സ്വയം സംസാരിക്കുന്ന ജനത

Update: 2022-04-08 13:33 GMT

സി ദാവൂദ്

2019ന്റെ ഒടുവിലും 2020 ആദ്യത്തിലുമായി ഇന്ത്യയിലാകമാനം അലയടിച്ചുയര്‍ന്ന പൗരത്വസമരം പല അര്‍ഥങ്ങളില്‍ പ്രാധാന്യമുള്ളതാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം പങ്കാളിത്തമുണ്ടായ തെരുവു പ്രക്ഷോഭം എന്നതാണ് അതിലൊന്ന്. ഏതെങ്കിലും പ്രത്യേക സംഘടനയുടെ പ്രത്യേകമായ പദ്ധതിയോ പരിപാടിയോ ആയിട്ടല്ലാതെ, പ്രത്യേകിച്ച് എന്തെങ്കിലും ആഹ്വാനത്തെ തുടര്‍ന്നല്ലാതെ സംഭവിച്ച ബഹുജന പ്രക്ഷോഭം എന്നതാണ് മറ്റൊന്ന്. ഏറ്റവും പ്രധാനം മുസ്‌ലിംകള്‍ക്കു വേണ്ടി മുസ്‌ലിംകള്‍ തന്നെ സംസാരിച്ച സന്ദര്‍ഭമായിരുന്നു അത് എന്നതാണ്. മുസ്‌ലിംകള്‍ക്കു വേണ്ടി മുസ്‌ലിംകള്‍ സംസാരിക്കുന്നത് കുഴപ്പമാണ്, വര്‍ഗീയതയാണ്, മരുന്നിട്ടു കൊടുക്കലാണ് തുടങ്ങിയ മതേതര പുരോഗമന ആഖ്യാനങ്ങള്‍ നിലനില്‍ക്കുന്ന നാട്ടില്‍, നിങ്ങള്‍ മിണ്ടാതിരിക്കൂ, നിങ്ങള്‍ക്കു വേണ്ടി മിണ്ടാന്‍ ഞങ്ങളുണ്ടെന്നു പറയുന്ന കൃപാലുക്കളായ അമ്മാവന്മാരാല്‍ വലയം ചെയ്യപ്പെട്ട ഒരു ജനത, ഇനി ഞങ്ങള്‍ സംസാരിച്ചുകൊള്ളാം എന്നു പ്രഖ്യാപിച്ച സന്ദര്‍ഭമായിരുന്നു അത്. സ്വയം സംസാരിക്കുന്നുവെന്നു പറഞ്ഞാല്‍ അതിനര്‍ഥം അവര്‍ സ്വയം ഒരു ഭാഷ വികസിപ്പിച്ചെടുത്തു എന്നതു കൂടിയാണ്. നിങ്ങള്‍ക്കു സംസാരിക്കാന്‍ ഒരു ഭാഷയുണ്ടാവുക എന്നത്, ആ ഭാഷ മനസ്സിലാക്കാതെ മുന്നോട്ടുപോവാന്‍ പറ്റില്ലെന്നു മറ്റുള്ളവര്‍ക്കു തോന്നുന്ന സന്ദര്‍ഭമുണ്ടാവുക എന്നതു വളരെ പ്രധാനമാണ്. അങ്ങനെ ഇന്ത്യയിലെ മുസ്‌ലിം ചെറുപ്പം അമ്മാവന്മാരില്‍ നിന്നു കടമെടുത്തതല്ലാത്ത, സ്വയം വികസിപ്പിച്ച ഭാഷയില്‍ സംസാരിച്ചു തുടങ്ങിയെന്നതാണ് പൗരത്വ സമരത്തിന്റെ ഏറ്റവും നിര്‍ണായക ഘടകം.

ഏതൊരു ജനതയുടെയും നിലനില്‍പ്പും അതിജീവനവും പുരോഗമനവുമായി ബന്ധപ്പെട്ടു മൂന്ന് അടിസ്ഥാന മൂലധനങ്ങള്‍ അതിപ്രധാനമാണ്. രാഷ്ട്രീയ മൂലധനം, സാമ്പത്തിക മൂലധനം, സാംസ്‌കാരിക മൂലധനം എന്നിവയാണവ. ഇതു മൂന്നും പരസ്പരബന്ധിതവും പരസ്പരം ശക്തിപ്പെടുത്തുന്നതുമാണ്. അതേസമയം, സാംസ്‌കാരിക മൂലധനമില്ലാത്ത ഒരു ജനതയ്ക്കു മറ്റു രണ്ടു മൂലധനങ്ങളും കൊണ്ട് പ്രത്യേകിച്ചു കാര്യമൊന്നുമുണ്ടാവില്ല. സാംസ്‌കാരിക മൂലധനമുണ്ടെങ്കില്‍ മറ്റു രണ്ടു മൂലധനമില്ലായ്മകൊണ്ടുള്ള ദൗര്‍ബല്യങ്ങളെ ഒട്ടൊക്കെ പരിഹരിക്കാനും മറ്റു രണ്ടു മൂലധനങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതില്‍ സഹായിക്കുകയും ചെയ്യും. സാംസ്‌കാരിക മൂലധനത്തിന്റെ മേഖലയില്‍ പ്രധാനപ്പെട്ട ഘടകമാണ് ഭാഷ, മാധ്യമം, ആശയവിനിമയം എന്നിവ. ജനങ്ങളോട്/ ലോകത്തോട് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ സാധിക്കുക എന്നതു പ്രധാനമാണ്. അങ്ങനെ സംസാരിക്കാനുള്ള ഭാഷ വേണം. അങ്ങനെയൊരു ഭാഷയില്ലാതെ നിങ്ങള്‍ക്കു മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും എത്രയധികം ഉണ്ടായിട്ടും കാര്യമില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റം അവര്‍ സ്വന്തമായൊരു രാഷ്ട്രീയ, സാംസ്‌കാരിക ഭാഷ വികസിപ്പിച്ചുവെന്നതു തന്നെയാണ്. മുസ്‌ലിംകളെ മൂക്കില്‍ വലിച്ചുകയറ്റിക്കളയും എന്ന ഭീഷണിയുണ്ടായിരുന്ന മോദി യുഗത്തില്‍ തന്നെയാണ് മുസ്‌ലിംകള്‍ സ്വന്തം ഭാഷയില്‍ ഏറ്റവുമധികം സംസാരിച്ചത് എന്നതു വളരെ പ്രധാനമാണ്. അതിനാല്‍, മുസ്‌ലിംകളും മാധ്യമങ്ങളും എന്നൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, മുസ്‌ലിംകള്‍ എത്ര മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നു, എത്രയധികം മുസ്‌ലിം മാധ്യമ പ്രവര്‍ത്തകര്‍ ആ വ്യവസായത്തില്‍ ജോലി ചെയ്യുന്നു എന്നതിനെക്കാള്‍ പ്രധാനം മുസ്‌ലിംകള്‍ ഏത് അളവില്‍ സ്വയം സംസാരിക്കുന്നുണ്ട് എന്നതാണ്. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ മുന്‍ അവസ്ഥയില്‍ ബഹുദൂരം സഞ്ചരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിമിനു സാധിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയും.

ഇന്ത്യാ ചരിത്രത്തിലെ അതിഭീകര അധ്യായമാണ് 1983ലെ നെല്ലി കൂട്ടക്കൊല. പതിനായിരത്തിലേറെ മുസ്‌ലിംകളാണ് വെറും ആറു മണിക്കൂര്‍ കൊണ്ട് അന്നവിടെ അറുകൊല ചെയ്യപ്പെട്ടത്. 35 ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനമാണ് അസം. അസമിലാണ് നെല്ലി. നെല്ലി കൂട്ടക്കൊലയോട് ഇന്ത്യയും ലോകവും എത്ര നിസ്സംഗമായാണ് പ്രതികരിച്ചത് എന്നതു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. അസമില്‍ പോലും അതു വലിയ ചലനങ്ങളുണ്ടാക്കിയില്ല. അസമിലെ മുസ്‌ലിംകള്‍ക്കു പോലും അതേക്കുറിച്ചു സംസാരിക്കാന്‍ സാധിച്ചില്ല. എന്നാല്‍, 2021 ഒക്‌ടോബറില്‍ ത്രിപുരയില്‍ നടന്ന മുസ്‌ലിം വിരുദ്ധ അക്രമങ്ങളെ എടുക്കുക. അതില്‍ ഒരാള്‍പോലും കൊല്ലപ്പെട്ടിട്ടില്ല എന്നോര്‍ക്കണം. അതേസമയം, ത്രിപുരയിലെ സംഘപരിവാര അതിക്രമങ്ങള്‍ ഏതാണ്ടെല്ലാ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ക്കും തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യേണ്ടി വന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലും അതു ചര്‍ച്ചയായി. ദേശീയതലത്തില്‍ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ രൂപപ്പെട്ടു. ഡല്‍ഹിയിലെ ത്രിപുര ഭവന്‍ പ്രക്ഷോഭവേദിയായി. ത്രിപുരയില്‍ മുസ്‌ലിംകള്‍ എട്ടു ശതമാനം മാത്രമേ ഉള്ളൂ എന്നും ഓര്‍ക്കുക. നെല്ലി കൂട്ടക്കൊലയോടും ത്രിപുര അക്രമങ്ങളോടുമുള്ള പ്രതികരണങ്ങളെക്കുറിച്ച താരതമ്യം ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ച, അവരുടെ ശബ്ദങ്ങളെക്കുറിച്ച ആത്മവിശ്വാസം നല്‍കുന്നതാണ്.

മുഖ്യധാരയും മുക്കിയ ധാരയും 

2019 മെയ് 1ന് 'ദ വയര്‍' പ്രസിദ്ധീകരിച്ച അജയ് ഗുഡവര്‍ത്തിയുടെ ഒരു ലേഖനത്തിന്റെ തലക്കെട്ട് 'There Is Communalism – Not Islamophobia – in India' എന്നതായിരുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ കാരണങ്ങളും ഇന്ത്യയിലെ അതിക്രമങ്ങളുടെ കാരണങ്ങളും ഒരേപോലെ കാണാന്‍ പറ്റില്ല എന്നതാണ് ലേഖനത്തിന്റെ പ്രമേയം. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം ഇസ്‌ലാമോഫോബിയയുടെ ഫലമല്ല, 'ചരിത്രപരമായ പരിക്കു'കളുടെ ഭാഗമാണ് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇസ്‌ലാമോഫോബിയ എന്ന ആഖ്യാനം ഇന്ത്യയിലെ മുസ്‌ലിംവിരുദ്ധ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അക്കാദമികമായി ശരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. ആ വാദത്തെ വിശകലനം ചെയ്യാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഇസ്‌ലാമോഫോബിയ എന്ന പ്രമേയവും പ്രയോഗവും ഇന്ത്യയിലെ മാധ്യമ വ്യവഹാരങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്തവിധം പ്രാമുഖ്യം നേടിയിട്ടുണ്ടെന്ന വസ്തുതയാണ് അത് അടിവരയിടുന്നത്. ഏതാനും വര്‍ഷം മുമ്പു വരെ ഇസ്‌ലാമോഫോബിയ എന്നു ശരിയാംവിധം ഉച്ചരിക്കാന്‍പോലും അറിയാത്തവരായിരുന്നു ഇന്ത്യയിലെ മുഖ്യധാരയും പുരോഗമന ധാരയും. ഇന്ന് അതേക്കുറിച്ച് അവര്‍ക്കു സംസാരിക്കേണ്ടി വരുന്നുവെന്നത് മുസ്‌ലിം ആഖ്യാനങ്ങള്‍ നേടിയെടുത്ത മുന്‍ക്കൈ തന്നെയാണ്.

മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളെ അവഗണിക്കുന്നു എന്നൊരു പരാതി മുസ്‌ലിംകള്‍ പതിവായി ഉന്നയിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ ശബ്ദങ്ങളെ മുക്കിയ ധാരയാണ് സത്യത്തില്‍ മുഖ്യധാര എന്ന് അവര്‍ പരിഹസിക്കാറുണ്ടായിരുന്നു. അപ്പറയുന്ന അവഗണനയില്‍ ഇന്നും വലിയ മാറ്റങ്ങളുണ്ടായി എന്നു പറയാന്‍ പറ്റില്ല. എന്നാല്‍, മുഖ്യധാര എന്ന സങ്കല്‍പ്പം തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് ഇന്നു പ്രധാനമായിട്ടുള്ളത്. ഒരു പ്രത്യേക കൂട്ടര്‍ മുഖ്യധാര, വേറെ ചില കൂട്ടര്‍ മുഖ്യമല്ലാത്ത ധാര എന്നൊന്നും പറയുന്നതില്‍ ഇന്നൊരര്‍ഥവുമില്ല. ജനാധിപത്യത്തിന്റെ വികാസത്തിന്റെ ഭാഗമായിക്കൂടി സംഭവിച്ച മാറ്റമാണത്. 'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നൊക്കെ ചിലര്‍ വലിയ പുരോഗമന അവകാശവാദം ഉന്നയിക്കാറുണ്ടായിരുന്നു. എന്നാല്‍, ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പ്രയോഗം തന്നെ സൂക്ഷ്മാര്‍ഥത്തില്‍ ശരിയല്ലെന്ന് ഇന്നു തിരിച്ചറിയപ്പെടുന്നുണ്ട്. കാരണം, ശബ്ദമില്ലാത്തവരായി ആരുമില്ല; എല്ലാവര്‍ക്കും ശബ്ദമുണ്ട്. ആ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ, കേള്‍പ്പിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. മാധ്യമങ്ങള്‍ നേരിടുന്ന പ്രധാന ചോദ്യമതാണ്. ഞങ്ങളുടെ ശബ്ദം കേള്‍ക്കാന്‍/കേള്‍പ്പിക്കാന്‍ നിങ്ങള്‍ സന്നദ്ധമാണോ എന്ന ചോദ്യം. ഇനി, നിങ്ങള്‍ കേള്‍ക്കാതിരിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്താലും ഞങ്ങള്‍ക്ക് കുഴപ്പമില്ല, ഞങ്ങള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന തലമുറ വളര്‍ന്നുവന്നിട്ടുണ്ട്. ആ തലമുറ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തില്‍ നിന്നു മാധ്യമങ്ങള്‍ക്ക് എളുപ്പം കുതറിമാറാന്‍ പറ്റില്ല. ഒരുതരം പബ്ലിക് ഗില്‍റ്റ് മാധ്യമങ്ങള്‍ക്കു മേല്‍ സൃഷ്ടിക്കാന്‍ ആ തലമുറയ്ക്കു സാധിച്ചിട്ടുണ്ട്. അവരുടെ ശബ്ദങ്ങള്‍ മുഖ്യധാരാ ആഖ്യാനമായി മാറിയിട്ടുണ്ടാവില്ല, പക്ഷേ, മുഖ്യധാരയില്‍ വിള്ളലുണ്ടാക്കുന്ന ആഖ്യാനങ്ങള്‍ വികസിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നുണ്ട്.

മാധ്യമങ്ങളില്‍ നിശ്ചയമായും മാറ്റമുണ്ട്. ആ മാറ്റം പക്ഷേ, മാധ്യമങ്ങളുടെ മഹാമനസ്‌കതയുടെ ഭാഗമായി ഉണ്ടായിവന്നതല്ല. പലവിധ സമ്മര്‍ദ്ദങ്ങളുടെയും ബാഹ്യ ഘടകങ്ങളുടെയും ഫലമായി രൂപപ്പെട്ടതാണ്. അതില്‍ പ്രധാനമാണ് വിവരസാങ്കേതിക രംഗത്തു വന്നിട്ടുള്ള മാറ്റം. 'I think, therefore I am' എന്നത് ആധുനിക തത്ത്വചിന്തയുടെ പ്രവാചകനായ റെനെ ദെകാര്‍ത്തിന്റെ പ്രസിദ്ധമായ പ്രയോഗമാണ്. ചിന്തയെയും യുക്തിബോധത്തെയും മനുഷ്യസത്തയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന പ്രയോഗമാണത്. ഇന്ന് അതിനൊരു പാരഡി രൂപപ്പെടുത്താമെങ്കില്‍ അത്, 'I broadcast, therefore I am' എന്നതായിരിക്കും. എന്തു സംഭവിച്ചാലും അതിന്റെ ദൃശ്യം ചിത്രീകരിച്ചു പ്രചരിപ്പിക്കുക എന്ന അവസ്ഥയിലാണ് മനുഷ്യര്‍. ഒരു വാഹനാപകടം നടന്നാല്‍ അതില്‍ പെട്ടവരെ രക്ഷിക്കുന്നതിനെക്കാള്‍ പരിഗണന അതിന്റെ ലൈവ് ഇടുന്നതിലാണ് പലര്‍ക്കും. ആ നിലയ്ക്ക് ഓരോ മനുഷ്യനും ഒരു ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യയില്‍ വന്ന മാറ്റമാണ് അതിനു കാരണം. ഇതു നിശ്ചമായും മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതിയെയും മാറ്റിമറിച്ചിട്ടുണ്ട്. മുഖ്യധാരയ്ക്കു പഴയതുപോലെ എല്ലാം മുക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇനി മുക്കിയാല്‍ തന്നെ, മുക്കിയവന്റെ വിശ്വാസ്യതയും വസ്തുനിഷ്ഠതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിനാല്‍ വന്‍കിട മാധ്യമങ്ങള്‍ ഞങ്ങളെ/ഞങ്ങളുടെ സമരത്തെ/ശബ്ദത്തെ പരിഗണിക്കുന്നുണ്ടോ ഇല്ലയോ എന്നതു മുസ്‌ലിംകള്‍ക്ക് പഴയതുപോലെ പരിഗണനാ വിഷയമല്ലാതായിട്ടുണ്ട്. നിങ്ങള്‍ പരിഗണിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്, അല്ലെങ്കില്‍ നിങ്ങളുടെ വിശ്വാസ്യതയായിരിക്കും നഷ്ടപ്പെടുന്നതെന്നു ചങ്കൂറ്റത്തോടെ പറയാന്‍ അവര്‍ക്കു സാധിക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ സഹായിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഒരു സമരം/പദ്ധതി പരാജയപ്പെട്ടുപോവുമെന്ന ആശങ്ക അവര്‍ക്കില്ല. ജനങ്ങളോട് സംസാരിക്കാനുള്ള ഭാഷ അവര്‍ നേരത്തേ സ്വായത്തമാക്കിയിട്ടുണ്ട്. അതിന് ആവശ്യമായ സാങ്കേതികവിദ്യയും ഇന്നു ലഭ്യമാണ്, എന്നിരിക്കെ ഞങ്ങളെന്തിനു മുഖ്യധാരാ അമ്മാവന്മാരെ കാത്തിരിക്കണം എന്നവര്‍ ചോദിക്കുന്നു. അവര്‍ വളര്‍ത്തിയെടുത്ത സാംസ്‌കാരിക ആത്മവിശ്വാസത്തോടൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യ സാധ്യമാക്കിയ അവസരങ്ങള്‍ കൂടിയാണ് ഇതിനു കാരണം.

വന്‍കിട മാധ്യമങ്ങളെപ്പോലും കവച്ചുവയ്ക്കുന്ന രീതിയില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, തികഞ്ഞ പ്രഫഷനല്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗംഭീരമായി മുന്നോട്ടുപോവുന്നത് നാം കാണുന്നുണ്ട്. മലയാളികളായ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന 'മക്തൂബ്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ത്രിപുര അക്രമങ്ങളെക്കുറിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്നത്. ആ വാര്‍ത്തകളെ പിന്തുടരാതെ തരമില്ലെന്ന തരത്തിലേക്കു മുഖ്യധാരാ മാധ്യമങ്ങളെ കൊണ്ടെത്തിക്കുന്നതില്‍ അവരുടെ തുടര്‍ച്ചയായ റിപോര്‍ട്ടിങുകള്‍ കൊണ്ട് സാധിച്ചു. ഉത്തരേന്ത്യയില്‍ നടക്കുന്ന വിദ്വേഷ അതിക്രമങ്ങള്‍, പൗരത്വ സമരം, യുഎപിഎ അറസ്റ്റുകള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ 'മക്തൂബി'ന്റെ ഇടപെടലുകള്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കു വരെ പിന്തുടരേണ്ടി വന്നത് നമുക്കു കാണാന്‍ സാധിക്കും. ഇനി, അവര്‍ പിന്തുടര്‍ന്നില്ലെങ്കില്‍ അവര്‍ക്കു നഷ്ടം എന്നതല്ലാതെ ആ വാര്‍ത്തയ്ക്കു പ്രാധാന്യം കുറയുന്നില്ല എന്നതാണ് കാര്യം. മുഖ്യധാരയ്ക്ക് അതേക്കുറിച്ചു നല്ല ബോധ്യമുണ്ട്.

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ മാധ്യമ പഠന വകുപ്പുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. അവിടെ നിന്നു പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ നല്ല രാഷ്ട്രീയ ധാരണയുള്ളവരും പ്രഫഷനല്‍ മികവുള്ളവരുമാണ്. അവര്‍ വിവിധ സ്ഥാപനങ്ങളിലായും സ്വന്തം നിലയ്ക്കും നടത്തുന്ന മാധ്യമ ഇടപെടലുകള്‍ പ്രധാനമാണ്. ഏതെങ്കിലും മുഖ്യധാരാ സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങി കുടുംബം പോറ്റി കഴിഞ്ഞുപോവുക എന്നതില്‍ കവിഞ്ഞു മാധ്യമ പ്രവര്‍ത്തനത്തെ ഒരു ദൗത്യമായി ഏറ്റെടുത്തവരാണ് അവരില്‍ നല്ലൊരു പങ്കും. അതിനാല്‍ തന്നെ പ്രഫഷനല്‍ മൂല്യങ്ങളുമായി ഒത്തുപോവാതെ അടിമപ്പണി ചെയ്യാന്‍ അവര്‍ സന്നദ്ധരല്ല. അങ്ങനെ നിര്‍ബന്ധിക്കപ്പെടുന്നപക്ഷം സ്വന്തം നിലയ്ക്കു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ അതല്ലെങ്കില്‍ ഫ്രീലാന്‍സിങ് സ്വഭാവത്തിലോ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ചെറുപ്പക്കാരുടെ കൂട്ടം ഇന്നു മുസ്‌ലിം സമുദായത്തിലുണ്ട്. ഇവരെല്ലാം ചേര്‍ന്നു സൃഷ്ടിച്ച അന്തരീക്ഷം നമ്മുടെ മൊത്തം മാധ്യമ ഉള്ളടക്കങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. 'റിപബ്ലിക്' ടിവി, 'സീ' ടിവി തുടങ്ങിയ അടിമ മാധ്യമങ്ങള്‍ ചെയ്യുന്ന, അങ്ങേയറ്റം ബാലിശവും അധമവുമായ മാധ്യമ പ്രവര്‍ത്തനം യഥാര്‍ഥത്തില്‍ ഈ പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ സൃഷ്ടിച്ചെടുത്ത മാധ്യമ സംസ്‌കാരത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കാതെ വരുമ്പോഴുണ്ടാവുന്ന അപകര്‍ഷബോധത്തില്‍ നിന്നുണ്ടാവുന്നതാണ്. മോദി ഭക്തികൊണ്ട് അന്ധത ബാധിച്ച കുറെയധികം ആളുകള്‍ക്ക് ആത്മരതിയുടെ നിര്‍വൃതി നല്‍കുന്നുവെന്നതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

മുസ്‌ലിം സമുദായത്തില്‍ പ്രബലമായൊരു മധ്യവര്‍ഗം രൂപപ്പെടുന്നുവെന്നതും ഈ വിശകലനത്തില്‍ പ്രധാനമാണ്. നമ്മുടെ എല്ലാ നഗരങ്ങളിലും സാന്നിധ്യവും സ്വാധീനവുമുള്ള ഒരു മുസ്‌ലിം മധ്യവര്‍ഗം രൂപപ്പെട്ടിട്ടുണ്ട്. അവരുടെ അഭിലാഷങ്ങളെയും മുന്‍ഗണനകളെയും സമ്പൂര്‍ണമായി നിരാകരിച്ചുകൊണ്ട് ഒരു മാധ്യമ സ്ഥാപനത്തിനും മുന്നോട്ടുപോവാന്‍ സാധ്യമല്ല. മാധ്യമങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട വശമാണത്. സ്വന്തം നിലയ്ക്കു കച്ചവടങ്ങള്‍ വിജയിപ്പിക്കുകയും സംരംഭങ്ങള്‍ നടത്തുകയും ചെയ്യുന്ന തലമുറ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു രൂപപ്പെടുന്നുണ്ട്. മധ്യവര്‍ഗത്തിന്റെ വ്യാപ്തിയും അവര്‍ക്കു സൃഷ്ടിക്കാന്‍ സാധിക്കുന്ന സമ്മര്‍ദ്ദശേഷിയുടെ അളവും ഏതു സമൂഹത്തിനും നിര്‍ണായകമാണ്. സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂലധനങ്ങള്‍ സമാഹരിക്കുന്നതില്‍ മധ്യവര്‍ഗത്തിന്റെ വിപുലനം പ്രധാനമാണ്. യുവാക്കളെ കൊണ്ടു സമ്പന്നമായ സമുദായം എന്ന നിലയ്ക്കു മുസ്‌ലിംകള്‍ക്കിടയില്‍ മധ്യവര്‍ഗത്തിന്റെ വിപുലനം ഇനിയും ശക്തിപ്പെടാന്‍ തന്നെയാണ് സാധ്യത. ആ യുവജന സഞ്ചയത്തെ ശരിയായ ദിശാബോധവും മുന്നേറാനുള്ള കഴിവും നല്‍കി വളര്‍ത്തിയെടുക്കുക എന്നതായിരിക്കണം മുസ്‌ലിം നേതൃത്വത്തിന്റെ കടമ. അങ്ങനെ സാധിക്കുന്നുവെങ്കില്‍ ഇനിയുള്ള 25 വര്‍ഷം നിശ്ചയമായും കഴിഞ്ഞ 25 വര്‍ഷത്തെക്കാളും ആഹ്ലാദകരമായിരിക്കും.


Tags:    

Similar News