പി സി അബ്ദുല്ല
കോഴിക്കോട്: ഹിന്ദുത്വ ഭീകരതയ്ക്ക് മുന്നില്‍ രാജ്യത്തിന്റെ മുഖമുടഞ്ഞുപോയ ബാബരി ദുരന്തസ്മരണകള്‍ക്ക് ഇന്ന് 29 ആണ്ട്. ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തിലൂടെ നിര്‍ഭയ ജനാധിപത്യവും മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയില്‍ പുനസ്ഥാപിക്കപ്പെടണമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി. രണ്ടുവര്‍ഷം മുമ്പത്തെ അന്യായ വിധിയിലൂടെ പരമോന്നത നീതിപീഠം ബാബരിയുടെ വിശുദ്ധ മണ്ണ് അതിക്രമകാരികള്‍ക്ക് തീറെഴുതിക്കൊടുത്തതോടെ രാജ്യത്ത് ഭരണഘടന വിഭാവനം ചെയ്ത നീതിയുടെയും മൂല്യങ്ങളുടെയും വിളക്കുമാടങ്ങള്‍ തന്നെയാണ് അണഞ്ഞുപോയത്.
വര്‍ഗീയ ഫാഷിസത്തിനും ആക്രമണോല്‍സുക ഹിന്ദുത്വത്തിനുമെതിരായ ഓര്‍മപ്പെടുത്തലാണ് ഒരോ ബാബരി ദിനവും. ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്തിത്വവും അഭിമാനവും അവകാശങ്ങളും സ്വാസ്ഥ്യവുമാണ് 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിലൂടെ തകര്‍ക്കപ്പെട്ടത്. 1949 ഡിസംബര്‍ 22ന് ഇശാ നമസ്‌കാരം കഴിഞ്ഞ് ഇമാം പോയ ശേഷം 60ഓളം ഹിന്ദുത്വര്‍ അതിക്രമിച്ചുകയറി പള്ളിയുടെ മിഹ്‌റാബിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ചത് മുതലുള്ള അതിക്രമങ്ങള്‍. വെറുപ്പിന്റെയും വംശീയ വിദ്വേഷത്തിന്റെയും രക്തപങ്കിലമായ നാള്‍വഴികള്‍..
നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത കേസില് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പടെ 13 പേര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം സുപ്രിംകോടതി പുനസ്ഥാപിച്ചുവെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല. വിചാരണ പോലെ പ്രഹസനമായി ആ വിധി പ്രസ്താവവും.
2010 സപ്തംബറില്‍ ബാബരിയുടെ മണ്ണ് മൂന്ന് വിഭാഗങ്ങള്‍ക്കായി വീതിക്കണമെന്ന അലഹാബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധിയും നീതിന്യായ ചരിത്രത്തിലെ വിരോധാഭാസമായി വിലയിരുത്തപ്പെട്ടു. 134 വര്‍ഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്കൊടുവില്‍ രണ്ടുവര്‍ഷം മുമ്പ് സുപ്രിംകോടതിയില്‍നിന്നുണ്ടായ അന്തിമവിധി ജുഡീഷ്യറിയിലര്‍പ്പിതമായ വിശ്വാസ്യതയെ മാത്രമല്ല കീഴ്‌മേല്‍ മറിച്ചത്. രാജ്യത്തിന്റെയോ ജനാധിപത്യത്തിന്റെയോ ശാശ്വത സമാധാനത്തിലേക്കുള്ള തീര്‍പ്പോ ദിശാ സൂചികയോ ആയിരുന്നില്ല ബാബരി കേസിലെ അന്തിമവിധി. മറിച്ച്, രാജ്യത്തിന്റെ സാമൂഹിക സഹവര്‍തിത്വത്തിനും ജനാധിപത്യത്തിനും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വിധം ഹിന്ദുത്വ രാഷ്ട്രീയ വിധ്വംസക അജണ്ടകള്‍ക്ക് കൂടുതല്‍ പ്രേരണയും പ്രചോദനവുമേകുന്ന വിധിയാണ് ബാബരി കേസില്‍ സുപ്രിംകോടതിയില്‍നിന്നുണ്ടായത്.
അയോധ്യയുടെ പേരില്‍ നാളിതുവരെ മതഭീകരതയും ജനാധിപത്യ വിരുദ്ധതയുമായി കൂട്ടുചേര്‍ന്ന് നടപ്പിലാക്കപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയമാണ് ബാബരി കേസിലെ സുപ്രിംകോടതി വിധിയിലും മറനീങ്ങിയത്. 1528ല്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് എന്ന യാഥാര്‍ഥ്യം അവഗണിച്ച് അവിടെ ക്ഷേത്രമായിരുന്നു എന്ന അവകാശവാദത്തിന് അംഗീകാരം നല്‍കി ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതിലൂടെ മഥുരയും വാരാണസിയും കാശിയും മാത്രമല്ല, മുഗള്‍ ഭരണകാലത്തും ടിപ്പുവിന്റെ കാലത്തും പണിത പള്ളികളിന്‍മേലും താജ്മഹലിലുമൊക്കെ 'കര്‍സേവ'കളുടെയും അതിക്രമങ്ങളുടെയും സാധ്യതകളെ സാധൂകരിക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
മഥുരയിലെ ഈദ് ഗാഹ് മസ്ജിദിന് നേരേ ഹിന്ദുത്വര്‍ കൈയേറ്റശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കറുത്ത ഡിസംബറിന്റെ കരാള ഹസ്തങ്ങളിലമര്‍ന്ന ബാബരിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 29 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഹിന്ദുത്വ ഭീകരത മഥുരയിലെ ഈദ്ഗാഹ് മസ്ജിദിനു ചുറ്റും രാക്ഷസീയ ഭാവം പൂണ്ട് അലയുകയണ്.
ഇന്ന് ഈദ്ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. പള്ളി തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കെ ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ഹരജി മഥുര ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ നടപടിയിലൂടെ, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടുകയാണ് മഥുര ജില്ലാ കോടതി ചെയ്തത്.