മലപ്പുറം വിരുദ്ധ അഭിമുഖം: കൈയൊഴിഞ്ഞ് 'കൈസന്‍'; മുഖ്യമന്ത്രിയുടെ കുരുക്ക് മുറുകി

Update: 2024-10-02 05:21 GMT

ന്യൂഡല്‍ഹി: മലപ്പുറത്തിനെതിരായ രാജ്യവിരുദ്ധ പരാമര്‍ശം അടങ്ങിയ വിവാദ അഭിമുഖത്തില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ കുരുക്കിലേക്ക്. 'ദി ഹിന്ദു' പത്രത്തിനു നല്‍കിയ അഭിമുഖവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പരസ്യ ഏജന്‍സിയായ കൈസന്‍ വ്യക്തമാക്കിയത് കനത്ത തിരിച്ചടിയായി. വിവാദഭാഗം അധികമായി ചേര്‍ക്കാന്‍ നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്ന ഹിന്ദുവിന്റെ വാദമാണ് കൈസന്‍ തള്ളിയത്. എന്നാല്‍, അഭിമുഖത്തിന്റെ പേരില്‍ നിയമ നടപടിക്കില്ലെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സി അറിയിച്ചു. ഇതോടെ, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും കൂടുതല്‍ കുരുക്കിലേക്കാണ് നീങ്ങുന്നത്.

    കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെയും ഹവാല പണം പിടികൂടുന്നതിലെയും തുക രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മലപ്പുറം ജില്ലയെ ലക്ഷ്യമിട്ടുള്ളതും വര്‍ഗീയ ലക്ഷ്യത്തോടെയുമുള്ള പരാമര്‍ശം വിവാദമായി. ഒരു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രസ് സെക്രട്ടറി പി എം മനോജ് വിഷയത്തില്‍ ദി ഹിന്ദുവിന് കത്തയച്ചു. തുടര്‍ന്നാണ്, കൈസന്‍ എന്ന പിആര്‍ ഏജന്‍സിയാണ് അഭിമുഖം ഇങ്ങോട്ട് വിളിച്ച് തരപ്പെടുത്തിയതെന്നും മുഖ്യമന്ത്രി തങ്ങളുടെ പ്രതിനിധിയോട് പറയാത്ത കാര്യങ്ങള്‍ ഏജന്‍സിയുടെ പ്രതിനിധി രേഖാമൂലം നല്‍കിയത് കാരണമാണ് കൂട്ടിച്ചേര്‍ത്തതെന്നുമായിരുന്നു വിശദീകരണം. ഇതില്‍ തെറ്റ് പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു തിരുത്ത് നല്‍കിയത്. ഇതിനു പിന്നാലെയാണ് വിവാദം മറ്റൊരു തലത്തിലേക്ക് മാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പിആര്‍ഡി ഉദ്യോഗസ്ഥരെ ഉപയോഗിക്കാതെ പിആര്‍ ഏജന്‍സിയെ നിയമിച്ചതിനെ ചൊല്ലിയാണ് വിവാദം തുടങ്ങിയത്. നേരത്തേ, മുഖ്യമന്ത്രി തന്നെ പിആര്‍ ഏജന്‍സിയുടെ വിഷയത്തില്‍ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, ഇന്നലെ ഹിന്ദു ദിനപത്രത്തിലെ ഖേദപ്രകടനത്തിനു പിന്നാലെയും മുഖ്യമന്ത്രിയും പാര്‍ട്ടി പത്രവും പിആര്‍ ഏജന്‍സിയെ കുറിച്ച് മിണ്ടിയിരുന്നില്ല. വിവാദം വഴിമാറുന്നതിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന് പരസ്യ ഏജന്‍സിയായ കൈസന്‍ നിലപാട് വ്യക്തമാക്കിയത്. പിണറായി വിജയന്‍ ക്ലയന്റല്ല. ഹിന്ദു പ്രതിനിധി, കഴിഞ്ഞ 29ന് അഭിമുഖം നടത്തുമ്പോള്‍ കമ്പനി പ്രതിനിധികള്‍ ആരും ഡല്‍ഹി കേരളാ ഹൗസില്‍ ഉണ്ടായിരുന്നില്ല. ഹിന്ദു പത്രം തങ്ങളുടെ പേര് വലിച്ചിഴച്ചതില്‍ പരാതിയില്ലെന്നും വിചിത്ര നിലപാടാണ് കൈസന്‍ പുറത്തിറക്കിയ കുറിപ്പിലുള്ളത്. എന്നാല്‍, മലപ്പുറം ജില്ലയിലെ ഹവാല-സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അധിക വിവരം കൈമാറിയത് പിആര്‍ ഏജന്‍സി ആണെന്ന നിലപാടില്‍ 'ദി ഹിന്ദു' തിരുത്തോ മറ്റോ വരുത്തിയിട്ടില്ല. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ എംപിയായിരിക്കെ അദ്ദേഹത്തിന്റെ മീഡിയാ ടീമിന്റെ ഭാഗമായിരുന്നു കൈസന്റെ ഡയറക്ടര്‍. വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കൈസന്‍ കൈയൊഴിഞ്ഞെങ്കിലും പിആര്‍ വിവാദം മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും കൂടുതല്‍ പ്രതിക്കൂട്ടിലാക്കുകയാണ്. ഏതാനും മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ സിപിഎം നേതൃത്വം മൗനം പാലിക്കുകയാണ്.

Tags:    

Similar News