ഭാരത് ബന്ദ് പുരോഗമിക്കുന്നു; പലയിടത്തും ഉപരോധം, ലാത്തിച്ചാര്‍ജ്(വീഡിയോ)

Update: 2024-08-21 09:13 GMT

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്താനുള്ള സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് വിവിധ ദലിത്-ആദിവാസി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിഹാറില്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. കേരളത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ആദിവാസി-ദലിത് സംഘടനകള്‍ ഹര്‍ത്താലാചരിച്ചു. വാഹനങ്ങള്‍ തടയുകയോ കടകള്‍ അടപ്പിക്കുകയോ ചെയ്യില്ലെന്ന് ഇന്നലെ തന്നെ അറിയിച്ചതിനാല്‍ കേരളത്തില്‍ സാരമായി ബാധിച്ചിട്ടില്ല.


എസ് സി, എസ് ടി വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ (ക്രീമിലയര്‍) വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരേയാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഹാറിലെ ഷെയ്ഖ്പുരയില്‍ ഭീം സേന പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉന്തയില്‍ റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതി ദേശീയപാത 83 ഉപരോധിച്ചു. ജഹാനാബാദില്‍ ബന്ദ് അനുകൂലികളും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രതിഷേധക്കാര്‍ അറായില്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആഗ്ര ധനോലിയില്‍ പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു. പട്‌നയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി), ഇടത് പാര്‍ട്ടികള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം), കോണ്‍ഗ്രസ്, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, എസ് ഡിപി ഐ തുടങ്ങിയ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Tags:    

Similar News