീകരണമെന്നതും ശ്രദ്ധേയമാണ്.

    കേരള സര്‍ക്കാര്‍ നിയമത്തിന് എതിരാണെന്ന പൊതുധാരണ സൃഷ്ടിക്കുകയും എന്നാല്‍, സമരം ചെയ്തവര്‍ക്കെതിരേ പ്രത്യേകിച്ചും ഇത് ഏറ്റവും അധികം ബാധിക്കുന്ന മുസ്്‌ലിം സംഘടനകളെ, രാഷ്ടീയ പാര്‍ട്ടികളെ ലക്ഷ്യമാക്കിയാണ് കേസെടുത്തിട്ടുള്ളതെന്നും എന്‍സിഎച്ച്ആര്‍ഒ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതും കളവുമാണെന്ന് കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളില്‍ നിന്നും മനസ്സിലാക്കുന്നു. ചില ജില്ലകളില്‍ നിന്നു ലഭിച്ചത് ജനുവരി, ഫെബ്രുവരി മാസത്തെ എണ്ണമാണെങ്കില്‍ മറ്റുചിലയിടങ്ങളില്‍ നിന്ന് മാര്‍ച്ച് വരെയുള്ള കേസുകളുടെ എണ്ണവും ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ്, സംസ്ഥാന ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല സംബന്ധിച്ചു.

എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരക്കാര്‍ക്കു നേരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചുമത്തിയ കേസുകളുടെ വിശദാംശങ്ങള്‍(പാര്‍ട്ടികള്‍/സംഘടനകള്‍ തിരിച്ച്)




Anti CAA protest: more than 500 cases in Kerala

Tags:    

Similar News