അസം- മേഘാലയ അതിര്‍ത്തിയില്‍ സംഘര്‍ഷം, വെടിവയ്പ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: അസം- മേഘാലയ അതിര്‍ത്തിയില്‍ സംഘര്‍ഷവും വെടിവയ്പ്പും. മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹില്‍സ് ജില്ലയിലെ അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ മേഘാലയയിലെ ഗ്രാമീണരും അസം പോലിസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അസം പോലിസിന്റെ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ പറഞ്ഞു. അസം പോലിസിന്റെയും അസം ഫോറസ്റ്റ് ഗാര്‍ഡിന്റെയും ഈ നടപടിയെ മേഘാലയ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തടിയുമായി പോയ ട്രക്ക് അസം പോലിസും അസം ഫോറസ്റ്റ് ഗാര്‍ഡുകളും പിന്തുടര്‍ന്ന് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു. അനധികൃതമായി മരം മുറിച്ചുകടത്തുന്നുവെന്നാരോപിച്ചാണ് ട്രക്ക് തടഞ്ഞത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും നിര്‍ത്താതെ മുന്നോട്ട് പോയി. ഈ സമയം ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ ടയറിന് നേരേ വെടിവച്ചു.
പടിഞ്ഞാറന്‍ ജയന്തിയാ ഹില്‍സ് ജില്ലയിലെ മുക്രോഹ് ഗ്രാമത്തില്‍ വച്ച് അസം പോലിസ് ട്രക്ക് തടഞ്ഞുവച്ചു. തുടര്‍ന്ന് മൂന്നുപേരെ കസ്റ്റഡിയിലുമെടുത്തു. കുറച്ചുപേര്‍ ഓടിരക്ഷപ്പെട്ടു. പുലര്‍ച്ചെ അഞ്ചോടെ മേഘാലയയില്‍ നിന്നുള്ള ഗ്രാമീണര്‍ സ്ഥലത്ത് തടിച്ചുകൂടി. കസ്റ്റഡിയിലെടുത്തവരെ വിട്ടുനല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ അസം ഉദ്യോഗസ്ഥരെ തടഞ്ഞു. വീണ്ടും വെടിവയ്പ്പും സംഘര്‍ഷവുമുണ്ടായി. ഇതിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനും അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടത്. നിലവില്‍ സ്ഥിതിഗതി നിയന്ത്രണവിധേയമാണ്. ബിദ്യാസിങ് ലഖ്‌തെ എന്നാണ് കൊല്ലപ്പെട്ട അസം വനം വകുപ്പ് ഹോം ഗാര്‍ഡിന്റെ പേര്. കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരും പ്രദേശത്തെ ഖാസി സമുദായ അംഗങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം.
ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. മേഘാലയ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ചവരോടുള്ള ആദരസൂചകമായി അയോണ്‍ ഗോയിങ് ചെറി ബ്ലോസം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മേഘാലയ സര്‍ക്കാര്‍ ഏഴ് ജില്ലകളിലും 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. മേഘാലയ പോലിസ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതിനാല്‍ ഗുവാഹത്തിക്ക് സമീപമുള്ള അസംമേഘാലയ അതിര്‍ത്തിയില്‍ മേഘാലയയിലേക്കുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനത്തെ പൗരന്‍മാരോട് അഭ്യര്‍ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നാല് പേര്‍ സംഭവസ്ഥലത്ത് വച്ചും മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.