ബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തി, അധിക്ഷേപിച്ചു; അസം മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുമായി 30 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍
ഗുവാഹത്തി: ബിജെപി എംഎല്‍എയുടെ മോശം പെരുമാറ്റത്തിനെതിരേ പരാതിയുമായി കച്ചാര്‍ ജില്ലാ ഭരണകൂടത്തിലെ 30 ഉദ്യോഗസ്ഥര്‍ പരാതിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ സമീപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഭരണകക്ഷിയായ ബിജെപി എംഎല്‍എ കൗശിക് റായ് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് അവര്‍ പരാതിയില്‍ ആരോപിച്ചു. അസം സിവില്‍ സര്‍വീസസ് കേഡറിന്റെ സത്യസന്ധതയെ എംഎല്‍എ ചോദ്യം ചെയ്തതായി പരാതിയില്‍ പറയുന്നു.
നിങ്ങളുടെ കഴിവുള്ള നേതൃത്വത്തില്‍ വിശ്വാസമുള്ള കാച്ചാര്‍ ജില്ലയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഞങ്ങള്‍. സോണല്‍ റവന്യൂ സര്‍ക്കിളില്‍ ദുരിതാശ്വാസ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് ലഖിപൂര്‍ എംഎല്‍എ നടത്തിയ മോശം പെരുമാറ്റത്തിന്റെ ലജ്ജാകരമായ സംഭവം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അസം സിവില്‍ സര്‍വീസിലെ സോണല്‍ റവന്യൂ സര്‍ക്കിള്‍ ഓഫിസര്‍ ദിപാങ്കര്‍ നാഥ്, ബികാഷ് ചേത്രി, എഎല്‍ആര്‍എസ്, സര്‍ക്കിള്‍ ഓഫിസര്‍ (എ), സോണല്‍ റവന്യൂ സര്‍ക്കിള്‍, ഹുസൈന്‍ മുഹമ്മദ് മൊബിന്‍, എഎല്‍ആര്‍എസ്, ബിഡിഒ, സോനായി എന്നിവര്‍ക്കെതിരേയാണ് ഗാര്‍ഡിയന്‍ മന്ത്രി അശോക് സിംഗാളിന്റെയും ബിജെപി കാച്ചാര്‍ ജില്ലാ പ്രസിഡന്റ്, മുന്‍ എംഎല്‍എ, സോണല്‍, പഞ്ചായത്ത് പ്രതിനിധികള്‍, നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയത്.
വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്യാനെത്തിയതായിരുന്നു മന്ത്രിയും കൂട്ടരും. ഗോവിന്ദനഗര്‍ ശിവ്ബാരി ഹൈസ്‌കൂളിലെ നിയുക്ത ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ലഖിപൂര്‍ എംഎല്‍എ, സോനായിയിലെ ബിഡിഒ ഹുസൈന്‍ മുഹമ്മദ് മൊബിനെ 2022 മാര്‍ച്ച് 10ന് ബ്ലോക്ക് ഓഫിസില്‍ വച്ച് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് സമാനമായി ഇവരെയും മര്‍ദ്ദിക്കണമെന്നും ആക്രോശിച്ചു. ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കിള്‍ ഓഫിസര്‍മാര്‍ ശിക്ഷിക്കപ്പെടണമെന്ന് മറ്റ് പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു. കൂടാതെ സോണലില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഹേളിക്കുന്ന മോശം പദങ്ങള്‍ ഉദ്ധരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ഏജന്റാണ് അവരെന്നും ആക്ഷേപിച്ചു. ഉദ്യോഗസ്ഥരെ പലരെയും കള്ളന്‍മാരെന്ന് വിളിച്ച് പരസ്യമായി അധിക്ഷേപിച്ചു. ചിലരെ ഭീഷണിപ്പെടുത്തുകയും വ്യക്തിപരമായ ചോദ്യങ്ങളുന്നയിച്ച് ആക്രമിക്കുകയും ചെയ്തു. പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് വിളിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയെന്താണെന്നും എംഎല്‍എ ചോദിച്ചു. ഉദ്യോഗസ്ഥരെ അടിക്കാനായി കൈയോങ്ങുകയും ചെയ്തു. കാച്ചാര്‍ ജില്ലയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ബിജെപി എംഎല്‍എയുടെയും കൂട്ടരുടെയും ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികളെ അപലപിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.