മുംബൈയില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാനെ റിമാന്റ് ചെയ്തു; യുപിയിലേക്ക് കൊണ്ട് പോകാന്‍ അനുമതി

ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചാല്‍ യുപിയിലേക്കുള്ള യാത്രക്കിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുംബൈയില്‍ പാര്‍പ്പിക്കണമെന്നും കഫീല്‍ ഖാന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സുരക്ഷിതമായി യുപിയിലേക്ക് കൊണ്ടുപോകുമെന്ന് അലിഗഡ് പോലിസ് കോടതിയെ ബോധിപ്പിച്ചു.

Update: 2020-01-31 05:22 GMT

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് യുപി പോലിസ് അറസ്റ്റ് ചെയ്ത ഗോരഖ്പൂര്‍ ശിശുരോഗവിദഗ്ദ്ധന്‍ ഡോ. കഫീല്‍ ഖാനെ റിമാന്റ് ചെയ്ത മുംബൈയിലെ ബാന്ദ്ര കോടതി യുപി പോലിസിന് കൈമാറി. പൗരത്വ ഭേദഗതി നിയമത്തിതിരേ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തിനിടെ മതവിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് യുപി പോലിസ് ബുധനാഴ്ച്ചയാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

 ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചാല്‍ യുപിയിലേക്കുള്ള യാത്രക്കിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുംബൈയില്‍ പാര്‍പ്പിക്കണമെന്നും കഫീല്‍ ഖാന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സുരക്ഷിതമായി യുപിയിലേക്ക് കൊണ്ടുപോകുമെന്ന് അലിഗഡ് പോലിസ് കോടതിയെ ബോധിപ്പിച്ചു. ഇരുവിഭാഗത്തുനിന്നും വാദം കേട്ട ശേഷം കോടതി പോലിസിന് ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനകം അലിഗഡിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്നില്‍ കഫീല്‍ ഖാനെ ഹാജരാക്കണമെന്നും മുംബൈ കോടതി യുപി പോലിസിന് നിര്‍ദേശം നല്‍കി.

'ഗോരഖ്പൂര്‍ ശിശുമരണക്കേസില്‍ എനിക്ക് ഒരു ക്ലീന്‍ ചിറ്റ് ലഭിച്ചു, ഇപ്പോള്‍ അവര്‍ എന്നെ വീണ്ടും ലക്ഷ്യമിടുകയാണ്. യുപി പോലിസില്‍ എനിക്ക് വിശ്വാസമില്ല. എന്നെ ഇവിടെ തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ കഫീല്‍ ഖാന്‍ പറഞ്ഞു. ഗോരഖ്പൂര്‍ കൂട്ട ശിശുഹത്യക്ക് ഉത്തരവാദികളായവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും തന്റെ പക്കലുള്ളതിനാല്‍ യുപി പോലിസ് തന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കഫീല്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിതിരേ നടന്ന പ്രതിഷേധത്തിനിടെ മതവിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെത്തിയാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരേ ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് 153 എ വകുപ്പുപ്രകാരമാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വ്യാഴാഴ്ച മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കഫീല്‍ ഖാന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെത്തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ച് അദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍, സംഭവത്തില്‍ കഫീല്‍ഖാനെ പ്രതിയാക്കി യോഗി സര്‍ക്കാര്‍ ജയിലില്‍ അടച്ചത് വലിയ വിവാദമായിരുന്നു. ഒമ്പതുമാസത്തെ ജയില്‍ വാസവും രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ചിറ്റ് ലഭിച്ചത്.

Tags:    

Similar News