ബാബരി: ദുരന്തസ്മരണകള്‍ക്ക് നോവിന്റെ ഇരുപത്തെട്ടു വര്‍ഷം
വിദ്വേഷ രാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസത്തിനും ആക്രമണോത്സുക ഹിന്ദുത്വത്തിനുമെതിരായ ഓര്‍മപ്പെടുത്തലായാണ് ഒരോ ബാബരി ദിനവും വന്നെത്തുത്. ഓരോ ഇന്ത്യക്കാരന്റെയും അസ്തിത്വവും അഭിമാനവും അവകാശങ്ങളും സ്വാസ്ഥ്യവുമാണ് 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിലൂടെ തകര്‍ന്നടിഞ്ഞു പോയത്.
പി സി അബ് ദുല്ല
കോഴിക്കോട്: ഹിന്ദുത്വ ഭീകരതയ്ക്കു മുന്‍പില്‍ രാജ്യത്തിന്റെ മുഖമുടഞ്ഞു പോയ ബാബരി ദുഃഖസ്മരണകള്‍ക്കിന്ന് തീരാ നോവിന്റെ 28 വര്‍ഷങ്ങള്‍. മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ രാജ്യത്ത് നിര്‍ഭയ ജനാധിപത്യവും മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെടെണമെന്ന പ്രാര്‍ഥനയുടെ ഒരാണ്ടറുതി കൂടി.
വിദ്വേഷ രാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസത്തിനും ആക്രമണോത്സുക ഹിന്ദുത്വത്തിനുമെതിരായ ഓര്‍മപ്പെടുത്തലായാണ് ഒരോ ബാബരി ദിനവും വന്നെത്തുത്. ഓരോ ഇന്ത്യക്കാരന്റെയും അസ്തിത്വവും അഭിമാനവും അവകാശങ്ങളും സ്വാസ്ഥ്യവുമാണ് 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിലൂടെ തകര്‍ന്നടിഞ്ഞു പോയത്.
1949 ഡിസംബര്‍ 23ന് ഇശാ നമസ്‌കാരം കഴിഞ്ഞ് ഇമാം പോയ ശേഷം 60ഓളം ഹിന്ദുത്വര്‍ അതിക്രമിച്ചുകയറി പള്ളിയുടെ മിഹ്‌റാബിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ചു. പിന്നീട്, ഹിന്ദുത്വ വിനാശ രാഷ്ട്രീയത്തിന്റെ മദപ്പാച്ചിലില്‍ ബാബരി മസ്ജിദിന്റെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും ഒരു സമുദായത്തിന്റെയും ചരിത്രവും വര്‍ത്തമാനവും രക്തപങ്കിലമായി.
ബാബരിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഹിന്ദുത്വ അതിക്രമങ്ങള്‍ സത്യത്തിനും നീതിക്കും രാജ്യത്തെ ജനാധിപത്യ, ഭരണ ഘടനാ മൂല്യങ്ങള്‍ക്കുമെതിരായ വലിയ ഗൂഡാലോചനകളായരങ്ങേറിയതാണ് പിന്നിട്ട പതിറ്റാണ്ടുകളുടെ നാള്‍ വഴികളോരോന്നും. ഭരണ കൂടങ്ങളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ ലോബിയും മാത്രമല്ല, പരമോന്നത നീതി പീഠങ്ങള്‍ പോലും ബാബരിയുടെ വാസ്തവങ്ങളെ കൈവിട്ട കെട്ട കാഴ്ചകള്‍. മോദി കാലം സത്യാനന്തര കാലമായി സ്ഥാപിക്കപ്പെട്ടതിന്റെ കോടതി സാക്ഷാത്കാരങ്ങള്‍. ബാബരി ഉടമസ്ഥാവകാശക്കേസിലും പള്ളി തകര്‍ക്കപ്പെട്ട കേസിലുമുണ്ടായ അന്തിമ കോടതി വിധികള്‍ ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ മുഖം കെടുത്തി.
നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത കേസില് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി ഉള്പ്പടെ 13 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ടു. എന്നാല്‍, ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല.
പൗരനും സമൂഹത്തിനും വ്യവസ്ഥിതിക്കും നീതി ലഭ്യമാക്കിയാല്‍ മാത്രം പോര നീതിയുടെ നിര്‍വ്വഹണം സമൂഹത്തിന് മാതൃകയാവുന്ന വിധം ബോധ്യപ്പെടുത്തുകയുംവേണമെന്ന ഇന്ത്യന്‍ നീതിന്യായ വ്യവഹാര കീഴ്‌വഴക്കങ്ങളിലെസുപ്രധാനതത്വങ്ങളാണ് ബാബരി കേസില്‍ ഇതപര്യന്തം അട്ടിമറിക്കപ്പെട്ടത്. രാജ്യത്തെ പൗരന്‍മാരുടെയും അവസാന ആശ്രയമായ ജുഡീഷ്യറിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും കീഴ്‌മേല്‍ മറിച്ചാണ് ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രിം കോടതിയില്‍ നിന്ന് അന്തിമ വിധിയുത്ടായത്. ബാബരി മസ്ജിദ് ഒരു യാഥാര്‍ഥ്യമായിരുന്നു. 'അയോധ്യ' ഒരു സങ്കല്‍പവും. രേഖകളാല്‍ തെളിയിക്കപ്പെട്ട ബാബരി മസ്ജിദ് എന്ന യാഥാര്‍ഥ്യത്തിനുമേല്‍ ചരിത്രം കൊണ്ടോ രേഖകള്‍ കൊണ്ടോ സാഹചര്യം കൊണ്ടോ വിശ്വാസം കൊണ്ടോ തെളിയിക്കപ്പെടാത്ത 'അയോധ്യ'യെന്ന കെട്ടു കഥയെ സ്ഥാപിക്കുക വഴിഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശേഷിപ്പുകളിലേക്ക് വിപല്‍ സന്ദേശങ്ങളാണ് ബാക്കിയാക്കപ്പെട്ടത്.
ബാബരിയുടെവഖഫ് ഭൂമിയില്‍, പള്ളിയുടെ മിഹ്‌റാബിനുള്ളില്‍ ഹിന്ദുത്വര്‍ രാവിന്റെ മറ പറ്റി അതിക്രമിച്ചു കയറി കുഴിച്ചിട്ട വിദ്വേഷത്തിന്റെ രാമ വിഗ്രഹങ്ങളെ എന്നെന്നേക്കുമായി ഉറപ്പിച്ചു നിര്‍ത്തുകയാണ് കോടതികള്‍ ചെയ്തത്. മൂല്യങ്ങള്‍ തച്ചു തകര്‍ത്ത ഹിന്ദുത്വ കര്‍സേവര്‍ക്ക് രാജ്യത്തെ പരമോന്നത നീതി പീഠം പാദസേവ ചെയ്തു എന്ന ആക്ഷേപമാണ് ബാബരി കേസുകളില്‍ ചരിത്രത്തിലേക്ക് അവശേഷിച്ചത്.
134 വര്‍ഷം നീണ്ട നിയമ വ്യവഹാരങ്ങള്‍ക്കൊടുവില്‍ ബാബരി ഭൂമി തര്‍ക്കത്തിലുണ്ടായ കോടതി വിധി ശാശ്വത സമാധാനത്തിലേക്കുള്ള തീര്‍പ്പായിരുന്നില്ല. മറിച്ച്, രാജ്യത്തിന്റെ സാമൂഹിക സഹവര്‍തിത്വത്തിനും ജനാധിപത്യത്തിനും ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വിധം ഹിന്ദുത്വ രാഷ്ട്രീയ വിധ്വംസക അജണ്ടകള്‍ക്ക് കൂടുതല്‍ പ്രേരണയും പ്രചോദനവുമേകുന്ന വിധിയാണ് ബാബരി കേസില്‍ സുപ്രിം കോടതിയില്‍ നിന്നുണ്ടായത്.
1528ല്‍ നിര്‍മ്മിക്കപ്പെട്ട ബാബരി മസ്ജിദ് എന്ന യാഥാര്‍ഥ്യം അവഗണിച്ച് അവിടെ ക്ഷേത്രമായിരുന്നു എന്ന അവകാശവാദത്തിന് അംഗീകാരം നല്‍കി ക്ഷേത്രം പണിയാന്‍ കോടതി അനുമതി നല്‍കിയത്. ഇതുവഴി മഥുരയും വാരാണസിയും മാത്രമല്ല മുഗള്‍ ഭരണ കാലത്തും ടിപ്പുവിന്റേയും കാലത്തും പണിത പള്ളികള്‍കളിന്‍മേലും താജ് മഹലിലുമൊക്കെ 'കര്‍സേവ'കളുടേയും അതിക്രമങ്ങളുടേയും അതി വിദൂരമല്ലാത്ത കാര്‍മേഘങ്ങളാണ് ഉരുണ്ടു കൂടാനിരിക്കുന്നത്.
'യേ തോ സിര്‍ഫ് ജംഗി ഹെ, അബ് കാശി, മഥുര ബാക്കി ഹേ' (ഇതൊരു സൂചന മാത്രമാണ്, കാശിയും മഥുരയും ബാക്കിയുണ്ട്). 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം ആയിരക്കണക്കിന് കര്‍സേവകര്‍ ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യമാണിത്.
ഇപ്പോള്‍ വരാണസിയിലെ കാശി ക്ഷേത്രത്തെയും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളെയും മുന്‍നിര്‍ത്തി 'ടാര്‍ഗറ്റ് വരാണസി പ്രൊജക്ട്' ആര്‍എസ്എസ് ആരംഭിച്ചു കഴിഞ്ഞു. ആര്‍എസ്എസ് മേധാവി മോഹന്‍ റാവു ഭഗവത് യുപി മുഖ്യമന്ത്രി യോഗിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വരാണസി പദ്ധതി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ധാരണയായിട്ടുണ്ട്. വരാണസിയിലെ ഗ്യാന്‍വി പള്ളി നിര്‍മിച്ചത് വിശ്വനാഥ ക്ഷേത്രത്തിന്റേയും മഥുരയിലെ ഈദ് ഗാഹ് മസ്ജിദ് നിര്‍മ്മിച്ചത് കൃഷ്ണ ജന്‍മ സ്ഥലത്തുമാണെന്നാണ് ഹിന്ദുത്വരുടെ വാദം. ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ വരാണസിയിലും കാശിയിലും ചരിത്രത്തിനും വസ്തുതകള്‍ക്കും പ്രസക്തിയില്ലാതാവുന്നത് സംഘപരിവാരത്തിന് പുത്തണര്‍വേകുമെന്ന ആശങ്ക അസ്ഥാനത്തല്ല.
മോദി കാലത്തെ ഭരണ കൂട ഫാഷിസത്തെയും ജനാധിപത്യ വിരുദ്ധ താല്‍പര്യങ്ങളേയും രാജ്യത്തെ പരമോന്ന കോടതികള്‍ നാള്‍ക്കുനാള്‍ അന്വര്‍ഥമാക്കുന്നുവെന്നതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് ബാബരി കേസില്‍ ഒടുവിലുണ്ടായ രണ്ടു കോടതി വിധികള്‍.
ഭരണകൂട ഉപജാപങ്ങളുടെ ഇരുട്ടറകളില്‍ നിന്നുണ്ടാവുന്ന തീര്‍പ്പിനപ്പുറം ലോകാധിനാഥനില്‍ നിന്നുള്ള സത്യത്തിന്റെ അന്തിമ വിധിയും വിജയവുമുണ്ടാവുമെന്ന പ്രതീക്ഷ മാത്രമാണ് ബാബരിയുടെ സങ്കടങ്ങള്‍ക്കുള്ള സമാധാനം. ആ പ്രത്യാശയാണ് ഈ ബാബരി ദിനത്തിലും പ്രാര്‍ഥനയും പ്രതിജ്ഞയുമായി മുഴങ്ങുന്നത്.