പാലക്കാട്: അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ്‌കുമാര്‍ കണ്ടെത്തി. കേസില്‍ നാളെ ശിക്ഷ വിധിക്കും. കേസിലെ ഒന്നാംപ്രതി ഹുസയ്ന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, 10ാം പ്രതി ജൈജു മോന്‍, 12ാം പ്രതി നജീബ്, 13ാം പ്രതി സതീശന്‍, 14ാം പ്രതി അനീഷ്, 15ാം പ്രതി ബിജു, 16ാറാം പ്രതി മുനീര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന കോടതി കണ്ടെത്തിയത്. കേസിലെ നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുല്‍ കരീം എന്നിവരെ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തി. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്.
2018 ഫെബ്രുവരി 22നാണ് അരിയും പലവ്യഞ്ജന വസ്തുക്കളും മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആള്‍ക്കൂട്ടം പിടികൂടി ക്രൂരമായി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ആദ്യഘട്ടത്തില്‍ വലിയ വിവാദമായിരുന്നില്ലെങ്കിലും മധുവിനെ മര്‍ദ്ദിക്കുന്ന വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കേസിന്റെ സ്വഭാവം മാറിയത്. തുടര്‍ന്നാണ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സര്‍ക്കാരിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും അട്ടിമറി നീക്കങ്ങളുണ്ടായതായി സംശയമുയര്‍ന്നിരുന്നു. പ്രതികളുടെ വിചാരണ ആരംഭിക്കാചിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. മാത്രമല്ല, സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019 ല്‍ വി ടി രഘുനാഥിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തതോടെ ഹൈക്കോടതി അഭിഭാഷകന്‍ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം മേനോനെ അഡീഷനല്‍ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബം എതിര്‍ത്തതിനാല്‍ രാജേന്ദ്രന്‍ രാജിവച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. അതിനിടെ, പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയ അപൂര്‍വ സംഭവവവും ഇതിലുണ്ടായി. സാക്ഷികളുടെ കൂട്ട കൂറുമാറ്റമാണ് മധു വധക്കേസിലുണ്ടായത്. പ്രതിഭാഗം അഭിഭാഷകന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവില്‍ രേഖപ്പെടുത്തിയ അത്യപൂര്‍വ സംഭവവുമുണ്ടായി.
2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. അഗളി പോലിസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയില്‍ കുറ്റപത്രം നല്‍കി. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഏപ്രില്‍ 28ന് വിചാരണ തുടങ്ങി. കേസ് വിധിപറയാന്‍ രണ്ടുതവണ പരിഗണിച്ചു. മാര്‍ച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകര്‍പ്പ് പകര്‍ത്തല്‍ പൂര്‍ത്തിയാവാത്തതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. സാക്ഷികളുടെ കൂറുമാറ്റവും മറ്റും പരിഗണിച്ച് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ആകെ 122 സാക്ഷികളാണുണ്ടായിരുന്നത്. കേസ് അവസാനിക്കുമ്പോള്‍ 129 സാക്ഷികളായി. ഇതില്‍ 103 പേരെയാണ് വിസ്തരിച്ചത്. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി ഒഴിവാക്കി. രണ്ടുപേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടു. അതേസമയം, 24 സാക്ഷികള്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. മധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂറുമാറിയവരിലുണ്ടായിരുന്നു. കേസില്‍ കൂറുമാറിയ വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍നിന്നു പിരിച്ചു വിട്ടിരുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നയാള്‍ പ്രോസിക്യൂഷന് അനുകൂലമായി നല്‍കിയ രഹസ്യമൊഴി തിരുത്തിയതിനായിരുന്നു നടപടി. മധുവിന്റെ മാതാവ് മല്ലിയുടെയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.