ഗുവാഹതി: അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ പോലിസ് നരനായാട്ട്. വെടിവച്ചും നിലത്തിട്ട് തല്ലിച്ചതച്ചും മൂന്ന് ഗ്രാമീണരെ പോലിസ് കൊലപ്പെടുത്തി.
അഞ്ച് പോലിസുകാര്‍ക്ക് പരിക്കേറ്റതായി സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവയ്പ്പിന്റെയും കൊല്ലപ്പെട്ട മുസ്‌ലിം യുവാവിന്റെ മൃതദേഹത്തില്‍ ഫോട്ടോഗ്രാഫര്‍ ചാടിയും ചവിട്ടിയും ആഘോഷിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അസമിലെ ദറങ് ജില്ലയിലാണ് ഗ്രാമീണര്‍ക്കുനേരെ പോലിസ് നരനായാട്ട്. പോലിസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ അഴിഞ്ഞാടുന്നതിന്റെ വിഡിയോ അസം എംഎല്‍എയായ അഷ്‌റഫുല്‍ ഹുസൈന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധമുയര്‍ത്തിയ ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെ വെടിവയ്ക്കുകയായിരുന്നു പോലിസ്. വെടിയേറ്റ് നിലത്തു വീണയാളെ പോലിസ് വളഞ്ഞിട്ടു മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍പോയന്നുറപ്പാക്കിയ ശേഷമാണ് പോലിസ് ഇവിടെനിന്നു മാറിയത്. ഇതിനിടെയാണ് പോലിസ് നോക്കിനില്‍ക്കെ മൃതദേഹത്തില്‍ ഫോട്ടോഗ്രാഫറുടെ ക്രൂരമായ അഴിഞ്ഞാട്ടം. ഇയാള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ്, എഐയുഡിഎഫ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ ഗ്രാമീണര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കുടിയൊഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോടതി നടപടിക്ക് കാത്ത് നില്‍ക്കാതെയാണ് ബിജെപി ഭരണകൂടം മുസ് ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.