അസം മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം: എസ്ഡിപിഐ

താന്‍ പക്ഷം പിടിക്കുമെന്നും 'മിയ' മുസ് ലിംകളെ സംസ്ഥാനം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നുമുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Update: 2024-09-06 06:26 GMT

ന്യൂഡല്‍ഹി: 28 മുസ് ലിംകളെ തടങ്കല്‍ പാളയത്തിലടച്ച അസം സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. അസം സര്‍ക്കാര്‍ നടപടിയില്‍ അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരല്ലെന്നു തെളിയിക്കാന്‍ പൗരന്മാര്‍ സമീപിക്കേണ്ട ഫോറിനേഴ്‌സ് ട്രൈബ്യൂണലുകള്‍(എഫ്ടി) രാജ്യത്തെ പൗരന്മാരല്ലെന്നു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കല്‍ പാളയത്തിലടച്ചിരിക്കുന്നത്. ഇവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബാര്‍പേട്ട പോലിസ് സൂപ്രണ്ടിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ബസില്‍ കയറ്റി തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കുകയായിരുന്നു. വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരെല്ലാം ബംഗാളി മുസ് ലിം വിഭാഗത്തില്‍പെട്ടവരാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇവരില്‍ ഒരാള്‍ നടത്തിയ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപോര്‍ട്ട്. മുസ് ലിം സമൂഹത്തിന്റെ മനുഷ്യാവകാശങ്ങളെ നിഷേധിക്കാന്‍ ഉദ്ദേശിച്ചുള്ള കിരാത നടപടിയെ എസ്ഡിപിഐ ശക്തമായി അപലപിച്ചു.

    താന്‍ പക്ഷം പിടിക്കുമെന്നും 'മിയ' മുസ് ലിംകളെ സംസ്ഥാനം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നുമുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനം കടുത്ത വര്‍ഗീയാന്ധതയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സാഹചര്യങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുകയാണ്. വര്‍ഗീയ വിദ്വേഷവും വംശീയ വികാരവും വളര്‍ത്തുന്നതിലേക്ക് നയിക്കുന്ന അസം മുഖ്യമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും നിയന്ത്രിക്കപ്പെടുകയും അസമില്‍ സാമുദായിക സൗഹാര്‍ദം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട സമയമാണിത്.

    രാജ്യത്തെ മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷകരായ സുപ്രിംകോടതി ഉള്‍പ്പെടെയുള്ള ഉന്നത നീതിന്യായ സംവിധാനങ്ങള്‍ നിരാലംബരുടെ ദയനീയമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രീയ പകപോക്കലും വര്‍ഗീയ അധിക്ഷേപവും അവസാനിപ്പിക്കാന്‍ സ്വമേധയാ നടപടിയെടുക്കണമെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് അഭ്യര്‍ഥിച്ചു.

Tags:    

Similar News