ദിസ്പൂര്‍: 'ലൗ ജിഹാദ്', 'മയക്കു മരുന്ന് ജിഹാദ്', 'കൊറോണ ജിഹാദ്' തുടങ്ങി ആരോപണങ്ങള്‍ക്ക് ശേഷം മുസ് ലിംകള്‍ക്കെതിരേ വിചിത്ര ആരോപണവുമായി ഹിന്ദുത്വര്‍. അസമില്‍ മുസ് ലിംകള്‍ 'പ്രളയ ജിഹാദ്' നടത്തുന്നതായാണ് ഹിന്ദുത്വരുടെ പുതിയ ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഹിന്ദുത്വ ആരോപണങ്ങളെ തുടര്‍ന്ന് അഞ്ച് മുസ് ലിം യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. മുസ് ലിംകള്‍ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങളായി അസമില്‍ നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന നസീര്‍ ഹുസൈനെയാണ് പോലിസ് ആദ്യം അറസ്റ്റ് ചെയ്തത്. സില്‍ച്ചാറിലെ വെള്ളപ്പൊക്കത്തിന് കാരണക്കാരന്‍ എന്നാരോപിച്ചായിരുന്നു നസീറിനെ പോലിസ് അറസ്റ്റ് ചെയ്തത്. മുസ് ലിംകള്‍ തടയണ പൊട്ടിച്ച് ഹിന്ദു ഭൂരിപക്ഷ മേഖലയിലേക്ക് വെള്ളം തുറന്ന് വിടുകയായിരുന്നെന്ന് ഹിന്ദുത്വര്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് നസീറിനെ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി അസമില്‍ വെള്ളം പൊക്കം തടയുന്നതിനായി കായലും തടയണയും നിര്‍മിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് നസീര്‍. 'ഞാന്‍ 16 വര്‍ഷമായി കായലുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. വെള്ളപ്പൊക്കം തടയാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ എന്തിനാണ് തടയണ തകര്‍ക്കുന്നത്'. നസീര്‍ ചോദിച്ചു. ഹിന്ദുത്വ പ്രചാരണത്തെ തുടര്‍ന്ന് അറസ്റ്റിലായ നസീര്‍ 20 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. നസീറിനെ കൂടാതെ മറ്റു നാല് പേരെയും പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് വ്യാപകമായ വിദ്വേഷ പ്രചാരണമാണ് മുസ് ലിംകള്‍ക്കെതിരേ അരങ്ങേറിയത്.
അസമിലെ വെള്ളപ്പൊക്കം വര്‍ഗീയത കലര്‍ത്തി റിപ്പോര്‍ട്ട് ചെയ്ത് ആര്‍എസ്എസ് വാരികയായ പാഞ്ചജന്യയും ധ്രുവീകരണത്തിന് ആക്കം കൂട്ടി. ജൂണിലാണ് അസമില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. ദക്ഷിണ അസമിലെ ഏറ്റവും വലിയ പട്ടണവും ബരാക് നദിയുടെ തീരത്തുള്ള മൂന്ന് ജില്ലകളിലേക്കുള്ള കവാടവുമായ സില്‍ച്ചാര്‍ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വെള്ളത്തില്‍ മുങ്ങിപ്പോയി. ജൂലൈ ആദ്യവാരത്തോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 170 കടന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് പ്രളയത്തെ ആദ്യം വര്‍ഗീയവല്‍കരിച്ചത്.
ജൂണ്‍ 26ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സില്‍ച്ചാറിലെ വെള്ളപ്പൊക്കം 'മനുഷ്യനിര്‍മ്മിതം' ആണെന്ന് അവകാശപ്പെട്ടു. 'ബെറ്റുകണ്ടിയിലെ കായല്‍ ആളുകള്‍ തകര്‍ത്തില്ലായിരുന്നുവെങ്കില്‍, ഇത് സംഭവിക്കില്ലായിരുന്നു' അദ്ദേഹം പറഞ്ഞു. സില്‍ച്ചാറില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെയാണ് ബെറ്റുകണ്ടി.
പ്രളയത്തിന് കാരണക്കാര്‍ എന്ന് ആരോപിച്ച് കാബൂള്‍ ഖാന്‍, മിഥു ഹുസൈന്‍ ലാസ്‌കര്‍, നസീര്‍ ഹുസൈന്‍ ലാസ്‌കര്‍, റിപ്പണ്‍ ഖാന്‍ എന്നീ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
സില്‍ച്ചാറിലെ പ്രളയം വര്‍ഗീയവത്കരിച്ച് ആര്‍എസ്എസ് വാരിക പാഞ്ചജന്യയും രംഗത്തെത്തിയതായി 'ദി പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. പാഞ്ചജന്യയുടെ ഏറ്റവും പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ബാദ് ജിഹാദ്' (പ്രളയ ജിഹാദ്) എന്ന തലക്കെട്ടിലാണ് ലേഖനം ഉള്‍പ്പെടുത്തിയത്. ബേത്തുകണ്ടിയിലെ അണക്കെട്ട് തകര്‍ത്തതുമായി ബന്ധപ്പെട്ട് പിടികൂടിയ നാലില്‍ ഒരാളായ കാബൂള്‍ ഖാന്റെ നേതൃത്വത്തിലുള്ള 'മതഭ്രാന്തന്മാരുടെ' സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ് പ്രളയത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
'സി.ഐ.ഡി അന്വേഷണത്തില്‍ അണക്കെട്ടിന് കേടുപാടുകള്‍ വരുത്താനുള്ള ജിഹാദിസ്റ്റ് പദ്ധതികള്‍ വെളിപ്പെട്ടേക്കാം. എന്നാല്‍ അറസ്റ്റിലായ മതഭ്രാന്തന്‍ കാബൂള്‍ ഖാന്റെയും കൂട്ടാളികളുടെയും ചെയ്തിയുടെ ഫലം ദുരിതത്തിലാക്കിയത് നഗരത്തിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളെയാണ്'ലേഖനം ആരോപിക്കുന്നു. ഖാനും കൂട്ടാളികളും കായലിന്റെ ഒരു ഭാഗം കുഴിച്ചതായും ഇതാണ് പ്രളയത്തിന് കാരണമെന്നും ലേഖനം അവകാശപ്പെട്ടു.
'ഈ വിനാശകരമായ പ്രവൃത്തി കാരണം, മഴവെള്ളം നിറഞ്ഞ ബരാക് നദി കര കവിഞ്ഞൊഴുകി. തുടര്‍ന്ന്വെള്ളം സില്‍ച്ചാറിലേക്ക് പ്രവേശിച്ചു. ജൂണ്‍ 20 ന് ശേഷം നഗരം മുഴുവന്‍ വെള്ളത്തിനടിയിലായി'ലേഖനം തുടരുന്നു.
ജൂലൈ അഞ്ചിനുതന്നെ അസമിലെ മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു വിഭാഗം സില്‍ച്ചാര്‍ വെള്ളപ്പൊക്കതെത 'പ്രളയ ജിഹാദ്' ആയി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂസ് എക്‌സ് സില്‍ച്ചാറിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഒരു പ്രൈം ടൈം ചര്‍ച്ച നടത്തിയിരുന്നു. മുന്‍ നയതന്ത്രജ്ഞന്‍ ഭസ്വതി മുഖര്‍ജി, മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ആര്‍.വി.എസ് മണി, ഔറേലിയസ് കോര്‍പ്പറേറ്റ് സൊല്യൂഷന്‍സ് സ്ഥാപകന്‍ സുമിത് പീര്‍, ഐ.ടി.വി നെറ്റ്‌വര്‍ക്കിലെ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാധവ് നാലപ്പാട്ട് എന്നിവരായിരുന്നു പാനല്‍ലിസ്റ്റുകള്‍. ആങ്കര്‍ ഉള്‍പ്പെടെ എല്ലാ പാനലിസ്റ്റുകളും 'പ്രളയ ജിഹാദ്' നടന്നുവെന്ന അഭിപ്രായക്കാരായിരുന്നു.
പാനലിസ്റ്റുകളെ പരിചയപ്പെടുത്തിയ ശേഷം അവതാരക മീനാക്ഷി ഉപ്രേതി ചോദിച്ചു, 'ഇതൊരു നിരുപദ്രവകരമായ ദ്രോഹമായി തോന്നുന്നില്ല. ഇത് ഒരു നിസാരമായ വികൃതിയാണെന്ന് നിങ്ങള്‍ പറയുമോ. ജാഗ്രത പാലിക്കണം'. ആഭ്യന്തര അട്ടിമറി, രാജ്യദ്രോഹ പ്രവൃത്തി എന്നും പ്രളയത്തെ അവര്‍ വിലയിരുത്തി. ഈ സംഭവം ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള പദ്ധതിയാണെന്ന് ഉപ്രേതിയോട് പ്രതികരിച്ച നാലപ്പാട്ട് പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് സംഭവമെന്ന് എല്ലാ പാനലിസ്റ്റുകളും അഭിപ്രായപ്പെട്ടു.
ബിജെപി അനുകൂല പ്രചരണ സ്ഥാപനമായ സുദര്‍ശന്‍ ന്യൂസും സമാനമായ ഒരു പരിപാടി അവതരിപ്പിച്ചു. ക്ലിപ്പ് ഫേസ്ബുക്കിലും യൂ ട്യൂബിലും ലഭ്യമാണ്. സുദര്‍ശന്‍ ന്യൂസിന്റെ മേധാവി സുരേഷ് ചവാന്‍കെയും ഇതേ വാദം ഉന്നയിച്ചു.
അറസ്റ്റിലായ മുസ് ലിം യുവാക്കള്‍ക്ക് നേരെ വ്യാപകമായ വിദ്വേഷ പ്രചാരണമാണ് അരങ്ങേറിയത്. ആക്രമിക്കപ്പെടുമെന്ന് ഞാന്‍ ഭയപ്പെട്ടതായി 20 ദിവസത്തിന് ശേഷം പുറത്തിറങ്ങിയ നസീര്‍ ബിബിസിയോട് പറഞ്ഞു. എല്ലാ കാലവര്‍ഷത്തിലും സംസ്ഥാനം വെള്ളപ്പൊക്കത്തിലാകുമ്പോള്‍, ഈ വര്‍ഷം മഴ നേരത്തെ എത്തി, പതിവിലും ശക്തമായിരുന്നു.
'അന്ന് രാത്രി ഞാന്‍ ഭയന്നു, ഉറങ്ങാന്‍ കഴിഞ്ഞില്ല. മറ്റ് അന്തേവാസികള്‍ അതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഞാന്‍ ആക്രമിക്കപ്പെടുമെന്ന് ഞാന്‍ കരുതി.' നസീര്‍ പറഞ്ഞു.
തടയണ തകര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത് എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പോലിസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരേയും തെളിവുകളില്ല. പട്ടണത്തിലേക്ക് വെള്ളം കയറിയത് തടയണയുടെ തകര്‍ന്ന് ഭാഗത്ത് കൂടി മാത്രമല്ലെന്ന് സില്‍ച്ചാറിലെ പോലിസ് സൂപ്രണ്ട് രമണ്‍ദീപ് കൗര്‍ പറയുന്നു. 'പട്ടണത്തിലേക്ക് വെള്ളം കയറിയ ഒരേയൊരു പോയിന്റ് ഇതായിരുന്നില്ല'. രമണ്‍ദീപ് കൗര്‍ പറഞ്ഞു.
അണക്കെട്ടുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തതാണ് തകര്‍ച്ചക്ക് കാരണമാകുന്നതെന്ന് മുംബൈയിലെ ജാംസെറ്റ്ജി ടാറ്റ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫസര്‍ നിര്‍മ്മല്യ ചൗധരി പറഞ്ഞു.
വെള്ളപ്പൊക്ക ജിഹാദ് എന്നൊന്നില്ല, സൂപ്രണ്ട് കൗര്‍ പറഞ്ഞു. 'മുന്‍ വര്‍ഷങ്ങളില്‍, വെള്ളം ഒഴുക്കിവിടാന്‍ ഭരണകൂടം സ്വയം അണക്കെട്ട് വെട്ടിമാറ്റുമായിരുന്നു. ഈ വര്‍ഷം അത് ചെയ്തില്ല'.
'പ്രളയ ജിഹാദ്' പോലുള്ള ആരോപണം ഉന്നയിക്കുന്നത് ഒരു എളുപ്പവഴിയാണ്,' പ്രഫ. ചൗധരി പറഞ്ഞു. 'ഇതൊരു മാനേജ്‌മെന്റ് പ്രശ്‌നമാണ്, ഇതിന് കൂടുതല്‍ പക്വമായ പ്രതികരണം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു'.