ദേശീയ പണിമുടക്ക്: ജനജീവിതം സ്തംഭിച്ചു; ബംഗാളില്‍ ട്രെയിന്‍ തടഞ്ഞ് സമരക്കാര്‍, കേരളത്തിലും വാഹനങ്ങള്‍ തടയുന്നു

Update: 2022-03-28 06:38 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. ബസ്, ടാക്‌സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണമായും നിശ്ചലമായി. മലപ്പുറം മഞ്ചേരിയിലും തിരുവനന്തപുരം പ്രാവച്ചമ്പലത്തും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. എടവണ്ണപ്പാറയില്‍ കടകള്‍ ബലമായി അടപ്പിച്ചു. ഇവിടെ പോലിസ് എത്തി. ഡല്‍ഹിയിലെ കേരള ഹൗസിലും പണിമുടക്കുണ്ട്. ഇവിടെ അത്യാവശ്യ വിഭാഗത്തിലുള്ളവര്‍ മാത്രമാണ് ജോലിക്കെത്തിയത്. രാജ്യത്തെ മഹാനഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. ഡല്‍ഹിയിലും കര്‍ണാടകയിലും അടക്കം ജനജീവിതം സാധാരണ രീതിയില്‍ മുന്നോട്ടുപോവുകയാണ്.

മുംബൈയില്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ടെങ്കിലും ഓഫിസുകളും കടകമ്പോളങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലുമാണ് പ്രതിഷേധം ശക്തമാകുന്നത്. കൊല്‍ക്കത്തയില്‍ ട്രെയിന്‍ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തിലും ബംഗാളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ വ്യാപാര, ഗതാഗതമേഖല സ്തംഭിച്ച അവസ്ഥയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പണിമുടക്ക് പൂര്‍ണമാണ്. കോട്ടയത്ത് കെഎസ്ആര്‍ടിസി ഒരു സര്‍വീസും നടത്തുന്നില്ല.

കടകളും തുറന്നില്ല. മെഡിക്കല്‍ കോളജിലെത്തുന്നവരുടെ എണ്ണത്തിലും കുറവാണ്. വാഹനങ്ങള്‍ ഓടുന്നുണ്ട്. പത്തനംതിട്ടയില്‍ നിരത്തുകളില്‍ വാഹനങ്ങള്‍ ഇല്ല. കച്ചവട സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല. കെഎസ്ആര്‍ടിസി ഒരു സര്‍വീസും നടത്തുന്നില്ല. ഇടുക്കിയിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഒന്നും ഇല്ല. തോട്ടം തൊഴിലാളികളും പണിമുടക്കിലാണ്. കടകള്‍ ഒന്നും തുറന്നിട്ടില്ല. ഇരുചക്രവാഹനങ്ങളും ചുരുക്കം സ്വകാര്യവാഹനങ്ങളും മാത്രമാണ് ഓടുന്നത്. ട്രെയിന്‍ തടയല്‍, റോഡ് ഉപരോധിക്കല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളാണ് ബംഗാളില്‍ നടക്കുന്നത്.

കൊല്‍ക്കത്ത, ഭുവനേശ്വര്‍, മുംബൈ തുടങ്ങിയിടങ്ങളില്‍ സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഈ നഗരങ്ങളെ പൂര്‍ണമായും ബാധിച്ചിട്ടില്ല. ഇന്‍കം ടാക്‌സ് ഓഫിസുകള്‍, ബാങ്ക് തുടങ്ങിയ പലതരത്തിലുള്ള മേഖലയിലെ ജീവനക്കാര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഈ മേഖലകള്‍ സ്തംഭിപ്പിച്ച് കൊണ്ടുള്ള ഒരു സമരത്തിലേക്ക് ഇതുവരെ പോയിട്ടില്ല. കര്‍ണാടകയില്‍ ജനജീവിതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഓഫിസുകള്‍ പലതും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

പാല്‍, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്രയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ബിഎംഎസ് ഒഴികെ 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരേ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസം പണിമുടക്കിയ സാഹചര്യത്തില്‍ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്നാണ് മല്‍സ്യത്തൊഴിലാളി യൂനിയനുകളുടെ തീരുമാനം. 29ന് വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്.

Tags:    

Similar News