ബിഹാര്‍ തിരഞ്ഞെടുപ്പ്: ഫാഷിസത്തിനെതിരെ ജനാധിപത്യ കക്ഷികളുടെ മൂന്നാംമുന്നണി
പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി), ചന്ദ്ര ശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ബഹുജന്‍ മുക്തി പാര്‍ട്ടി (ബിഎംപി) എന്നീ പാര്‍ട്ടികളാണ് ജനാധിപത്യ സംഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്.
പട്‌ന: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫാഷിസത്തിനെതിരെ ജനാധിപത്യ കക്ഷികളുടെ മൂന്നാംമുന്നണി നിലവില്‍ വന്നു. പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന പേരിലാണ് സഖ്യം രൂപീകരിച്ചത്.
പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി), ചന്ദ്ര ശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (എഎസ്പി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ബഹുജന്‍ മുക്തി പാര്‍ട്ടി (ബിഎംപി) എന്നീ പാര്‍ട്ടികളാണ് ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്. കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്ന് നേതാക്കള്‍ പട്‌നയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീവ്രവലതുപക്ഷ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ മര്‍ദിത ജനതയുടെയും ജനാധിപത്യവാദികളുടെയും മുന്നേറ്റമായി പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് മാറുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫാഷിസത്തിനെതിരായ വിശാല താല്‍പര്യം മുന്‍നിര്‍ത്തി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, എല്‍ജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളേയും സഖ്യത്തില്‍ ചേരാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും പപ്പു യാദവ് പറഞ്ഞു. കൊവിഡ് വ്യാപനത്തിനെതിരേ പോരാടാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വേണ്ടത്ര ശ്രമിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ സേവിക്കുന്നതിനുപകരം നിതീഷ് കുമാര്‍ അധികാരത്തിന് അടിമയായി മാറിയെന്നും യാദവ് പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാവാനാണ് താന്‍ സഖ്യത്തിനൊപ്പം നല്‍ക്കുന്നതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ജെഎപി ദേശീയ അധ്യക്ഷന്‍ പപ്പു യാദവ്, ആസാദ് സമാജ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ചന്ദ്ര ശേഖര്‍ ആസാദ്, ബിഎംപി ദേശീയ പ്രസിഡന്റ് വി എല്‍ മത്താങ്, എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം അഹമ്മദ് റഹ്മാനി എന്നിവര്‍ പട്‌നയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.