ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണം: പോപുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധസംഗമം സംഘടിപ്പിച്ചു
കോഴിക്കോട്: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കും മുസ്‌ലിം ആരാധനാലയങ്ങള്‍ക്കും നേരെ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി ജില്ലാതലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു.
മലപ്പുറം വെസ്റ്റ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ത്രിപുരയില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന വ്യാപക ആക്രമണം ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിന്റെ അനന്തരഫലമാണ് രാജ്യത്ത് അങ്ങോളമിങ്ങോളം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍. ഈ മുസ്‌ലിം വംശഹത്യക്കെതിരെ പൊതുസമൂഹം നിഷ്‌ക്രിയമായിയിരുന്നാല്‍ രാജ്യം മുഴുവനും നാശത്തിലേക്കാണ് കൂപ്പുകുത്തുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൊല്ലം ജില്ലാക്കമ്മിറ്റി ചിന്നക്കടയില്‍ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, കോഴിക്കോട് സൗത്തില്‍ സംസ്ഥാന സെക്രട്ടറി സി എ റഊഫ്, തൃശൂരില്‍ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, തിരുവനന്തപുരം നോര്‍ത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം സൗത്ത്, കൊല്ലം ഈസ്റ്റ്, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് നോര്‍ത്ത്, കോട്ടയം, ആലപ്പുഴ, ഇടുക്കി, മലപ്പുറം സെന്‍ട്രല്‍്, മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സോണല്‍, ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.
അസമിന് പിന്നാലെ ത്രിപുരയേയും മറ്റൊരു ഹിന്ദുത്വ പരീക്ഷണശാലയായി ബിജെപി മാറ്റുകയാണ്. ത്രിപുരയില്‍ ഇപ്പോള്‍ നടക്കുന്ന അക്രമം ഭരണകൂടം ആസൂത്രണം ചെയ്തതാണ്. വിശ്വഹിന്ദു പരിഷത്ത് വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ നടത്തിയ പ്രകടനത്തിനിടെയാണ് വ്യാപക ആക്രമണം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി നടക്കുന്ന ആക്രമണത്തില്‍ ത്രിപുര സര്‍ക്കാരിന്റെ നിസ്സംഗത അക്രമത്തിലെ ഭരണകൂട സഹകരണത്തിന്റെ തെളിവാണ്. അക്രമം നിയന്ത്രിക്കുന്നതിനും ത്രിപുരയിലെ മുസ്‌ലിംകളെ രക്ഷിക്കുന്നതിനും അടിയന്തരമായി കേന്ദ്രസേനകളെ വിന്യസിക്കണം. മുസ്‌ലിംകള്‍ക്കെതിരായ അക്രമത്തില്‍ ത്രിപുര സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.