ഭാരത് ബന്ദ്: കര്‍ഷക ഉപരോധം; റെയില്‍വേ, റോഡ് ഗതാഗതം സ്തംഭിപ്പിച്ചു
ഡല്‍ഹിയിലും അതിര്‍ത്തികളിലുമുള്ള ഹൈവേകള്‍ ഉപരോധിച്ചതോടെ റോഡ് ഗതാഗതവും പൂര്‍ണമായി സ്തംഭിച്ചു. നാഷണല്‍ ഹൈവേകളിലും മറ്റു പ്രധാന റോഡുകളിലും കര്‍ഷകര്‍ ഉപരോധം ഏര്‍പ്പെടുത്തി.
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഭാരത് ബന്ദ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി തുടരുന്നു. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ റെയില്‍വേ, റോഡ് ഗതാഗതം കര്‍ഷകര്‍ തടഞ്ഞു. 31 കേന്ദ്രങ്ങളില്‍ റെയില്‍വേ ഉപരോധങ്ങള്‍ നടക്കുന്നതിനാല്‍ റെയില്‍വേ ഗതാഗതം സ്തംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയെ ബാധിക്കുന്ന അംബാല, ഫിറോസ്പൂര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുമായി 31 കേന്ദ്രങ്ങളിലാണ് റെയില്‍വേ പാളങ്ങളില്‍ ഉപരോധം നടക്കുന്നത്. ബന്ധിനെ തുടര്‍ന്ന് നാല് ശതാബ്ദി ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ ട്വീറ്റ് ചെയ്തു.
പഞ്ചാബിലെ അമൃത്‌സറില്‍ സംഘടിച്ചെത്തിയ കര്‍ഷക പ്രക്ഷോഭകര്‍ റെയില്‍വേ പാളത്തില്‍ ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ ഈ വഴിയുള്ള ട്രെയിന്‍ ഗതാഗതവും നിലച്ചു.
ഡല്‍ഹിയിലും അതിര്‍ത്തികളിലുമുള്ള ഹൈവേകള്‍ ഉപരോധിച്ചതോടെ റോഡ് ഗതാഗതവും പൂര്‍ണമായി സ്തംഭിച്ചു. നാഷണല്‍ ഹൈവേകളിലും മറ്റു പ്രധാന റോഡുകളിലും കര്‍ഷകര്‍ ഉപരോധം ഏര്‍പ്പെടുത്തി.
ഗാസിപൂര്‍ അതിര്‍ത്തിയിലേക്കുള്ള രണ്ട് ഹൈവേകള്‍ അടച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചു. ബന്ദിനെ തുടര്‍ന്ന് ഗാസിപൂര്‍ അതിര്‍ത്തിയിലെ എന്‍എച്ച് 24ലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചതായി ഡല്‍ഹി പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഡല്‍ഹി പോലിസ് അറിയിച്ചു.