യുഎപിഎ കേസിലും ജാമ്യം ബാധകമെന്ന് സുപ്രിം കോടതി; പോപുലര്‍ ഫ്രണ്ട് കേസിലാണ് വിധി

നേരത്തേ എന്‍ ഐഎ പ്രത്യേക കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് പറ്റ്‌ന ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെതിരേ ജലാലുദ്ദീന്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്.

Update: 2024-08-13 11:32 GMT

ന്യൂഡല്‍ഹി: 'ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണ്' എന്ന തത്ത്വം യുഎപിഎ പോലുള്ള കേസുകളിലും ബാധകമാണെന്ന് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് വീടിന്റെ മുകള്‍നില വാടകയ്ക്ക് കൊടുത്തെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചാണ് സുപ്രധാന വിധി. യുഎപിഎ പോലുള്ള പത്യേക കഠിന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലും 'ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണ്' എന്നകാര്യം ബാധകമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക,അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

    പറ്റ്‌ന ഫുല്‍വാരി ഷരീഫ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജലാലുദ്ദീന്‍ ഖാന്‍ എന്നയാള്‍ക്കാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തിനെതിരേ യുഎപിഎയിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അര്‍ഹതപ്പെട്ട കേസുകളില്‍ കോടതികള്‍ ജാമ്യം നിഷേധിക്കാന്‍ തുടങ്ങിയാല്‍ അത് മൗലികാവകാശങ്ങളുടെ ലംഘനമാവുമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാവാം, പക്ഷേ നിയമം അനുസരിച്ച് ജാമ്യത്തിനായി കേസ് പരിഗണിക്കുന്നത് കോടതിയുടെ കടമയാണ്. ജാമ്യം എന്നതാണ് നിയമം. ജയില്‍ അപവാദമാണ് എന്നത് പ്രത്യേക ചട്ടങ്ങള്‍ക്ക് പോലും ബാധകമാണ്. അര്‍ഹതപ്പെട്ട കേസുകളില്‍ കോടതികള്‍ ജാമ്യം നിഷേധിക്കാന്‍ തുടങ്ങിയാല്‍, അത് ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമായിരിക്കുമെന്നും വിധിപ്രസ്താവത്തില്‍ കോടതി ഊന്നിപ്പറഞ്ഞു.

    പറ്റ്‌ന ഫുല്‍വാരി ഷരീഫിലെ അഹമ്മദ് പാലസില്‍ ജലാലുദ്ദീന്‍ ഖാന്‍ വീടിന്റെ മുകള്‍നില വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാനും ക്രിമിനല്‍ ഗൂഢാലോചന യോഗങ്ങള്‍ നടത്താനും ഉപയോഗിച്ചെന്നാണ് എന്‍ ഐഎയുടെ ആരോപണം. ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും നടത്താനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കാനും ലക്ഷ്യമിട്ട് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ ഐഎ ആരോപിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് 2022 ജൂലൈ 11നാണ് ഫുല്‍വാരി ഷരീഫ് പോലിസ് ജലാലുദ്ദീന്‍ ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. നേരത്തേ എന്‍ ഐഎ പ്രത്യേക കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് പറ്റ്‌ന ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെതിരേ ജലാലുദ്ദീന്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്.

Tags:    

Similar News